തിരുവനന്തപുരം: രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാന്റെ(ആര്‍എംഎസ്എ) ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിന് അനുവദിച്ച ഒന്നരക്കോടി രൂപ തട്ടിയെടുക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായി പരാതി. സംസ്ഥാനത്തെ 974 ഹൈസ്കൂളുകളിലെ ലൈബ്രറികള്‍ക്ക് പുസ്തകം വാങ്ങുന്നതിന് 15,000 രൂപ വീതം നല്‍കാനാണ് പദ്ധതി. എന്നാല്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യാനുള്ള ചുമതല കോട്ടയം കേന്ദ്രീകരിച്ചുള്ള ഒരു കടലാസ് സംഘടനയ്ക്ക് നല്‍കാനാണ് അണിയറയില്‍ നീക്കം.
സര്‍ക്കാര്‍ ഏജന്‍സിയായ കേരള ബുക്മാര്ക്കറ്റ് സൊസൈറ്റിയെ മറയാക്കി പുസ്തകമേള സംഘടിപ്പിക്കാനാണ് തീരുമാനം. ഇത്തരത്തില്‍ മേള നടത്തിയാല്‍ സംസ്ഥാനത്തെ അഞ്ച് പ്രസാധകര്‍ക്ക് മാത്രമേ നേരിട്ട് പങ്കെടുക്കാന്‍ കഴിയൂ. ഫലത്തില്‍ ഈ തുക മുഴുവന്‍ സംഘടനയുടെ ഭാരവാഹികളുടെ പ്രസാധക സ്ഥാപനത്തിന് ലഭിക്കും.
ബുക്മാര്ക്കിനെ പുസ്തകമേളയില്‍ പങ്കെടുപ്പിക്കുന്നെങ്കിലും അവര്‍ക്ക് പുസ്തകങ്ങള്‍ വില്ക്കാന് കഴിയാത്തവിധത്തില്‍ ഡിസ്ക്കൗണ്ട് തുക ഉയര്‍ത്തിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. സ്കൂളുകള്‍ക്ക് 50 ശതമാനമെങ്കിലും ഡിസ്ക്കൗണ്ടില്‍ പുസ്തകം നല്‍കാനാണ് സംഘടനയുടെ തീരുമാനം. ഇതനുസരിച്ചുള്ള ഉത്തരവാണ് ആര്‍എംഎസ്എ തയ്യാറാക്കിയിട്ടുള്ളത്. മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് 40 ശതമാനത്തിന് പുസ്തകങ്ങള്‍ വിതരണത്തിന് എടുക്കുന്ന ബുക്മാര്ക്കിന് 50 ശതമാനം കുറച്ച് പുസ്തകവില്പന നടത്താന്‍ കഴിയില്ല. ഇതുതന്നെയാണ് ഈ ഗൂഢനീക്കത്തിന്റെ ഉദ്ദേശ്യവും.
പുസ്തകം വാങ്ങുന്ന ഒന്നരക്കോടി രൂപയും ഒന്നോ രണ്ടോ പ്രസാധകരുടെ കൈകളില്‍ എത്തുന്നതിനുള്ള നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നൂറോളം പ്രസാധക സ്ഥാപനങ്ങളാണുള്ളത്. ചെറുകിട-ഇടത്തരം പ്രസാധകര്‍ക്കായി മലയാള പ്രസാധകസംഘം (മാപ്സ്) എന്നൊരു സംഘടന നിലവിലുണ്ട്. എന്നാല്‍ ഇവരെ ഉള്‍പ്പെടുത്താതെയാണ് ആര്‍എംഎസ്എ അഞ്ച് അംഗങ്ങള്‍ മാത്രമുള്ള ആള് കേരള പബ്ലിഷേഴ്സ് ആന്റ് ബുക്ക് സെല്ലേഴ്സ് അസോസിയേഷനെ മാത്രം ഉള്‍പ്പെടുത്തി പുസ്തകോത്സവം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. ബുക്മാര്ക്കറ്റിംഗ് സൊസൈറ്റിയുടെ ഉന്നതരുടെ ഒത്താശയും ഇതിലുണ്ട്. സംസ്ഥാനത്തെ മദ്രസകള്‍ക്കായി ഒന്നരക്കോടിയോളം രൂപ പുസ്തകങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയത് ചെലവഴിച്ചതും ഇതേ രീതിയിലായിരുന്നത്രെ. ആര്‍എംഎസ്എയുടെ പുസ്തകമേളകള്‍ ബുക് മാര്‍ക്ക് നേരിട്ട് നടത്തുകയോ ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന മേളകള്‍ പോലെ എല്ലാ പ്രസാധാകരേയും പങ്കെടുപ്പിച്ചു നടത്തുകയോ വേണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: