കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡില്‍ രണ്ടു ദിവസമായി അലഞ്ഞു നടക്കുകയായിരുന്ന മധ്യവയസ്കയായ നാടോടി സ്ത്രീയെയും ഒമ്പതുകാരനായ ആണ്‍കുട്ടിയെയും വനിതാഹെല്‍പ് ലൈനിലിലെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തു. കുട്ടിയെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെപിടികൂടിയത്. കുട്ടിയെ വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും പിടികൂടിയത്. 42 വയസ് പ്രായമായെന്നാണ് സ്ത്രീ പറയുന്നത്.
കുട്ടിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് വനിതാഎസ്ഐ സി ടി ഉമാദേവി പറഞ്ഞു. ആണ്‍കുട്ടി സ്വന്തം മകനാണെന്നാണ് സ്ത്രീ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് മകളുടെ കുട്ടിയാണെന്നും പറഞ്ഞു. ഒടുവില്‍ പറഞ്ഞത് കോട്ടയത്തുള്ള ദമ്പതിമാരുടെ പക്കല്‍ നിന്നും 50,000 രൂപ നല്കി വാങ്ങിയതാണെന്നാണ്്. പ്രസവിച്ച് നാലു ദിവസം പ്രായമായപ്പോള്‍ കുട്ടിയെ വാങ്ങി എന്നാണ് പിന്നീട് പറഞ്ഞത്. തന്റെപേര് അമ്പിളി എന്നാണ് സ്ത്രീ പൊലീസുകാരോട് പറഞ്ഞത്.
കുട്ടിയുടെ പേര് നേരത്തെ രഞ്ജിത്ത് എന്നായിരുന്നുവെന്നും ഇപ്പോള്‍ മതം മാറ്റി ഷഹല്‍ എന്നാക്കിയെന്നും ഇവര്‍ പൊലീസുകാരോട് പറഞ്ഞു. കുട്ടിയെ പൈങ്ങോട്ടുപുറം എ.എല്‍.പി.സ്കൂളില്‍ പഠിപ്പിച്ചതിന്റെ തെളിവുകള്‍ ഇവരുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഭര്‍ത്താവിനൊപ്പം കുറ്റിക്കാട്ടൂരിലെ വാടകവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് നാഗരാജന് രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു. പിന്നീട് പേരാമ്പ്രയിലെ യത്തീംഖാനയിലായിരുന്നു ഇവരുടെ താമസം. ഇതിനിടയിലാണ് കുട്ടിയെ മതംമാറ്റിയത്. കുട്ടിയോടൊപ്പമുള്ള ഇരുവരുടെയും നിരവധി ഫോട്ടോകളും സ്ത്രീയുടെ പക്കലുണ്ട്. ക്രിസ്തുമസ് അവധിക്ക് യതീംഖാനയില്‍ നിന്ന് കൂട്ടിയതാണെന്നാണ് ഇവരുടെ വിശദീകരണം. ആധാര്‍കാര്‍ഡും താല്‍ക്കാലിക റേഷന്‍കാര്‍ഡും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട കൊറ്റനാട് മേല്‍വിലാസത്തിലാണ് താല്‍ക്കാലിക കാര്‍ഡ്. കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. ഇതിനിടെ കുട്ടിയെ മതംമാറ്റിയതിന് പിന്നില്‍ പ്രവര്ത്തിച്ചവരാരെന്നും അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: