തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ശാസ്ത്രസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ താല്പര്യം പ്രകടിപ്പിച്ചാല്‍ അവ വിട്ടുകൊടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഖ്യാത ഹൃദ്രോഗ വിദഗ്ധനും നാഷണല്‍ റിസര്‍ച്ച് പ്രൊഫസറും തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപക ഡയറക്ടറുമായ ഡോ.എം.എസ്.വല്യത്താന് മൂന്നാമത് കേരള ശാസ്ത്ര പുരസ്കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശില്പി കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും ഉള്‍പ്പെടുന്നതാണ് പുരസ്കാരം.
ശാസ്ത്ര സാങ്കേതിക വളര്‍ച്ചയ്ക്ക് വേണ്ടി കേരളം ചെയ്യുന്ന കാര്യങ്ങള്‍ ഇന്ത്യക്ക് അഭിമാനമായി മാറുന്നത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയാണ് കേന്ദ്രം ആദ്യം ഏറ്റെടുത്തത്. പ്രസ്തുത സ്ഥാപനം ഇന്ത്യയിലെ മുന്‍നിര ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നാണിപ്പോള്. സംസ്ഥാനത്തിനു കീഴിലുള്ള സെസ്സ് കേന്ദ്രത്തിനു കൈമാറാനുള്ള തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടു കഴിഞ്ഞു. മൂന്നാമതായി പാലോടുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കേന്ദ്രം താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായും ഇക്കാര്യത്തിലുള്ള തീരുമാനം ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് സംസ്ഥാനത്തിന് ഒട്ടേറെ പരിമിതികളുണ്ട്. നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്താല്‍ അവയുടെ വളര്‍ച്ചയ്ക്ക് അത് ഏറെ സഹായകമാകുമെന്നും സംസ്ഥാനത്തിന് ഒട്ടേറെ നേട്ടങ്ങള്‍ ഇതുമൂലമുണ്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവശാസ്ത്രജ്ഞരെ പ്രോല്‍സാഹിപ്പിക്കാന്‍ പുരസ്കാരങ്ങളിലൂടെയും സ്കോളര്‍ഷിപ്പുകളിലൂടെയും വേണ്ടതെല്ലാം സംസ്ഥാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിനെ തുടക്കം മുതല്‍ 20 വര്‍ഷക്കാലം നയിച്ച ഡോ. എം.എസ്. വല്യത്താന് അര്‍ഹിക്കുന്ന പുരസ്കാരമാണ് കേരള ശാസ്ത്ര പുരസ്കാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.മുരളീധരന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ശാസ്ത്രരംഗത്ത് ഒട്ടേറെ നൂതന പദ്ധതികള്‍ക്കും പുതിയ സ്ഥാപനങ്ങള്‍ക്കും കേരളം തുടക്കമിട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെല്ലാം സര്‍ക്കാരിന്റെ നിര്‍ലോഭമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍.രാജശേഖരന് പിള്ള സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ പ്രൊഫസര്‍ ഓഫ് എമിനന്‍സ് ഡോ.സി.സി. കര്‍ത്ത പ്രശസ്തിപത്രം വായിച്ചു. കേരള സര്‍വ്വകലാശാല ആക്ടിംഗ് വൈസ് ചാന്‍സിലര്‍ ഡോ. എന്‍.വീരമണികണ്ഠന് ആശംസകളര്‍പ്പിച്ചു. ഡോ. ആര്. പ്രകാശ്കുമാര് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: