തിരുവനന്തപുരം: വിഖ്യാത ഹൃദ്രോഗ വിദഗ്ധനും നാഷണല്‍ റിസര്‍ച്ച് പ്രൊഫസറും തിരുവനന്തപുരം ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപക ഡയറക്ടറുമായ ഡോ. എം.എസ്. വല്യത്താന് കേരള ശാസ്ത്ര പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡിസംബര്‍ 30ന് സമ്മാനിക്കും. പ്രശസ്തി പത്രവും ഫലകവും ഒരു ലക്ഷം രൂപയും ഉള്‍പ്പെടുന്ന പുരസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുന്നത്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ഡോ. ശശി തരൂര്‍, മന്ത്രി പി.കെ. അബ്ദുറബ്ബ്, കേരള സര്‍വകലാശാല ആക്റ്റിംഗ് വിസി ഡോ. എന്‍ വീരമണികണ്ഠന് എന്നിവര്‍ പങ്കെടുക്കും. കെ. മുരളീധരന് എംഎല്‍എ അധ്യക്ഷനായിരിക്കും. ലോകത്തെവിടെയും പ്രവര്‍ത്തിക്കുന്ന മികച്ച മലയാളി ശാസ്ത്രജ്ഞന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്കിവരുന്നതാണ് കേരള ശാസ്ത്രപുരസ്കാരം. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ആര് ചിദംബരം അധ്യക്ഷനായ സമിതിയാണ് ഇത്തവണ പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്. വൈദ്യശാസ്ത്ര മേഖലയ്ക്ക് ഡോ. വല്യത്താന് നല്കിയ ആജീവനാന്ത സംഭാവനകളിലെ മികവാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: