ഡര്ബന്: ജാക്വസ് ഹെന്‍ട്രി കാലിസ് ഒരു ടീം മാനായിരുന്നു. റെക്കോര്‍ഡുകളില്‍ കണ്ണുവയ്ക്കാതെ ടീമിനുവേണ്ടി പോരാടുന്നവന്. റെക്കോര്‍ഡുകളുടെ കൈവഴികള്‍ കാലിസിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കാലിസെന്ന നെഞ്ചുറപ്പുള്ള യോദ്ധാവ് എന്നും ടീമിനെ സ്നേഹിച്ചു. ടീം തിരിച്ച് കാലിസിനെയും. അപ്പോള്‍പ്പിന്നെ തങ്ങളുടെ പ്രിയ താരത്തെ ജയത്തോടെയല്ലാതെ മടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് എങ്ങനെയാവും. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ പത്തു വിക്കറ്റിന് നിലംപരിശാക്കി ഗ്രെയിം സ്മിത്തും സംഘവും ഗുരുപൂജയ്ക്ക് തുല്യമായ ആ കര്‍മ്മം നിര്‍വഹിച്ചു. വിജയപുഷ്പങ്ങള്‍ വിതറിയ വഴിയിലൂടെ കാലിസിലെ പ്രതിഭ ടെസ്റ്റ് ക്രിക്കറ്റിന്റെ വിഖ്യാതമായ കരിയറിനു വിരാമമിട്ട് തിരികെ നടന്നു.
രണ്ടാം ഇന്നിങ്ങ്സില്‍ ഇന്ത്യ വെറും 223 റണ്‍സിന് ഇടറിവീണതാണ് ആതിഥേയര്‍ക്ക് അത്രയൊന്നും പ്രതീക്ഷിക്കാത്ത ജയം സാധ്യമാക്കിയത്. സ്പിന്നര്‍ റോബിന് പീറ്റേഴ്സന് (4 വിക്കറ്റ്), സൂപ്പര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന് (3) , വെര്‍ണന്‍ ഫിലാന്‍ഡര്‍ (3) എന്നിവര്‍ അവസാന ദിനം ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദൗര്ബല്യങ്ങളിലേക്ക് ഊളിയിട്ടു. 58 റണ്‍സിന്റെ ലക്ഷ്യം സ്മിത്തും (27 നോട്ടൗട്ട്) അല്‍വിരോ പീറ്റേഴ്സനും (31 നോട്ടൗട്ട്) വിയര്‍പ്പൊഴുക്കാതെ എത്തിപ്പിടിക്കുകയും ചെയ്തു. അജിന്‍ക്യ രഹാനെ (96) പുറത്തെടുത്ത പോരാട്ടവീര്യമാണ് ഇന്ത്യയുടെ മാനം കാത്തത്. അല്ലെങ്കില്‍ ഇന്നിങ്ങ്സ് തോല്‍വിയുടെ കയ്പ്പുനീര് ധോണിപ്പട കുടിച്ചേനെ. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്ക 1-0ത്തിന് സ്വന്തമാക്കി. സ്റ്റെയ്ന് കളിയിലെ കേമന്‍; എബി ഡിവില്ലിയേഴ്സ് പരമ്പരയുടെ താരവും. ലോക ഒന്നാം നമ്പര്‍ പദവി ഊട്ടിയുറപ്പിക്കുന്നതുകൂടിയായി ദക്ഷിണാഫ്രിക്കയുടെ പരമ്പര ജയം. സ്കോര്‍: ഇന്ത്യ-334, 223. ദക്ഷിണാഫ്രിക്ക- 500, 59/0.
പതിവിനു വിപരീതമായി ഇന്നലെ ഡര്‍ബനിലെ മാനം ഇന്നലെ തെളിഞ്ഞു നിന്നു, കാലിസിന് ഉചിതമായ യാത്രയയപ്പ് നല്കാന് താനും ഒരുങ്ങിയെന്ന് പറയാതെ പറയും പോലെ. ബാറ്റിങ്ങിനും അനുകൂലമായിരുന്നു പിച്ച്. ഇന്ത്യയ്ക്ക് വേണമെങ്കില്‍ സമനില പിടിക്കാമായിരുന്നെന്ന് സാരം. പക്ഷേ, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ വിജയ തൃഷ്ണയ്ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ യുവ തുര്‍ക്കികള്‍ ചൂളിപ്പോയി.
രണ്ടിന് 68 എന്ന നിലയില്‍ കളിയാരംഭിച്ച ഇന്ത്യയെ സ്റ്റെയ്നിന്റെ അഗ്നിയൊളിപ്പിച്ച പന്തുകള്‍ തുടക്കത്തിലെ വേട്ടയാടി. ആദ്യ പതിനഞ്ചു മിനിറ്റിനുള്ളില്‍ വിരാട് കോഹ്ലിയെയും (11) ചേതേശ്വര്‍ പൂജാരയെയും (32) കൂടാരത്തിലെത്തിച്ചു സ്റ്റെയിന്. രോഹിത് ശര്‍മ (25) രണ്ടു ഫോറുകളും ഒരു സിക്സറും പറത്തി നല്ല ലക്ഷണംകാട്ടി. എന്നാല്‍ രോഹിത്തിനെ ഫിലാന്‍ഡര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി (15), രവീന്ദ്ര ജഡേജ (8), സഹീര്‍ ഖാന് (3) തുടങ്ങിയവരൊന്നും ചെറുത്തു നില്ക്കാന് പോലും മനസുകാട്ടിയില്ല. മൂവരും പീറ്റേഴ്സന്റെ സ്പിന്നിനെ വണങ്ങി.
കൂട്ടുകാരെല്ലാം മടങ്ങുമ്പോഴും ഒറ്റയാനെപ്പോലെ കുലുങ്ങാതെ നിന്ന രഹാനെയെ ഫിലാന്‍ഡ് ബൗള്‍ഡാക്കിയ നിമിഷം ഇന്ത്യന്‍ പ്രതിരോധത്തിന് അന്ത്യം. 11 ഫോറുകളും രണ്ടു സികസ്റും കുറിച്ച രഹാനെയുടെ സെഞ്ച്വറി നഷ്ടം ഇന്ത്യയുടെ മുറിവില്‍ ഉപ്പുപുരട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: