ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ബിജെപിയിലേക്ക് മടങ്ങുന്നു. കെജെപി, ബിജെപിയില്‍ ലയിക്കുകയാണെന്ന് യെദ്യൂരപ്പ ശിക്കാരിപുരയിലെ തന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ഇത് കെജെപി യുടെ അവസാനത്തെ പരിപാടിയാണ്. ജനുവരി ആദ്യവാരം നിങ്ങള്‍ക്ക് ഞാന്‍ മധുരമുള്ള ഒരു വാര്‍ത്ത തരും’ അദ്ദേഹം പറഞ്ഞു.
അനിവാര്യ കാരണങ്ങള്‍ കൊണ്ടാണ് ബിജെപി വിടേണ്ടി വന്നത്. ഉപാധികളില്ലാതെയാണ് പാര്‍ട്ടിയിലേക്ക് മടങ്ങുന്നതെന്നും, അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ ജന:സെക്രട്ടറി അനന്ത്കുമാര്‍ മുഖേന ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിംഗ് രണ്ടു ദിവസം മുന്‍പ് യെദ്യൂരപ്പയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് നടന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗ് ഏകകണ്ഠമായി യദ്യൂരപ്പയോട് പാര്‍ട്ടിയിലേക്ക് മടങ്ങി വരുവാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. പാര്‍ട്ടിയിലെ പിളര്‍പ്പ് 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ നഷ്ടങ്ങള്‍ക്ക് കാരണമായതായും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗണ്യമായ നേട്ടം കൈവരിക്കണമെങ്കില്‍ പാര്‍ട്ടി വിട്ടവരെ തിരികെ എത്തിക്കേണ്ടതുണ്ടെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി.
ജനുവരി രണ്ടിന് യെദ്യൂരപ്പയെ പാര്‍ട്ടി ഔദ്യോഗികമായി ക്ഷണിക്കും. ജനുവരി അഞ്ചിന് ക്ഷണം സ്വീകരിച്ചുകൊണ്ട് അദ്ദേഹം മറുപടി നല്‍കും. തുടര്‍ന്ന് മകരസംക്രാന്തി കഴിഞ്ഞ് ജനുവരി 15 ന് മധ്യ കര്‍ണ്ണാടകയിലെ ദാവണ്‍ഗരെയില്‍ വിപുലമായ
സമ്മേളനത്തില്‍ തന്റെ മുഴുവന്‍ അനുയായികള്‍ക്കും ഒപ്പം മാതൃസംഘടനയിലേക്ക് മടങ്ങും. ബിജെപിയുടെയും കര്‍ണ്ണാടകയിലെ പ്രമുഖ സമുദായമായ ലിംഗായതരുടെയും ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ദാവണ്‍ഗരെ. ഉപാധികളില്ലാതെയാണ് ബിജെപിയിലേക്ക് മടങ്ങുന്നതെന്നും എല്ലാ ജനങ്ങളും താന്‍ ബിജെപിയിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് മുക്ത ഭാരതത്തിനുള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം സ്വീകരിക്കുകയാണ് താന്‍. സംസ്ഥാനത്ത് പരമാവധി സീറ്റുകള്‍ നേടുകയെന്നത് തെന്റ ലക്ഷ്യവുമാണ്. യദ്യൂരപ്പ വിശദീകരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: