കൊച്ചി: പച്ചാളം മേല്‍പ്പാലം സംബന്ധിച്ച് വര്‍ഷങ്ങളായി തുടരുന്ന പ്രശ്നം പരിഹരിക്കുന്നതിന് വഴി തെളിയുന്നു. ഈ വിഷയത്തില്‍ ഡിഎംആര്‍സിയുടെ ഇടപെടലാണ് കാര്യങ്ങള്‍ വേഗത്തിലാക്കുന്നത്. പച്ചാളം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് മുന്നോട്ട് വച്ചിരിക്കുന്ന ശുപാര്‍ശകള്‍ വളരെ ഫലപ്രദമായിരിക്കുമെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് പറഞ്ഞു.
ഇ.ശ്രീധരന് മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം അനുസരിച്ചാണെങ്കില്‍ 10 മീറ്റര്‍ വീതിയില്‍ മേല്‍പ്പാലം പണിയാന്‍ സാധിക്കും. എറണാകുളം ഗസ്റ്റ്ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.കെ.വി.തോമസ്, ഇ.ശ്രീധരന്, ഹൈബി ഈഡന് എംഎല്‍എ, മേയര്‍ ടോണി ചമ്മണി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇ.ശ്രീധരന് ഇതുസംബന്ധിച്ച രൂപരേഖ തയ്യാറാക്കും. മുന്നോട്ട് വയ്ക്കുന്ന ശുപാര്‍ശകള്‍ മന്ത്രിസഭാ സമിതി അംഗീകരിക്കുകയാണെങ്കില്‍ പാലത്തിന്റെ നിര്‍മാണ ചുമതല ഡിഎംആര്‍സി ഏറ്റെടുക്കും. അങ്ങനെയെങ്കില്‍ ആറ് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതിനായി ഒരേക്കര്‍ ഭൂമി മാത്രം ഏറ്റെടുത്താല്‍ മതിയാകുമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഏകദേശം 9 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് കണക്കാക്കിയിരുന്ന സ്ഥാനത്താണിത്. എത്ര ഭൂമി ഏറ്റെടുക്കണം എന്നത് സംബന്ധിച്ച് ഉടന്‍ തന്നെ സര്‍വെ നടത്തുമെന്നും ഇ.ശ്രീധരന് അറിയിച്ചു.
ചിറ്റൂര്‍ റോഡിന്റെ അതേ അലൈന്മെന്റില് തന്നെ ആകെ 10 മീറ്ററിലാണ് പച്ചാളം റെയില്‍വേ മേല്‍പാലം പണിയാനുദ്ദേശിക്കുന്നത്. രണ്ട് വരിയായി താഴെയും മുകളിലുമായ് പണിയുന്ന പാലത്തിന് ഒന്നര മീറ്ററിലായി നടപ്പാത ഒരുക്കും. പാലം ഉയര്‍ന്ന് വരുന്ന ആദ്യനാല് മീറ്റര്‍ വരെ മാത്രമേ ഭൂമി ഏറ്റെടുക്കു. പിന്നീടങ്ങോട്ട് പാലത്തിന് നിലവിലുള്ള റോഡ് മതിയാകും. വശങ്ങളില് റോഡ് ആവശ്യമുണ്ടെങ്കില്‍ മാത്രമേ അധികമായി ഭൂമി ഏറ്റെടുക്കുകയുള്ളു. എത്ര ഭൂമി വേണമെന്ന് സര്‍വ്വേക്ക് ശേഷമേ പറയാന്‍ സാധിക്കു.
ഡിഎംആര്‍സിയാണ് മേല്‍പ്പാലത്തിന്റെ ചുമതല ഏറ്റെടുക്കുന്നതെങ്കില്‍ റോഡ് പൂര്‍ണമായും ബ്ലോക്ക് ചെയ്യേണ്ടി വരുമെന്നും ശ്രീധരന് പറഞ്ഞു. ഗതാഗതത്തിനായി വടുതല റെയില്‍വേ ഗേറ്റ് ഉപയോഗിക്കേണ്ടതായി വരും. റോഡ് ബ്ലോക്ക് ചെയ്യുകവഴി പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പച്ചാളം മേല്‍പ്പാലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനുവരി നാലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. ഈ യോഗത്തില്‍ രൂപരേഖ സമര്‍പ്പിക്കും. സംസ്ഥാനസര്‍ക്കാരും അനുകൂല തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍ പച്ചാളം നിവാസികളുടെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ കാലതാമസം ഉണ്ടാവുകയില്ല.
പാലത്തിന്റെ വീതി 10 മീറ്റര്‍ ആണെങ്കില്‍ ഈ പദ്ധതി ജനറം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യമല്ല. പദ്ധതി ചെലവ് സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ലെങ്കിലും ഏകദേശം 50 കോടിയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ഏറ്റവും കുറച്ചുകൊണ്ടുള്ള രീതിയാണ് ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: