മുംബൈ: രാജ്യത്തിന്റെ സ്വര്‍ണാഭരണ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 93 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കറന്റ് അക്ക്ണ്ട് കമ്മി (സിഎഡി) നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ പ്രതിഫലനമാണു സ്വര്‍ണാഭരണ ഇറക്കുമതിയില്‍ പ്രതിഫലിച്ചതെന്നു ജെംസ് ആന്റ് ജുവലറി എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ (ജിജെഇപിസി) റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ഏപ്രില്‍ നവംബര്‍ കാലയളവില്‍ രാജ്യത്തിന്റെ സ്വര്‍ണാഭരണ ഇറക്കുമതി 1,521.11 കോടി രൂപയുടേതായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇറക്കുമതി 22,989.31 കോടി രൂപയായിരുന്നു.
സ്വര്‍ണാഭരണ ഇറക്കുമതിയില്‍ ഇടിവായി പ്രതിഫലിച്ച മറ്റൊരു കാര്യം സ്വതന്ത്ര വാണിജ്യ കാരാറിന്റെ ആനുകൂല്യത്തില്‍ കുറഞ്ഞ നികുതിയില്‍ ആഭരണവ്യാപാരികള്‍ തായ്ലന്റില് നിന്ന് ആഭരണങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നത് നിര്‍ത്തലാക്കിയതാണ്.
സ്വതന്ത്ര വാണിജ്യ കാരാര്‍ പ്രകാരം തായ്ലന്റില് നിന്നുള്ള ആഭരണ ഇറക്കുമതിക്ക് നികുതി ഒരു ശതമാനമായി കുറച്ചിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം നികുതി ഒടുക്കേണ്ടിവരുമ്പോള്‍ തായ്ലന്റിനുള്ള നികുതിയിളവ് മുതലാക്കാന്‍ ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള ആഭരണ ഇറക്കുമതി തായ്ലന്റിലൂടെയാക്കിയിരുന്നു.
ഒന്നരവര്‍ഷമായി ഒരു ശതമാനമായി തുടര്‍ന്നിരുന്ന ഇറക്കുമതി നികുതി 2013 ജൂണ്‍-ജൂലൈ കാലയളവിലാണ് സിഎഡി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പത്തു ശതമാനമായി ഉയര്‍ത്തിയത്. ഇതിന്റെ ഫലമായി വര്‍ഷാരംഭത്തില്‍ 5.5 എന്ന ഉന്നതിയില്‍ തുടര്‍ന്നിരുന്ന സിഎഡി നിരക്ക് നിലവില്‍ 3.1 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: