മെല്‍ബണ്‍: അലിസ്റ്റര്‍ കുക്കിന്റെയും കൂട്ടരുടെയും ശരീരഭാഷ പരാജിതരുടേതായിരുന്നു. ചാരത്തില്‍ നിന്ന് ഉയിര്‍ക്കാനുള്ള ശേഷിയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. അത് ശരിക്കും തിരിച്ചറിഞ്ഞ ഓസ്ട്രേലിയ തുടര്‍ച്ചയായ നാലാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ പരാജയത്തിന്റെ കയ്പ്പുനീര് കുടിപ്പിച്ചു. എട്ട് വിക്കറ്റ് ജയവുമായി ആഷസ് പരമ്പരയില്‍ 4-0ത്തിന്റെ അപ്രമാദിത്വമുറപ്പിച്ചു കങ്കാരുപ്പട. ഇംഗ്ലണ്ട് മുന്നില്‍വച്ച 231 റണ്‍സ് വിജയലക്ഷ്യം നാലാം ദിനം അധികം ആയാ സപ്പെടാതെ ഓസീസ് മറികടന്നു. ക്രിസ് റോജേഴ്സ് (116), ഷെയ്ന് വാട്സന് (83) എന്നിവര്‍ ആതിഥേയരുടെ കുതിപ്പിന് ഊര്‍ജം പകര്‍ന്നു. ഇനി അവര്‍ക്ക് വൈറ്റ് വാഷില്‍ കണ്ണുവയ്ക്കാം.രണ്ട് ഇന്നിങ്ങ്സിലുംകൂടി എട്ടു വിക്കറ്റ് കൊയ്ത മിച്ചല്‍ ജോണ്സന് കളിയിലെ കേമന്‍. സ്കോര്‍: ഇംഗ്ലണ്ട്- 255, 179. ഓസീസ്- 204, 231.
നിരാശയുടെ പടുകുഴിയില്‍ വീണ ഇംഗ്ലണ്ടിന് തോല്‍വി ഒഴിവാക്കാന്‍ കാര്യമായൊന്നും ചെയ്യാനായില്ല. ഫീല്‍ഡിങ് പിഴവുകള്‍ കൂടി ചേര്‍ത്ത അവര്‍ ഓസീസ് ബാറ്റ്സ്മാന്മാര്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുത്തു.
സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ പന്ത് റോജേഴ്സിന്റെ ബാറ്റിലുരസിപ്പറന്നപ്പോള് പിടിക്കാന്‍ മെനക്കെടാത്ത വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് വാര്‍ണര്‍ നല്കിയ ക്യാച്ച് കൈവിട്ട ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ഇംഗ്ലീഷ് ആകുലതകള്‍ ഇരട്ടിപ്പിച്ചു. വാര്‍ണര്‍ (25) ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ വീണെങ്കിലും റേജേഴ്സ് സെഞ്ച്വറിയോടെ കിട്ടിയ അവസരം മുതലെടുത്തു.
രണ്ടാം വിക്കറ്റില്‍ വാട്സനൊപ്പം 136 റണ്‍സ് ചേര്‍ത്ത റോജേഴ്സ് വിജയത്തിന് 30 റണ്‍സ് അകലെവെച്ച് മോണ്ടി പനേസര്‍ക്ക് കീഴടങ്ങി. മികച്ച സ്ട്രേക്ക് പ്ലേ കാഴ്ച്ചവച്ച ഓസീസ് ഓപ്പണര്‍ അതിനകം 13 ബൗണ്ടറികള്‍ തൊടുത്തിരുന്നു. മറുവശത്ത് വാട്സന് ആക്രമണോത്സുകതയുടെ പര്യായമായിത്തീര്‍ന്നു. വെറും 90 പന്തുകളില്‍ നിന്നാണ് വാട്സന് 83 റണ്സ്അടിച്ചെടുത്ത്. ബ്രോഡും പനേസറും ടിം ബ്രസ്നനുമെല്ലാം ആ ബാറ്റിന്റെ ചൂടറിഞ്ഞു. വാട്സന് വിജയ റണ്‍സ് കുറിക്കുമ്പോള്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കായിരുന്നു (6 നോട്ടൗട്ട്) ഒപ്പം. ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് എന്ന പെരുമ തീര്‍ത്താണ് ക്ലാര്‍ക്ക് കരകയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: