അഞ്ചല്‍: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ നേര്‍സാക്ഷ്യമാണ് അരിപ്പയില്‍ തുടര്‍ന്നുവരുന്ന ഭൂസമരമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. അരിപ്പയില്നിന്നും വിളയിച്ചെടുത്ത ഉത്പന്നമായ അരിപ്പ ഫ്രഷ് കുത്തരിയുടെ വിപണനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
അരിപ്പ സമരഭൂമിയിലെ അറുപതുവയസു കഴിഞ്ഞ മികച്ച കര്‍ഷരെയും യുവ കര്‍ഷകരെയും കുമ്മനം രാജശേഖരന് പൊന്നാടയണിയിച്ച് ആദരിച്ചു. അരിപ്പ ഭൂസമര വാര്‍ഷികത്തിന്റെ ഭാഗമായി സമരഭൂമിയില്‍ നടന്ന കാര്ഷികസെമിനാര് ഉദ്ഘാടനം അഡ്വ. കെ. രാജു എംഎല്‍എ നിര്‍വഹിച്ചു.
അരിപ്പയില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി തുടര്‍ന്നുവരുന്ന അതിജീവനസമരം ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഭൂസമരമാണെന്ന് എംഎല്‍എ പറഞ്ഞു. ഉപരോധങ്ങളും കുത്തിയിരുപ്പും അഡ്ജസ്റ്റുമെന്റ് സമരങ്ങളും മാത്രം കണ്ടുശീലിച്ച മലയാളികള്‍ക്ക് മുഖ്യാഹാരമായ അരി ഉത്പാദിപ്പിച്ചും സമരഭൂമിയിലെ ആവശ്യംകഴിഞ്ഞ് മിച്ചമുള്ളത് പൊതുവിപണിയില്‍ എത്തിച്ചും മരച്ചീനിയും മറ്റ് കിഴങ്ങുവര്‍ഗങ്ങളും വാഴയും വെറ്റക്കൊടിയും പച്ചക്കറികളും ജൈവരീതിയില്‍ കൃഷിചെയ്തെടുത്തും ഒരു ജനത പുതിയ ജീവിതം കരുപ്പിടിപ്പിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.
ചെലവുകുറഞ്ഞ സുഭാഷ് പാലേക്കറുടെ ജൈവകൃഷിയെ സംബന്ധിച്ച് എബ്രഹാം ചാക്കോ ക്ലാസെടുത്തു. രാഘവന് തോന്ന്യാമല അധ്യക്ഷത വഹിച്ചു. ശ്രീരാമന് കൊയ്യോന്‍, ശശി ആര്. ചേരമന്‍, അനില്‍കുമാര്‍ നന്ദിയോട്, അഷ്ടപാലന്‍ വെള്ളാര്‍, പാപ്പന് വിതുര, ആര്. വാസുദേവന്‍, അബ്ദുല്‍ സലാം ഏറം എന്നിവര്‍ സംസാരിച്ചു. സി.കെ. തങ്കപ്പന് സ്വാഗതവും ഓമന കാളകെട്ടി നന്ദിയും പറഞ്ഞു. വൈകിട്ട് ആത്മബോധോദയ സംഘത്തിന്റെ നേതൃത്വത്തില്‍ ഗോത്രപൂജയും ചങ്ങനാശ്ശേരി തുടിതാളം ഓര്‍ക്കസ്ട്രയുടെ നാടന്‍പാട്ട് ഗാനമേളയും സമരഭൂമിയിലെ വിവിധ കലാകാരന്മാരുടെ നാടന്‍ കലാമേളയും നടന്നു. അരിപ്പ ഫ്രഷ് ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. വാര്‍ഷികാഘോഷത്തിന്റെ ആറാം ദിവസമായ ഇന്ന് രാവിലെ 11 ന് കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന് വെള്ളാട്ട ആചാര ചടങ്ങ്, ഉച്ചയ്ക്ക് 2 ന് പുത്തരി ഊട്ടും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: