കറുത്തവര്‍ഗ്ഗക്കാരുടെ മോചകനായി മാറിയ ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ മരണമാണ് 2013-ലെ കറുത്ത മുദ്ര. ചുവപ്പന്‍ പാര്‍ട്ടിയുടെ രാജ്യമായ ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ബോസിലേയ്ക്ക് കൈക്കൂലിക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതും അമേരിക്കയുടെ ചാര പ്രവര്‍ത്തനം ലോകത്തിനു മുന്നില്‍ സ്നോഡന് തുറന്നു കാണിച്ചതും കടന്നു പോകുന്ന വര്‍ഷത്തെ വമ്പന്‍ വാര്‍ത്തകളായി. ഫിയാന് ചുഴലിക്കൊടുങ്കാറ്റ് വിതച്ച വന്‍ ദുരന്തത്തിന്റെ ദുഃഖവും അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ നവാസ് ഷെരീഫ് മൂന്നാം വട്ടം പ്രധാനമന്ത്രിയായതും സുപ്രധാന സംഭവങ്ങള്‍. എന്നാല്‍, ഭീകരതക്കെതിരേ ലോകം പോരാടുമ്പോഴും അല്‍ഖ്വയ്ദയുടെ ലോക വ്യാപകമായ സാന്നിദ്ധ്യം സക്രിയമാകയതും, ഇനിയും കരകയറാനാവാത്ത സാമ്പത്തിക പതനത്തില്‍ വീണ അമേരിക്കയിലെ സ്ഥിതിവിശേഷമാണ് 2013-നെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന പ്രധാന സംഭവങ്ങള്‍.
ഹ്യൂഗോ ഷാവേസ് മരണമടഞ്ഞു
ഇടതുപക്ഷ ആഭിമുഖ്യമുള്ള ബൊളീവിയന്‍ വിപ്ലവം എന്ന ആശയം വെനിസ്വലേയില്‍ നടപ്പാക്കാന്‍ ശ്രമിച്ച ഭരണാധികാരി വെനിസ്വലന്‍ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസ് മാര്‍ച്ച് അഞ്ചിന് മരണത്തിന് കീഴടങ്ങി. ജനാധിപത്യ സോഷ്യലിസ്റ്റ് ഭരണരീതികൊണ്ടും, അമേരിക്കന്‍ ഭരണകൂടത്തിനെതിരെ നടത്തുന്ന വിമര്‍ശനം കൊണ്ടും ലോക ശ്രദ്ധ നേടിയ നേതാവായിരുന്നു ഷാവേസ്.
പോപ് ബെനിഡിക്റ്റ് 16-ാമന്‍ ഒഴിഞ്ഞു
ലോകത്തില്‍ ഏറ്റവും ചര്‍ച്ചാ വിഷയമായ സംഭവമാണ് മാര്‍പ്പാപ്പ ബെനിഡിക്റ്റ് 16-ാമന്‍ സ്ഥാനം ഒഴിഞ്ഞതും പോപ്പ് ഫ്രാന്‍സിസ് സ്ഥാനാരോഹിതനായതും. ഫെബ്രുവരി 11 നാണ് മാര്‍പ്പാപ്പ സ്ഥാനം ഒഴിയുകയാണെന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. 2013 മാര്‍ച്ച് 13നാണ് പോപ്പ് ഫ്രാന്‍സിസ് കത്തോലിക്കാസഭയുടെ 266-ാമത് മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് അനുഭാവം പ്രകടിപ്പിക്കാറുള്ള ഫ്രാന്‍സിസ് വിശ്വാസികളുടെ വിമര്‍ശനത്തിന് ഇതിനോടകം തന്നെ പാത്രമായി.
നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രി
പാക്കിസ്ഥാന് പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടത് മെയ് 11 നാണ്. മൂന്നാം തവണയും പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ നേതാവാണ് ഷെരീഫ്. 1990 മുതല്‍ 93 വരെ ആദ്യഘട്ടത്തില്‍ പാക്കിസ്ഥാന്റെ ഭരണസാരഥിയായ ഷെരീഫ് പിന്നീട് 1997 ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയപ്പോഴായിരുന്നു പാക് രാഷ്ട്രീയത്തിലും ഷെരീഫിന്റെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമായ സംഭവങ്ങളുണ്ടായത്. പാക്കിസ്ഥാന് അണുപരീക്ഷണം നടത്തുന്നതും, കാര്‍ഗിലില്‍ യുദ്ധ സാഹസത്തിന് മുതിര്‍ന്ന് പരാജയമേറ്റുവാങ്ങിയതും ഇക്കാലയളവിലായിരുന്നു.
അമേരിക്കയെ കുടുക്കി സ്നോഡന്
അമേരിക്കയുടെ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എ വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ ഫോണ്‍, ഇ മെയില്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വിവരം സ്നോഡന് ദിനപത്രം വഴി പുറത്ത് വിട്ടു. എന്‍എസ്എയുടെ മുന്‍ കരാര്‍ ജീവനക്കാരനായിരുന്നു എഡ്വേര്‍ഡ് സ്നോഡന്. വിവരം പുറത്ത് വിട്ടതിനെ തുടര്‍ന്ന് സ്നോഡന് അമേരിക്കയില്‍ നില്ക്കാനാവാതെ പലായനം വേണ്ടിവന്നു. ജൂണ്‍ 23നാണ് സ്നോഡന് റഷ്യയില്‍ രാഷ്ട്രീയാഭയം തേടിയത്. ദിവസങ്ങളോളം വിമാനത്താവളത്തില്‍ ചെലവഴിച്ചതിന് ശേഷമാണ് സ്നോഡന് റഷ്യ താത്ക്കാലിക അഭയം നല്‍കിയത്. സ്നോഡന് പുറത്തു വിട്ട വിവരങ്ങള്‍ അമേരിക്കയോട് ലോകരാജ്യങ്ങുടെ പ്രതിഷേധത്തിന് കാരണമായി. സഖ്യകക്ഷികള്‍ പോലും അമേരിക്കക്കെതിരെ രംഗത്ത് വന്നു.
ഇറ്റലിയിലെ നാണക്കേട്
മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്ലുസ്കോണിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. നികുതി വെട്ടിപ്പാണു കേസ്. ഇറ്റലിയുടെ ചരിത്രത്തില്‍ ഏറ്റവു അധികകാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് ബര്‍ലുസ്കോണി. ലൈംഗിക ആരോപണത്തിലും സാമ്പത്തിക കുറ്റങ്ങളിലും പെട്ട ബര്‍ലുസ്കോണി 2011 നവംബറില്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികവേഴ്ച്ചയ്ക്ക് നിര്‍ബന്ധിച്ചുവെന്ന കുറ്റവും പ്രധാനമന്ത്രിയായിരിക്കെ ബെര്‍ലുസ്കോണിക്കെതിരെ ഉയര്‍ന്നിരുന്നു.
മുസ്ലീം ബ്രദര്‍ഹുഡിനെ നിരോധിച്ചു
2013 ജൂലൈ നാലിന് ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പുകള്‍ ഈജിപ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്തച്ചൊരിച്ചിലിനാണ് 2013 സാക്ഷ്യം വഹിച്ചത്. ചുരുങ്ങിയ ആഴ്ച്ചകള്‍ കൊണ്ട് തന്നെ 1000ത്തോളം പേര് സംഘര്‍ഷത്തില്‍ മരണപ്പെട്ടു. ഇതിനെല്ലാം പുറമെ മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി വിധിച്ച് സൈന്യം നിരോധിച്ചു.
സിറിയയില്‍ രാസായുധാക്രമണം
സിറിയയില്‍ സര്‍ക്കാര്‍ സൈന്യം വിമതര്‍ക്ക് നേരെ നടത്തിയ രാസായുധാക്രമണത്തില്‍ നൂറുകണക്കിനു പേര് മരിച്ചു. ആഗസ്റ്റ് 21 നാണ് ലോകത്തെ നടുക്കിയ സംഭവം നടന്നത്. സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമത സ്വാധീനമുള്ള മേഖലയിലാണ് രാസായുധം പ്രയോഗിക്കപ്പെട്ടത്. സരിന് എന്നറിയപ്പെടുന്ന ഭയാനകമായ രാസവസ്തുവാണ് ആക്രമണത്തിനായി സൈന്യം തെരഞ്ഞെടുത്തത്. വിഷപ്പുക ശ്വസിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണത്തിനാളുകളാണ് മരണപ്പെട്ടത്.
ബോ സിലായിക്ക് ജീവപര്യന്തം
ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ബോസിലേയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ബോ സിലേക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് ശിക്ഷ. കൈക്കൂലി, അധികാരദുര്‍വിനിയോഗം, ധനാപഹരണം എന്നിവയാണ് ബോയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ബോ വിചാരണ നേരിടുകയാണ്. 2013 ബോയുടെ വിധിക്ക് സാക്ഷ്യം വഹിച്ചു. വിചാരണയ്ക്കിടെ അനധികൃതമായി 26.8 മില്യണ്‍ യുവാന്‍ സമ്പാദിച്ചു എന്ന ആരോപണത്തെ ബോ ശക്തിയുക്തം എതിര്‍ത്തെങ്കിലും തെളിവുകള്‍ അദ്ദേഹത്തിന് എതിരാവുകയായിരുന്നു. കൈക്കൂലിക്കേസില്‍ ജീവപര്യന്തവും പണാപഹരണക്കേസില് 15 വര്‍ഷവും അധികാര ദുര്‍വിനിയോഗത്തിന് ഏഴു വര്‍ഷവുമാണ് ശിക്ഷ. ബോയുടെ സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ബോയ്ക്കെതിരെ ചുമത്തിയ കൈക്കൂലിക്കേസുകള്‍ അദ്ദേഹത്തിന് വധശിക്ഷ ലഭിക്കാന്‍ പര്യാപ്തമാണ്.
നെയ്റോബിയിലെ ഭീകരാക്രമണം
നെയ്റോബിയിലെ ഷോപ്പിങ് മാളില്‍ സൊമാലിയന്‍ ഭീകരവാദി ആക്രമണം. അല്‍ഖ്വയ്ദ ബന്ധമുള്ള സൊമാലിയന്‍ തീവ്രവാദി സംഘടന അല്‍ ഷബാബാണ് ഷോപ്പിങ് മാള്‍ ആക്രമിച്ചത്തിന് പിന്നില്‍. ആക്രമണത്തില്‍ 67 പേര് മരിക്കുകയും 175 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെനിയയിലെ പ്രമുഖ കവി പ്രൊഫ. കോഫി അവനോറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
യുഎസില്‍ സാമ്പത്തിക അടിയന്തരാവസ്ഥ
അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചതോടെ പത്ത് ലക്ഷത്തോളം തൊഴിലാളികള്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിച്ചു. ഒബാമയുടെ സ്വപ്നപദ്ധതിയായ ആരോഗ്യപരിരക്ഷാ ഒഴിവാക്കാതെ ബജറ്റ് പാസാക്കില്ലെന്ന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിടിവാശി അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കി. അതേ സമയം നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തയ്യാറായില്ല. നിലപാട് കടുത്തതോടെ 17 വര്‍ഷത്തിനു ശേഷം അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങി. ഇതോടെ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ഇരുസഭകള്‍ ഭാഗികമായും അവശ്യ സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ ഒഴികെ മറ്റു സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടു. സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്.
ഹയാന്റെ താണ്ഡവം
മധ്യ ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ഹയാന് എന്നു പേരിട്ട ചുഴലിക്കൊടുങ്കാറ്റ് ആയിരക്കണക്കിന് പേരുടെ ജീവനെടുത്തു. നവംബര്‍ എട്ടിനായിരുന്നു ഹയാന് താണ്ഡവം. 235 എംപിഎച്ച് വേഗതയിലാണ് ഹയാന് ഫിലിപ്പൈന്‍സിന്റെ തീരത്തിലൂടെ വീശിയടിച്ചത്. ഹയാന് കടന്നുപോയത് പ്രദേശങ്ങളില്‍ 70 മുതല്‍ 80 ശതമാനം വരെ നാശം വിതച്ചു കൊണ്ടാണ്. 330,900 പേരെ ഭവനരഹിതരാക്കി. കൂടാതെ 4.3 ദശലക്ഷമാളുകളെ ദുരന്തം പ്രതികൂലമായി ബാധിച്ചുവെന്നുമാണ് യുഎന്‍ ഏജന്‍സി പറഞ്ഞത്. ഹയാന് വിതച്ച നാശം കോടികളുടേതായിരുന്നു. പല ഗ്രാമങ്ങളും ഒറ്റപ്പെടുകയും വെള്ളം കയറുകയും ചെയ്തു. റോഡുകള്‍ പാലങ്ങള്‍, വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ പൂര്‍ണ്ണമായി തകര്‍ന്നു.
റൂഹാനിയുടെ ആണവപദ്ധതി നേട്ടമായി
ഹസന് റൂഹാനി ഇറാന്റെ ഏഴാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 51 ശതമാനം വോട്ടുകള്‍ നേടിയാണ് ഹസന് റൂഹാനി ഇറാന്റെ പ്രസിഡന്റ് പദവിയിലെത്തിയത.് ആണവപരീക്ഷണങ്ങളുടെ പേരില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിശിത വിമര്‍ശനത്തിന് പാത്രമായ ഇറാന്റെ നയതന്ത്രബന്ധങ്ങള്‍ നന്നാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഹസന് റൂഹാനി എന്ന 64കാരന് ഏറ്റെടുത്തത്.
മണ്ടേലാ യുഗത്തിന്റെ അവസാനം
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ ജേതാവുമായ നെല്‍സണ്‍ മണ്ടേല അന്തരിച്ചതാണ് 2013ന്റെ അവസാനം ലോകത്തിലെ പ്രധാന സംഭവം. ജോഹന്നാസ് ബര്‍ഗിലെ വസതിയിലായിരുന്നു മണ്ടേലയുടെ അന്ത്യം. നെല്‍സണ്‍ റോലിഹ്ലാല മണ്ടേല എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ് പ്രവിശ്യയിലെ ഉംടാട ജില്ലയിലെ മവേസോ ഗ്രാമത്തില്‍ 1918 ജൂലായ് 18 നാണ് മണ്ടേല ജനിച്ചത്. മഹാത്മാ ഗാന്ധിയില്‍നിന്ന് ആദര്ശാവേശം ഉള്‍ക്കൊണ്ട് കറുത്തവര്‍ഗക്കാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതം മാറ്റി വെച്ച ഇതിഹാസപുരുഷനാണ് മണ്ടേല. വര്‍ണവിവേചനത്തിനെതിരേ നടന്ന സമരത്തിന്റെ മുന്നണിപ്പോരാളിയായ മണ്ടേല വെള്ളക്കാര്‍ വിധിച്ച 27 വര്‍ഷം ജയില്‍ ശിക്ഷക്ക് ശേഷം 1990 ലാണ് ജയില്‍ മോചിതനായത്. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച 2010ലെ ലോകകപ്പ് ഫുട്ബോളാണ് അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്.
എസ്.ജെ. ഭൃഗുരാമന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: