കോട്ടയം: അക്ഷര നഗരിയെ ദേവഭൂമിയാക്കി 31-ാമത് അഖിലഭാരത ശ്രീമദ് ഭാഗവതസത്രത്തിന് തുടക്കമായി. ഭക്തസഹസ്രങ്ങള്‍ ഉതിര്‍ത്ത നാരായണ നാമ മന്ത്ര മലരുകളാല്‍ തിരുനക്കര ശ്രീരാമഹനുമത് ദേവസ്ഥാനം മഥുരാപുരിയായി മാറി.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ തന്ത്രിമുഖ്യന്‍ കണ്ഠരര് മഹേശ്വരര് സത്രവേദിയില്‍ ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചതോടെ തൃക്കൈക്കാട്ട് സ്വാമിയാര് മഠത്തിലെ വാസുദേവബ്രഹ്മാനന്ദ തീര്‍ത്ഥസ്വാമിയാര്‍ സത്രത്തിന് പതാക ഉയര്‍ത്തി. തുടര്‍ന്ന് തൃശൂര്‍ തെക്കേമഠം ശങ്കരാനന്ദ തീര്‍ത്ഥസ്വാമിയാര്‍ സത്രത്തിന് ഭദ്രദീപം തെളിയിച്ചു. പ്രൊഫസ്സര്‍ എ വി വാസുദേവന്‍ നമ്പൂതിരി മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിക്ക് ഭാഗവതം നല്കി ഗ്രന്ഥസമര്‍പ്പണം നിര്‍വ്വഹിച്ചു.
ഭാരതസംസ്ക്കാരം നന്മയുടേതാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ശരിയുടെഭാഗത്ത് നില്‍ക്കുന്നവര്‍ക്കേ ജീവിത വിജയം ഉണ്ടാകു.ശരിയുടെ ഭാഗത്ത് നിന്നാല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും. നന്മയുടേയും മനശുദ്ധിയുടേയും സന്ദേശമാണ് ഭാഗവതം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സത്രസമിതി പ്രസിഡന്റ് കുട്ടപ്പന് മേനോന് സത്രസന്ദേശം നല്കി. ആത്മീയതയുടെ അടിസ്ഥാനത്തിലുണ്ടായതാണ് നമ്മുടെ രാഷ്ട്രം. ലോകത്തിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നതാണ് ഭാഗവതത്തിന്റെ സന്ദേശം എന്നും അദ്ദേഹം പറഞ്ഞു.
സത്രനിര്‍വ്വഹണസമിതി ചെയര്‍പേഴ്സണ്‍ രേണുക വിശ്വനാഥന് അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാ ചെയര്മാന് എം പി സന്തോഷ്കുമാര്‍, ആര്‍എസ് എസ് പ്രാന്തീയസഹകാര്യവാഹ് അഡ്വ.എന്‍. ശങ്കര്‍റാം, ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ. എന്‍ കെ നാരായണന് നമ്പൂതിരി, പി ദാസപ്പന് നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജനുവരി 5ന് സത്രം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: