കൊല്ലം: ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മാണത്തിന് കെജിഎസ് ഗ്രൂപ്പിന് വേണ്ടി ഭരണയന്ത്രത്തെ ദുര്‍വിനിയോഗം ചെയ്യുകയും മനഃപൂര്‍വം വസ്തുതകള്‍ മറച്ചുവയ്ക്കുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തത്സ്ഥാനം രാജിവയ്ക്കണമെന്ന് ആറന്മുള പൈതൃകഗ്രാമകര്‍മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്‍കുമെന്നും നെല്‍വയലും നീര്‍ത്തടവും നീര്‍ച്ചാലും മണ്ണിട്ടുനികത്തിയിട്ടുണ്ടെന്നുമുള്ള സംസ്ഥാനപരിസ്ഥിതി വകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിസ്ഥിതി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി തമസ്കരിച്ചു. കെജിഎസ് ഗ്രൂപ്പ് മണ്ണിട്ടു നികത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് മുഖ്യമന്ത്രി നല്‍കിയത്. പദ്ധതിപ്രദേശം സന്ദര്‍ശിച്ച് വസ്തുതാപഠനം നടത്തിയശേഷമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കെജിഎസ് ഗ്രൂപ്പ് നെല്‍വയല്‍ മണ്ണിട്ടു നികത്തിയിട്ടുണ്ടോ എന്നായിരുന്നില്ല കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ചോദ്യം. മണ്ണിട്ടുമൂടിയ സ്ഥലം നെല്‍വയലും നീര്ത്തടവുമാണോ എന്നും പാരിസ്ഥിതിക പ്രത്യാഘാതമെന്തെല്ലാമെന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമാണ് കേന്ദ്രം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കെ ജി എസ് ഗ്രൂപ്പിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അട്ടിമറിക്കുകയും വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും കേന്ദ്രത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. മാത്രവുമല്ല നെല്‍വയല്‍ മണ്ണിട്ടുമൂടിയതിനെതിരെ വില്ലേജ് ഓഫീസറൂം ആര്‍ഡിഒയും ജില്ലാകളക്ടറും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മണ്ണിട്ടതിന് 18 ലക്ഷം രൂപ ആര്‍ഡിഒ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമുള്ള വസ്തുതകളും മറച്ചുവച്ചു. ഇത് സത്യപ്രതിജ്ഞയുടെ ലംഘനവും അധികാരദുര്‍വിനിയോഗവുമാണ്. പരിസ്ഥിതിയെ കൊലപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിക്ക് പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യാന്‍ ഒരുനിമിഷം പോലും അര്‍ഹതയില്ല. പമ്പാനദിയും ആറന്മുള ക്ഷേത്രവുമടക്കം പൈതൃകസമ്പത്തുക്കളെ നശിപ്പിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്കി. സ്വന്തം വീഴ്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് അദ്ദേഹം രാജിവച്ചൊഴിയണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: