തൃശൂര്‍: മനുഷ്യമനസ്സാണ് ചികിത്സയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന മുഖ്യ ഘടകമെന്ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം പറഞ്ഞു. അലോപ്പതി രംഗത്ത് ഗവേഷണം നടക്കുന്നപോലെ ആയുര്‍വേദ രംഗത്തും സമഗ്രമായ ഗവേഷണം നടക്കണം. ആയുര്‍വേദ മരുന്നുകള്‍ മനുഷ്യന്റെ ശരീരത്തില്‍ ഏതൊക്കെ വിധത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതും പ്രതിപ്രവര്‍ത്തനം എങ്ങനെയാണ് നിലവിലുള്ളതെന്നും വിശദമായി പഠിക്കുക തന്നെ വേണം. ആഗോള തലത്തില്‍ ആയുര്‍വേദത്തിന് വലിയ പ്രശസ്തിയാണ്. ഇത് അറിഞ്ഞു വേണം ആ രംഗത്തേക്ക് ആയുര്‍വേദം പ്രവേശിക്കാനും പ്രവര്ത്തിക്കാനുമെന്ന് അബ്ദുള്‍ കലാം ഉദ്ബോധിപ്പിച്ചു. വിവിധ സേനകളിലെ ഭടന്മാരുടെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്നതിന് ആയുര്‍വേദ മരുന്നുകള്‍ അവരില്‍ പ്രയോഗിക്കുന്ന തലത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇത് ആയുര്‍വേദത്തിന്റെ സാധ്യതയെ വലുതാക്കുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
തൈക്കാട്ടുശ്ശേരിയില്‍ അഷ്ടവൈദ്യന്‍ നീലകണ്ഠന് മൂസ്സിന്റെ സ്മാരകമായി നിര്‍മ്മിച്ചിരിക്കുന്ന ആയൂര്‍വേദ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മശ്രീ ഇ.ടി.നാരായണന് മൂസ്സിന്റെ നൂറാം ജന്മവാര്‍ഷികം ആഘോഷിച്ച 2005ല്‍ തുടക്കം കുറിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനമായിരുന്നു വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ തൈക്കാട്ടുശ്ശേരിയിലെ മൂസ്സിന്റെ ആയൂര്‍വേദ കേന്ദ്രത്തോട് അനുബന്ധിച്ച് നടന്നത്. പി.സി.ചാക്കോ എംപി അദ്ധ്യക്ഷത വഹിച്ചയോഗം മുന്‍ പ്രസിഡണ്ട് എപിജെ അബ്ദുള്‍കലാം ഉദ്ഘാടനം ചെയ്തു. തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ ആശംസ അര്‍പ്പിച്ചു. അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍മൂസ് സ്വാഗതവും ഇ.ടി.പരമേശ്വരന് മൂസ് മുഖവുരയും എം.രാമനുണ്ണി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: