കല്‍പ്പറ്റ: പുല്ലൂരാംപാറ സ്വദേശി മുഖാല ബേബിയുടെ മകള്‍ അഞ്ജു തോമസിന്റെ മരണം കൊലപാതകമാണെന്ന് ആരോപണം. ഇത് സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സഹപാഠിയായിരുന്ന വയനാട് ചുണ്ടേല്‍ അമ്മാറാ പാലാട്ടിവീട്ടില് അനൂപ് അഞ്ജുവിനെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. മുന്‍ എംഎല്‍എ യും മുന്‍ ഡിസിസി പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ പുല്‍പ്പള്ളി സ്വദേശിയുടെ സഹോദരീ പൂത്രനാണ് അനൂപ്. ഡിസംബര്‍ 15ന് ഭര്‍തൃവീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അസ്വാഭാവിക മരണം സംബന്ധിച്ച് വൈത്തിരി പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ അഞ്ജു വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിലപാടാണ് പോലീസിന്റേത്. രണ്ടുവയസുള്ള കുഞ്ഞിന്റെ അമ്മയായ അഞ്ജു ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല. വീട്ടുകാരുടെ ഇഷ്ടപ്രകാരമല്ലാതെ നടന്ന വിവാഹമായതിനാല്‍ ഭര്‍തൃവീട്ടുകാര്‍ അഞ്ജുവിനെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു.
സംഭവദിവസം ഭര്‍ത്താവ് അനൂപ് കണ്ണൂരിലാണെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇയാളെ കോടഞ്ചേരിയില്‍ കണ്ടവരുണ്ട്. അഞ്ജുവിന്റെ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളുണ്ടായിരുന്നെന്നും മരിച്ച ശേഷം കട്ടിലില്‍ കിടത്തിയതിന്റെ സൂചനകളുണ്ടെന്നും ഇവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ചെയര്മാന് ടി.ജെ.കുര്യാച്ചന്, കണ്‍വീനര്‍ ജോസ് മാത്യു, ദാമോദരന്‍, സുരേഷ് ബാബു, ബെന്നി നിരപ്പേല്‍, അഞ്ചുവിന്റെ പിതാവ് ബേബി, മാതാവ് ഷീല എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: