വിശാഖപട്ടണം: ഒന്നിനും കൊള്ളാത്തവന്‍ കഴുതയെന്ന പഴയ നിര്‍വചനം തെറ്റുന്നു. കഴുതയെ ബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ മതി. കഴുതയും പൊന്നുകായ്ക്കുന്ന സമരംപോലെയാകും.
സമരത്തിന്റെ തീച്ചൂളയില്‍ തെലങ്കാനയില്‍നിന്ന് തീരപ്രദേശത്തെത്തിയ ഒരുകൂട്ടം നാടോടികള്‍ കഴുതയെക്കൊണ്ട് കനകം നേടുകയാണെന്ന് പറയാം. അവര്‍ ഒരു ലിറ്റര്‍ പാല് കറന്നുവില്ക്കുന്നു, വില 2000 രൂപ! കഴുതപ്പാലിന് ഇത്ര വില ഉയരാന്‍ കാരണം അതിന്റെ ഔഷധമൂല്യംതന്നെ.
ശിവാജിപാളയത്ത് കണ്ട ഒരു നാടോടിസ്ത്രീയായ ജി. ലിംഗമ്മയുടെ പക്കല്‍നിന്ന് പാല് വാങ്ങിപ്പോകാന്‍ ആളുകളുടെ തിരക്കായിരുന്നു. ഇരുപതിലേറെ പേര് ക്യൂ നില്ക്കുമ്പോള് ലിംഗമ്മ കഴുതയെ കറന്ന് അപ്പപ്പോള്‍ പാല് അളവനുസരിച്ചുകൊടുക്കുന്നു. 25 മില്ലിലിറ്ററിന് 200 രൂപവരെ വാങ്ങുന്നുണ്ട്. പാലിന്റെ ഗുണം കേട്ടാല്‍ അതിലും ഏറെ കൊടുത്തുപോകും.
നവജാതശിശുക്കളില്‍ ആസ്ത്മ രോഗം ഉണ്ടെങ്കില്‍ കഴുതപ്പാല് കൊടുത്താല്‍ മതിയത്രെ. അതുമാത്രമല്ല ശ്വാസംബന്ധിയായ ഏത് രോഗത്തിനും കഴുതപ്പാല് സിദ്ധൗഷധം. ലിംഗമ്മയെപ്പോലെ 20-25 പേര് ആ പ്രദേശത്തുതന്നെ കഴുതപ്പാല് വില്ക്കുന്നവരായുണ്ട്. അവര്‍ മുപ്പതോളം കഴുതകളുമായിട്ടാണ് വന്നിരിക്കുന്നത്.
”25 മില്ലിലിറ്ററിന് ഞങ്ങള്‍ 200 രൂപവരെ വാങ്ങുന്നു. ഒരു ലിറ്റര്‍ 2000 രൂപക്ക് വില്‍ക്കും. അതിലും കൂടിയാലും ആളുകള്‍ വാങ്ങുന്നു. കാരണം കഴുതപ്പാല് ചികിത്സയില്‍ ജനങ്ങള്‍ക്ക് അത്രയേറെ വിശ്വാസമാണ്. ആരും വിലപേശാന്‍ വരില്ല. കഴിഞ്ഞവര്‍ഷവും ഞങ്ങള്‍ ഇവിടെ വന്നിരുന്നു. ഇവിടത്തെ കച്ചവടം കഴിയുമ്പോള്‍ ഞങ്ങള്‍ വിജയവാഡയിലേക്ക് പോകും,” ലിംഗമ്മ പറഞ്ഞു. ഓരോരുത്തരും പ്രതിദിനം 700-800 രൂപ സമ്പാദിക്കുന്നുണ്ട്.
പാല് വാങ്ങിപ്പോകുന്നതിനിടെ വീട്ടമ്മയായ സത്യവതി പറഞ്ഞു, ”എന്റെ മകള്‍ അടുത്തിടെ പ്രസവിച്ചു. കൊച്ചുകുട്ടിക്ക് കഴുതപ്പാല് കൊടുത്താല്‍ എല്ലാവിധ അസുഖങ്ങളും മാറും. ആയുര്‍വേദ മരുന്നുപോലെയാണ് അത്.”
ഒരു മുതിര്‍ന്ന ആയുര്‍വേദ ഡോക്ടറായ വി. സുശീലയും കഴുതപ്പാലിന്റെ ഗുണവിശേഷങ്ങള്‍ പറയുന്നു. ശ്രീനഗറില്‍ ശ്രീ ആയുര്‍വേദ ഹെല്‍ത്ത് സെന്ററിലെ ഡോക്ടറാണ് സുശീല. ക്ഷയം, ആസ്ത്മ, തൊണ്ടരോഗങ്ങള്‍ എന്നിവക്ക് മികച്ച ഔഷധമാണ് കഴുതപ്പാലെന്ന് സുശീല പറയുന്നു. വിശാഖപട്ടണത്തെ മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി. വെങ്കിടേശ്വരറാവു പറയുന്നത് മുലപ്പാലുപോലെയാണ് കഴുതപ്പാലുമെന്നാണ്. പക്ഷേ പ്രോട്ടീന്‍ കുറവായിരിക്കും. ചെന്നൈയിലും ബംഗളൂരുവിലും കഴുതപ്പാലിന് ഏറെ ആവശ്യക്കാരുണ്ട്. തൊലിപ്പുറത്തുപയോഗിക്കുന്ന സൗന്ദര്യവര്‍ധനക വസ്തുക്കളുടെ നിര്‍മാണത്തിനും കഴുതപ്പാല് ഉപയോഗിക്കുന്നുണ്ട്. വിശ്വസുന്ദരിയായിരുന്ന ക്ലിയോപാട്ര ദിവസവും കഴുതപ്പാലില്‍ കുളിച്ചിരുന്നു. അതിനായി 700 കഴുതകളെ ദിവസവും കറക്കാന്‍ പാകത്തില്‍ വളര്‍ത്തിയിരുന്നുവെന്ന് വെങ്കടേശ്വരറാവു പറയുന്നു. റാവു പറയുന്നപ്രകാരം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പ്രിയം കഴുതപ്പാലില്നിന്നുണ്ടാക്കുന്ന ചീസിനാണ് ഏറ്റവും പ്രിയമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: