കാസര്‍കോട്: വിവേകാനന്ദ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ കരുത്തെന്ന സന്ദേശവുമായി കേരള കായികവേദി കാസര്‍കോട്ടുനിന്നും കന്യാകുമാരിയിലേക്ക് സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നു. ജനുവരി രണ്ടിന് കാസര്‍കോട്ടുനിന്നും ആരംഭിച്ച് 11ന് കന്യാകുമാരിയില്‍ യാത്ര സമാപിക്കും. കേരളത്തിലെ ഒന്‍പത് ജില്ലകളിലൂടെ വിവേകാനന്ദ സന്ദേശവുമായി യാത്ര പര്യടനം നടത്തും. ജനുവരി രണ്ടിന് രാവിലെ 10ന് കാസര്‍കോട് മല്ലികാര്ജ്ജുനക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സ്വയംസേവകസംഘം സഹസര്‍കാര്യവാഹ് കെ.സി.കണ്ണന് ഉദ്ഘാടനം ചെയ്യും. ക്രിക്കറ്റ് ഇതിഹാസം അനില്‍ കുംബ്ലെ യാത്രയുടെ ഫഌഗ് ഓഫ് ചെയ്യും. കബഡി മുന്‍ ദേശീയ താരം ജഗദീഷ് കുംബ്ലെ ആശംസകള്‍ നേരും.
മൂന്നിന് കണ്ണൂര്‍, നാലിന് കോഴിക്കോട്, തുടര്‍ ദിവസങ്ങളില്‍ മലപ്പുറം,തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, 11ന് കന്യാകുമാരി എന്നിവിടങ്ങളില്‍ യാത്ര കടന്നു പോകും. തലശ്ശേരി, കോഴിക്കോട്, എടപ്പാള്‍, കൊടകര, കലൂര്‍, അമ്പലപ്പുഴ, ചിന്നക്കട, കിഴക്കേക്കോട്ട എന്നിങ്ങനെയാണ് യഥാക്രമം ജില്ലകളിലെ സമാപന കേന്ദ്രങ്ങള്‍. സമാപന പരിപാടികളില്‍ കായികതാരങ്ങളും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. 11ന് വൈകിട്ട് 6ന് കന്യാകുമാരിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രീയ സ്വയംസേകവ സംഘം ദക്ഷിണ തമിഴ്നാട് പ്രാന്തപ്രചാരക് കേശവ വിനായക് സംസാരിക്കും. 12ന് വിവേകാനന്ദ പൂജയും പ്രതിജ്ഞയും നടക്കും.
സാംസ്കാരിക സമന്വയത്തിന്റെ നാടായ കാസര്‍കോട് നിന്നും വിവേകാനന്ദ സ്വാമിയുടെ നിത്യചൈതന്യമേറ്റുവാങ്ങിയ കന്യാകുമാരിയിലേക്ക് നടക്കുന്ന യാത്രയില്‍ അന്‍പത് സ്ഥിരം അംഗങ്ങളാണുള്ളത്. സംഘ ജില്ലകള്‍ കേന്ദ്രീകരിച്ച് 100 പേര് പ്രയാണത്തില്‍ അണിചേരും.
യുവ സമൂഹത്തെ ശക്തിയെയും ധൈര്യത്തെയും കുറിച്ച് ഉദ്ബോധിപ്പിച്ച വിവേകാനന്ദന്റെ സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നതെന്ന് കേരള കായികവേദി ജനറല്‍ സെക്രട്ടറി എന്‍.പി.മുരളി പറഞ്ഞു. ഇതിനുപുറമെ ആരോഗ്യ സംരക്ഷണത്തിന് സൈക്കിള്‍ യാത്രയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും യാത്ര ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011ല്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തി ബാംഗ്ലൂര്‍ മുതല്‍ തിരുവനന്തപുരം വരെ കായികവേദി സൈക്കിള്‍ യാത്ര സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ ഏറ്റവുമധികം പേര് പങ്കെടുക്കുന്ന സൈക്കിള്‍ യാത്രയ്ക്കാവും ജനുവരി രണ്ടിന് തുടക്കം കുറിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: