കൊച്ചി: പച്ചാളം മേല്‍പാലത്തിന് അനുമതി നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിര്‍മാണം ഏറ്റെടുക്കാന്‍ തയാറാണെന്ന് ഡിഎംആര്‍സി അറിയിച്ചപ്പോള്‍ തന്നെ പച്ചാളം ആര്.ഒ.ബി അംഗീകരിച്ചാതായി അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം തന്നെ കാബിനറ്റ് ചേര്‍ന്ന് പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനര്‍നിര്‍മിച്ച നോര്‍ത്ത് മേല്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പച്ചാളം മേല്‍പാല നിര്‍മാണം മെട്രോയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിതന്നെ നിര്‍മിക്കാനാണ് ഉദ്യേശ്യം.മെട്രോയുടെ കാര്യത്തില്‍ ഭൂമി വിട്ടുനല്‍കുന്നതുള്‍പ്പെടെ, ജനങ്ങള്‍ കാണിച്ചിട്ടുള്ള സഹകരണ മനോഭാവം പദ്ധതി വേഗത്തിലാക്കുന്നതിന് സഹായിച്ചു. ഈ കൂട്ടായ്മയുടെ പിന്‍ബലത്തിലാണ് മെട്രോ റെയില്‍ നിര്‍മാണോദ്ഘാടന സമയത്ത് 1095 ദിവസത്തിനകം മെട്രോ ഓടും എന്ന് ഉറപ്പിച്ച് പറയാനായതും.
കഴിഞ്ഞ കാലങ്ങളില്‍ അടിസ്ഥാന വികസന സൗകര്യങ്ങളുടെ കാര്യത്തില്‍ പല പ്രധാന പദ്ധതികളും നമുക്ക് നഷ്ടപ്പെട്ടത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ അഭാവം കൊണ്ടായിരുന്നു. ഇത് തിരിച്ചുപിടിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ സാങ്കേതിക അനുമതി കൂടി ലഭിച്ചാല്‍ മതി. ദേശീയ ജലപാത ആഴ്ചകള്‍ക്കകം കമ്മീഷന് ചെയ്യും. അടിസ്ഥാന സൗകര്യ വികസനത്തിനായി സ്പീഡ് എന്ന പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്തെ വളരെ പ്രാധാന്യമുള്ള 24 പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന് 10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതെല്ലാം ശക്തമായ കൂട്ടായ്മയിലൂടെയാണ് സാധിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ.കെ.വി.തോമസ്, മന്ത്രിമാരായ കെ.ബാബു, ആര്യാടന് മുഹമ്മദ്, ചാള്‍സ് ഡയസ് എം.പി, എം.എല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്, ഹൈബി ഈഡന്, മേയര്‍ ടോണി ചമ്മിണി, ജി.സി.ഡി.എ ചെയര്മാന് എന്‍.വേണുഗോപാല്‍, ഡി.എം.ആര്.സി എം.ഡി മങ്കു സിങ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ഏലിയാസ് ജോര്‍ജ്, ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡി.എം.ആര്.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് സ്വാഗതവും പ്രൊജക്ട് ഡയറക്ടര്‍ പി.ശ്രീറാം നന്ദിയും പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: