തിരുവനന്തപുരം: ഒരുകാലത്ത് ഇന്ത്യയ്ക്ക് മാതൃകയായി മാറിയ കേരള നിയമസഭയ്ക്ക് ഇന്ന് ആ മാതൃക അവകാശപ്പെടാനാവില്ലെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. നിയമസഭയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് കേരളനിയമസഭയില്‍ മാതൃകാപരമായ ചര്‍ച്ചകള്‍ നടന്നിരുന്നു.ഇന്നത്തെ നിയമസഭയ്ക്കു ആ മാതൃകയ്ക്ക് അര്‍ഹതപ്പെടാന്‍ അവകാശമില്ല.ഇന്ന് ചര്‍ച്ചകൂടാതെ ബില്ലുകള്‍ പാസ്സാക്കുന്നത് തലമുറകളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്.ഒരു വകുപ്പു പിഴച്ചാല്‍ മതിയാകും.കാലത്തിനു മുമ്പേ നടന്ന,മാറ്റങ്ങള്‍ക്ക് ആവശ്യമായ നിയമനിര്‍മ്മാണം നടത്തിയ സഭയാണ് ഈ വര്‍ഷം വെറും 37 ദിവസം സമ്മേളിച്ചത്.ഭരണപക്ഷവും പ്രതിപക്ഷവും സ്പീക്കറും ഇക്കാര്യത്തില്‍ കൂടിയാലോചിച്ച് മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുരോഗമനപരവും സാമൂഹ്യക്ഷേമപരവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളം ഇന്ത്യക്കു മാതൃകയായത്.ഇതിനുപരിയായി ഒരു കേരളമോഡല്‍ മാതൃകയായി രാജ്യത്തിനുനല്കാനും കഴിഞ്ഞു.ഇന്ന് കേരളം മാറുകയാണ്.ചെറുപ്പക്കാരുടെ സ്വപ്നവും ലക്ഷ്യവും ഇന്ന് മാറിപോയി.അവരുടെ ലക്ഷ്യം നേടികൊടുക്കണമെങ്കില് കൂടുതല്‍ തൊഴില്‍അവസരങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഉണ്ടാകണം.സ്വകാര്യ മേഖലയിലെ മുന്നേറ്റത്തോടൊപ്പം പൊതുമേഖലയിലും മുന്നേറ്റം വേണം.അതിവേഗവികസനത്തോടൊപ്പം സമത്വവും വേണം.വികസനത്തിന്റെ ഗുണഫലങ്ങളില്‍ സമത്വം വേണം.രണ്ടാമത്തെ കേരളമോഡല്‍ ഉണ്ടാവണം.2014 ലെ നിയമസഭാ വേളകളില്‍ ഇത് ചര്‍ച്ച ചെയ്യണം.ഇത് സംബന്ധിച്ച സംവാദങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ ശക്തി സഹിഷ്ണുതയും ചര്ച്ചയുമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ മാതൃക നിലനിര്‍ത്തുന്ന,ജനാധിപത്യത്തിന്റെ പാരമ്പര്യം ഉയര്‍ത്തുന്ന പ്രവര്‍ത്തനശൈലിയിലേക്കു നിയമസഭ മാറണം.നിയമങ്ങള്‍ ചര്‍ച്ച ചെയ്തു പാസ്സാക്കുന്നതു പ്രായോഗികമാവണമെങ്കില്‍ ഭരണക്ഷിയായാലും പ്രതിപക്ഷമായാലും സഹകരിച്ചാലേ പറ്റുകയുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാറിയ കാലഘട്ടത്തിനും ജീവിതത്തിനും അനുസൃതമായ രീതിയില്‍ കേരളത്തിനു മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ലെന്നു മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാന്ദന് പറഞ്ഞു.
അഴിമതി,വിലകയറ്റം,ഭരണരംഗത്തെ കെടുകാര്യസ്ഥത എന്നിവ വികസനരംഗത്തെ മുന്നോട്ടുള്ള സഞ്ചാരം തടസ്സപ്പെടുത്തുന്ന രീതിയിലാണ്.10000ത്തോളം ആദിവാസികള്‍ ഭൂരഹിതരാണ്.രണ്ടു മൂന്നു ദശകങ്ങള്‍ക്കുശേഷം കേരളം എങ്ങനെയായിരിക്കണമെന്നത് കണ്ടു കൊണ്ടുള്ള നിയമനിര്മാണമായിരിക്കണം നടക്കേണ്ടത്. ഇന്ന് ബില്ലുകളിന്മേല് ചര്‍ച്ചകള്‍ പോലും നടക്കുന്നില്ല.ജനാധിപത്യസംവിധാനത്തില്‍ പ്രതിപക്ഷശബ്ദവും സാംഗത്യവും അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, ഷിബു ബേബിജോണ്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്, എംഎല്‍എമാരായ ഇ.ചന്ദ്രശേഖരന്, മാത്യു ടി.തോമസ്, എ.എ.അസീസ്, എ.കെ.ശശീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ നിയമസഭാ സാമാജികരെയും ദീര്‍ഘകാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ടുചെയ്ത മാധ്യമപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. സ്പീക്കര്‍ ജി.കാര്ത്തികേയന് സ്വാഗതവും നിയമസഭാ സെക്രട്ടറി പി.ഡി.ഗംഗാധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: