കല്‍പ്പറ്റ : ഭക്ഷണത്തിനുള്ള അവകാശം നിയമമായതോടെ 2013 ഇന്ത്യയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട വര്‍ഷമാണെന്നും 2014 കുടുംബകൃഷി വര്‍ഷമായി ആചരിക്കുവാന്‍ ലോകഭക്ഷ്യ കാര്‍ഷികസംഘടന ആഹ്വാനം ചെയ്തിട്ടുണ്ടെന്നും പ്രൊഫ. എം.എസ്.സ്വാമിനാഥന്. എം.എസ്.സ്വാമിനാഥന് ഗവേഷണനിലയത്തിന്റെ രജതജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്‍പ്പറ്റ പുത്തൂര്വയലിലായിരുന്നു പരിപാടി.
കേരളത്തിലെ ഓരോ പുരയിടവും ജനിതക സസ്യോദ്യാനമാണ്. സാംസ്ക്കാരിക വൈവിധ്യവും പാരിസ്ഥിതിക വൈവിധ്യവും കാര്‍ഷിക വൈവിധ്യവും നിലനിര്‍ത്തി വേണം കുടുംബകൃഷി പ്രോല്‍സാഹിപ്പിക്കുവാന്‍. കുടുംബകൃഷിക്ക് ചൈനക്ക് ശേഷം രണ്ടാസ്ഥാനമാണ് ഇന്ത്യക്ക്. കുട്ടനാട്ടിലെ കര്‍ഷകരുടെ കുടിവെള്ളപ്രശ്്നം പരിഹരിക്കാനായി പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. കേരളത്തില്‍ മൊത്തമായി യഥോഷ്ടം കുടിവെള്ള ലഭ്യതയ്ക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ടെന്നും മുഖ്യ പ്രഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളം കുടുംബ കൃഷിക്ക് മാതൃകയായിരുന്നെന്നും എന്നാല്‍ കൃഷി വാണിജ്യാടിസ്ഥാനത്തിലായതോടെ കുടുംബകൃഷി അന്യംനിന്നു പോയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു. ഇന്ത്യ പട്ടിണിയിലായ കാലത്ത് നിശബ്ദമായി ഭക്ഷ്യ വിപ്ലവം നടത്തി പട്ടിണി മാറ്റുകയും ലോകത്തില്‍ ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയും ചെയ്ത പ്രൊഫ. എം.എസ്.സ്വാമിനാഥെന്റ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. സ്വാമിനാഥന് ഗവേഷണനിലയത്തിന്റെ രജതജൂബിലി ആഘോഷവും കര്‍ഷകസംഗമവും ഉല്‍ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്.
2016 ഓടെ കേരളം സമ്പൂര്‍ണ്ണ ജൈവകാര്‍ഷിക സംസ്ഥാനമായി മാറുമെന്നും പുതിയ തലമുറയെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ കാര്‍ഷിക സംസ്ക്കാരത്തിന് കഴിയണമെന്നും, കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്ക്കുള്ളധനസഹായം ജനുവരി 15ന് മുന്‍പ് വിതരണം ചെയ്യുമെന്നും കേരള കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ എം.എസ്.സ്വാമിനാഥന് ബോട്ടോണിക്കല്‍ ഗാര്ഡന് ഉല്‍ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി.
കല്‍പ്പറ്റ എംഎല്‍എ എം.വി.ശ്രേയാംസ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വയനാട്ടില്‍ ധാരാളം മഴ ലഭിക്കുന്നുണ്ടെങ്കിലും മുന്‍വര്‍ഷം രണ്ട് പഞ്ചായത്തുകളെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ച കാര്യം എം.വി.ശ്രേയംസ്കുമാര്‍ പറഞ്ഞു. റെയിന്‍വാട്ടര്‍ ഹാര്വെസ്റ്റിംഗിന് വയനാടിനായി പ്രത്യേക പദ്ധതി രൂപകല്‍പ്പന ചെയ്യുമെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കുട്ടനാട്ടിലും ചിറാപുഞ്ചിയിലും ഇത് വിജയപ്രദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: