മുംബൈ: ഹിന്ദുവല്ലാത്തയാളെ വിവാഹം ചെയ്താല്‍ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനം നേടാനാവില്ലെന്ന് മുംബൈ ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ച് കുടുംബക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്.
ഹിന്ദുമതാചാരപ്രകാരം വിവാഹം ക്രിസ്ത്യാനിയെ വിവാഹം ചെയ്ത നിരഞ്ജനി റോഷന് റാവു ഭര്‍ത്താവായ റോഷന് പിന്റോവില് നിന്ന് വിവാഹമോചനം തേടി കുടുംബക്കോടതിയില്‍ ഹര്‍ജി നല്കി. വിവാഹം നടക്കുമ്പോഴും വിവാഹശേഷവും ഇരുവരും അവരവരുടെ മതാചാരപ്രകാരമാണ് ജീവിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ ഹര്‍ജി കുടുംബക്കോടതി തള്ളി. ഇതിനെതിരെയാണ് നിരഞ്ജനി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി.കെ.താഹില്‍ രമണിയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പറഞ്ഞത്. “കുടുംബക്കോടതി നല്കിയ ഉത്തരവ് നിയമപരമായി കൃത്യവും പൂര്‍ണവുമാണ്, അതിനാല്‍ ഈ കേസില്‍ ഇടപെടേണ്ട ആവശ്യമില്ല”, കോടതി പറഞ്ഞു. ഡിസംബര്‍ 24 നായിരുന്നു വിധി.
വിവാഹ ഉടമ്പടി റദ്ദാക്കി വിവാഹമോചനം നല്‍കണമെന്നാവശ്യപ്പെട്ടാണ് നിരഞ്ജനി ഹര്‍ജി നല്‍കിയത്. 1999 ജനുവരി 13 ന് ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്. വിവാഹ സമയത്ത് നിരഞ്ജനി ഹിന്ദുവും വിവാഹം കഴിച്ചയാള്‍ ക്രിസ്ത്യാനിയുമായിരുന്നു. വിവാഹശേഷവും ഇരുവരും സ്വമതവിശ്വാസങ്ങള് തുടര്‍ന്നു. വിവാഹകാലത്ത് രണ്ടുപേരും ഹിന്ദുക്കളല്ലാതിരുന്നതിനാല് ഹിന്ദു വിവാഹനിയമം ബാധകമല്ലെന്നാണ് നിരഞ്ജന കോടതിയില്‍ വാദിച്ചത്. എന്നാല്‍, വിവാഹം നടന്നതിനാലും രണ്ടുപേരും വിവാഹക്കാലത്ത് ഹിന്ദുക്കളല്ലാതിരുന്നതിനാലും ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹമോചനം സാധ്യമല്ലെന്നാണ് കോടതി തീര്‍പ്പു കല്‍പ്പിച്ചത്.
ഹിന്ദുആചാരപ്രകാരം വധുവും വരനും ഹിന്ദുക്കളായിരിക്കെ നടത്തുന്ന വിവാഹമേ ഹിന്ദു വിവാഹ നിയമത്തിന്റെ പരിധിയില്‍ വരൂ എന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: