ദേശീയ രാഷ്ട്രീയത്തില്‍ 128 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് കടന്നുപോയ വര്‍ഷമാണ് 2013. അഴിമതിക്കഥകള്‍ ശ്വാസം മുട്ടിച്ച ഇന്ത്യന്‍ ജനത പ്രതികരിച്ചു തുടങ്ങുന്നതിന്റെ കാഴ്ചകളോടെ 2012 മടങ്ങിയെങ്കില്‍ ജനരോഷത്തിന്റെ കാഠിന്യം അധികാര ഗര്‍വ്വില്‍ മതിമറന്ന ഭരണാധികാരി വര്‍ഗ്ഗത്തെ ശരിക്കറിയിച്ചത് ഈ വര്‍ഷമാണ്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്ന പ്രസ്ഥാനമായ കോണ്‍ഗ്രസിനെ കേന്ദ്രീകരിച്ചു തന്നെയാണ് 2013 അവസാനിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്രമോദിയെന്ന നേതാവിന്റെ അശ്വമേധത്തിനും ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളെന്ന വിവരാവകാശ പ്രവര്‍ത്തകന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അപ്രതീക്ഷിത പ്രയാണത്തിനും വര്‍ഷം സാക്ഷിയായി. ഒപ്പം കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുള്ള രാഹുല്‍ഗാന്ധിയുടെ നിശബ്ദ യാത്രയ്ക്കും.
കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തെ വേദനിപ്പിച്ചു മടങ്ങിയ ദല്‍ഹിയിലെ പെണ്‍കുട്ടി ഉയര്‍ത്തിവിട്ട പ്രക്ഷോഭ കൊടുങ്കാറ്റില്പ്പെട്ടുലഞ്ഞ ദല്‍ഹിയിലെ അധികാര കേന്ദ്രങ്ങള്‍ വര്‍ഷം അവസാനിക്കുമ്പോഴേക്കും നിലംപതിച്ചത് പുതിയ സന്ദേശമാണ് നല്‍കുന്നത്. അണ്ണാ ഹസാരെ ഉയര്‍ത്തിവിട്ട ജനരോഷത്തിനു മുന്നില്‍ അമ്പരന്ന ഭരണകൂടം അതിനെ ഇല്ലാതാക്കാനായി നടത്തിയ ശ്രമങ്ങള്‍ ആംആദ്മി പാര്‍ട്ടിയുടെ പിറവിയിലേക്കും ഒടുവില്‍ പതിനഞ്ചുവര്‍ഷം കാത്തുസൂക്ഷിച്ച ദല്‍ഹിയിലെ ഭരണനഷ്ടത്തിലേക്കും വഴിമാറിയത് നിസ്സഹായരായി നോക്കിനില്ക്കാന് മാത്രമേ കോണ്‍ഗ്രസിനു കഴിഞ്ഞുള്ളൂ.
നീണ്ട ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ബിജെപിക്ക് രാഷ്ട്രീയമായി ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമാണിത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള വളര്‍ച്ചയും ദേശീയ പ്രസ്ഥാനങ്ങള്‍ കേന്ദ്രത്തിലെ ജനദ്രോഹ സര്‍ക്കാരിനെതിരായി ഉണര്‍ന്നതും ശ്രദ്ധേയമായി. മെയില്‍ ഗോവയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ 2014ലെ പൊതു തെരഞ്ഞെടുപ്പിന്റെ മുഖ്യപ്രചാരണായുധമായി മാറിയ മോദി രണ്ടു മാസങ്ങള്‍ക്കകം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിക്കപ്പെട്ടു. തുടര്‍ന്ന് രാജ്യമെങ്ങും ജനലക്ഷങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ റാലികളുമായി കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷത്തിന്റെ മുഖമുദ്രയായി നരേന്ദ്രമോദി മറിക്കഴിഞ്ഞിരിക്കുന്നു. നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെടുക്കാന്‍ ബിജെപിക്ക് സാധിച്ചു. കോണ്‍ഗ്രസിന്റെ കൈവശമിരുന്ന ദല്‍ഹി, രാജസ്ഥാന് സര്‍ക്കാരുകള്‍ അവര്‍ക്കു നഷ്ടമായപ്പോള്‍ ഛത്തീസ്ഗഢും മധ്യപ്രദേശും ബിജെപി നിലനിര്‍ത്തി. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് യാതൊരു പങ്കുമില്ലെന്ന കോടതി വിധിയോടെയാണ് വര്‍ഷം അവസാനിക്കുന്നത് എന്നത് തെരഞ്ഞെടുപ്പ് വര്‍ഷമായ 2014ല്‍ ബിജെപിക്ക് കൂടുതല്‍ കരുത്തുനല്കും.
അഴിമതിയാരോപണങ്ങളില്‍ പെട്ട് ആടിയുലഞ്ഞ കോണ്‍ഗ്രസിനേയും കേന്ദ്രസര്‍ക്കാരിനേയും ഉപേക്ഷിച്ച് സഖ്യകക്ഷികള്‍ പലതും 2013ല്‍ പടിയിറങ്ങി. തൃണമൂല്‍ കോണ്‍ഗ്രസ്സും ദ്രാവിഡ മുന്നേറ്റ കഴകവും കോണ്‍ഗ്രസിനോട് യാത്ര പറഞ്ഞപ്പോള്‍ സിബിഐ എന്ന ആയുധത്തെ ഉപയോഗിച്ച് സമാജ് വാദി പാര്‍ട്ടിയേയും ബിഎസ്പിയേയും കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചത് സര്‍ക്കാര്‍ നിലംപതിക്കാതിരിക്കാന്‍ ഉപകരിച്ചു. എങ്കിലും റെയില്‍വേ ബോര്‍ഡ് അഴിമതിക്കേസില്‍ റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സലും കല്‍ക്കരി അഴിമതിക്കേസില്‍ സിബിഐ റിപ്പോര്‍ട്ട് തിരുത്തിയ നിയമമന്ത്രി അശ്വിനികുമാറും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്നു.
കോടതികളും കേന്ദ്രസര്‍ക്കാരിനെ ഈ വര്‍ഷം വെറുതെ വിട്ടില്ല. കല്‍ക്കരി കേസ് അന്വേഷണത്തില്‍ ഇടപെട്ട കേന്ദ്രസര്‍ക്കാരിനെ പലവട്ടം വിമര്‍ശിച്ച സുപ്രീംകോടതി സിബിഐയെ സ്വതന്ത്രമാക്കാന്‍ നടത്തിയ കര്‍ശന നീക്കങ്ങളും വിജയത്തിലേക്കാണ് നീങ്ങുന്നത്. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുമെന്ന സുപ്രീംകോടതി വിധി ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കോടതി വിധിയെ ഇല്ലാതാക്കാന്‍ ഓര്ഡിനന്സിലടെ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളും അതിനെതിരെ ഉയര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധവും ഫലംകണ്ടു. സ്ത്രീപീഡനക്കേസുകളില്‍ കോടതികള്‍ കൂടുതല്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചതും 2013ന്റെ പ്രത്യേകതയാണ്. ഇറ്റാലിയന്‍ കടല്‍ക്കൊല കേസിലെ കോടതി നിലപാടുകളും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിച്ചു.
കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും ഏറ്റവും അധികം തവണ പരസ്യവിചാരണ ചെയ്യപ്പെട്ടത് പാര്‍ലമെന്റിലാണ്. ലോക്സഭയിലും രാജ്യസഭയിലും ന്യൂനപക്ഷമായ കോണ്‍ഗ്രസിന് പലപ്പോഴും പ്രതിപക്ഷത്തിന്റെ സഹായം തേടേണ്ടി വന്ന കാഴ്ച ഈ വര്‍ഷം കണ്ടു. 2ജി സ്പെക്ട്രം കേസ്, കല്‍ക്കരി അഴിമതിക്കേസ്,ഇറ്റാലിയന്‍ കടല്‍ക്കൊല കേസ്, അഗസ്ത വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ കേസ് തുടങ്ങിയ കേസുകളിലെല്ലാം പ്രതിപക്ഷ രോഷത്തിന്റെ ചൂടറിഞ്ഞ ദിനങ്ങളാണ് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ യുപിഎ സര്‍ക്കാരിന് നല്‍കിയത്.
ആന്ധ്രപ്രദേശ് സംസ്ഥാന വിഭജനം സൃഷ്ടിച്ച പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കാതെ തുടരുകയാണ്. തെലങ്കാനവാദികളും തെലങ്കാന രൂപീകരണത്തെ എതിര്‍ക്കുന്നവരും തമ്മിലുള്ള പ്രശ്നങ്ങളില്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് യാതൊരു ഫലവുമുണ്ടായില്ല. ഒടുവില്‍ കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന കാഴ്ചയ്ക്കും ഇന്ത്യന്‍ പാര്‍ലമെന്റ് സാക്ഷിയായി. ലോക്പാല്‍ ബില്ല്,ഭക്ഷ്യസുരക്ഷാ ബില്ല് തുടങ്ങിയവ പാസാക്കിയെടുക്കുന്നതിനു പ്രധാനപ്രതിപക്ഷമായ ബിജെപി കേന്ദ്രസര്‍ക്കാരിനു നല്കിയ പിന്തുണ ശ്രദ്ധേയമായി.
ദേശസുരക്ഷയ്ക്ക് സ്വീകരിച്ച തണുപ്പന്‍ നടപടികള്‍ പാക്-ചൈനീസ് സൈന്യങ്ങളുടെ തുടര്‍ച്ചയായ അതിര്‍ത്തി ലംഘനങ്ങള്‍ക്ക് വഴിതെളിച്ചപ്പോള്‍ നയതന്ത്ര രംഗത്തെ തിരിച്ചടികളും ദേശീയ രാഷ്ട്രീയത്തില്‍ യുപിഎ സര്‍ക്കാരിന് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. കോണ്‍ഗ്രസില്‍നിന്നും രാജ്യത്തെ രക്ഷിക്കൂ എന്ന നരേന്ദ്രമോദിയുടെ മുദ്രാവാക്യത്തിനനുകൂലമായ രാഷ്ട്രീയാന്തരീക്ഷമാണ് രാജ്യത്ത് സംജാതമായിക്കൊണ്ടിരിക്കുന്നത്. അടിയന്തിരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം രാജ്യത്തു സൃഷ്ടിക്കുന്നത് കോണ്ഗ്രസ്സണെന്നത് യാഥാര്‍ത്ഥ്യം. ജനങ്ങള്‍ അതിനെതിരെ പ്രതികരിക്കുന്നത് മുമ്പ് പലവട്ടം സംഭവിച്ചിട്ടുള്ളതാണെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് 2013ന് അവസാനിക്കുന്നത്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: