വാഷിങ്ടണ്‍: അമേരിക്കയിലെ കൊളറാഡോയില്‍ മരിജുവാന (ഒരു തരം കഞ്ചാവ്) വില്പന നിയമപരമാക്കി ഉത്തരവിട്ടു. ഇനി മുതല്‍ 21 വയസ്സു തികഞ്ഞവര്‍ക്ക് അംഗീകൃത വിതരണ കേന്ദ്രങ്ങള്‍ വഴി കഞ്ചാവ് ലഭിക്കും. ഒരാള്‍ക്ക് 28 ഗ്രാം (ഒരു ഔണ്‍സ്) മരിജുവാനയാകും ആദ്യം ഘട്ടത്തില്‍ നല്‍കുക.
മരിജുവാന വിതരണത്തിനായി 348 ചില്ലറ വില്പന കേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നത്. കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തിനാണ് കൊളറാഡോ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത മുന്‍സൈനികനായ സീന്‍ അസ്വാരിതിക്കാണ് നിയമപരമായ വില്പനയിലൂടെ ആദ്യമായി മരിജുവാന ലഭിച്ചത്. മരിജുവാന ആദ്യം വാങ്ങാനായത് തനിക്കു കിട്ടിയ അംഗീകാരമാണെന്നും വില്‍പ്പന മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിനു മുന്നോടിയായുള്ള നാഴികക്കല്ലായി ഇതിനെ കാണുന്നുവെന്നും സീന്‍ അസ്വാരിതി പറഞ്ഞു.
കൊളറാഡോയിലും വാഷിങ്ടണിലും മരിജുവാന നിയമപരമാക്കുന്നതിന്റെ നടപടികള്‍ 2012 നവംബറില്‍ തന്നെ അമേരിക്ക തുടങ്ങിയിരുന്നു. എന്നാല്‍ വ്യാപാരകേന്ദ്രങ്ങള്‍ വഴി വില്പന നടത്തുന്നതിനുള്ള നിരോധനം ഇപ്പോഴാണ് എടുത്തുമാറ്റിയത്. മരിജുവാന വില്പനയിലൂടെ വര്‍ഷം 6.7 കോടി ഡോളര്‍ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ മരിജുവാന വില്‍പ്പനക്കെതിരെ പ്രതിഷേധം ശക്തമാണ്. യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരിക്കടിമപ്പെടുമെന്നും ശാരീരിക മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പു നല്കുന്നു.
അമേരിക്കയില്‍ 19 സംസ്ഥാനങ്ങളില്‍ മരിജുവാന ഉപയോഗം നിയമപരമാണ്. വാഷിങ്ടണില്‍ ജൂണോടെ മൂന്നുറിലധികം വിതരണകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നടപടികളിലാണ്. ഉറുഗ്വായ് ഈ അടുത്ത് മരിജുവാനയുടെ വിതരണവും ഉല്പാദനവുമടക്കം നിയമവിധേയമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: