മംഗലാപുരം: പ്രമുഖ സഹകരണ സ്ഥാപനമായ കാംപ്കോ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനും സഹകാരിയുമായ വാരണാസി സുബ്രായ ഭട്ട് (87) സ്വദേശമായ കര്‍ണ്ണാടകയിലെ മംഗലാപുരം ജില്ലയില്‍പ്പെട്ട ബണ്ട്വാള്‍ അഡ്യനടുക്കയില്‍ അന്തരിച്ചു.
1927ല്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച സുബ്രായ ഭട്ട് പരമ്പരാഗതമായി അടക്ക കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും 1972 ലെ അടക്കയുടെ വിലയിടിവ് അദ്ദേഹത്തെയും ലക്ഷക്കണക്കിനുള്ള അടക്ക കര്‍ഷകരെയും ഉലച്ചുകളഞ്ഞിരുന്നു. ഇതിന് ഒരു പ്രതിവിധി എന്ന നിലയിലാണ് 1973ല്‍ കേരള സര്‍ക്കാറിന്റെയും കര്‍ണ്ണാടക സര്‍ക്കാറിന്റെയും സംയുക്ത സഹകരണത്തോടെ കാമ്പ്കോ (സെന്‍ട്രല്‍ അരക്കനട്ട് ആന്റ് കൊക്കോ മാര്‍ക്കറ്റിംങ്ങ് ആന്റ് പ്രൊസസ്സിംഗ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്)സ്ഥാപിച്ചത്. ഇന്ന് ഭാരതം മുഴുക്കെ 183 ഓളം ബ്രാഞ്ചുകളും ഏകദേശം ആയിരം കോടി ഉറുപ്പികയുടെ വരുമാനം ഈ സ്ഥാപനത്തിനുണ്ട്. സ്ഥാപക പ്രസിഡണ്ടായും 1990 വരെ കാമ്പ്കോ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായും അദ്ദേഹം തുടര്‍ന്നു.
കാംപ്കോ ആരംഭിക്കുന്നതിന് മുമ്പ് കര്‍ണ്ണാടകയിലെ ഹാസ്സന്‍ കേന്ദ്രീകരിച്ച് കോമാര്ക്ക് എന്ന പേരില്‍ കാപ്പി കൃഷിക്കാരുടെ ഒരു മാര്‍ക്കറ്റിംങ്ങ് സൊസൈറ്റിയും അദ്ദേഹം സ്ഥാപിച്ചിരുന്നു. കാമ്പ്കോവിന്റെ സഹോദര സ്ഥാപനമെന്ന നിലയില്‍ കൊക്കോ കര്‍ഷകരെ കൂടി ഉദ്ദേശിച്ച് കര്‍ണ്ണാടകയിലെ പുത്തൂരില്‍ 1984ല്‍ കാംപ്കോ ചോക്ലേറ്റ് ഫാക്ടറി തുടങ്ങി. ഇന്ന് ഏഷ്യയില്‍ തന്നെ ഏറ്റവും വലിയ ചോക്ലേറ്റ് ഫാക്ടറിയാണ് കാംപ്കോവിന്റേത്. കര്‍ണ്ണാടകയിലെ സിര്‍സിയില്‍ അടക്ക കര്‍ഷകര്‍ക്കായി അദ്ദേഹം ഒരു തുരിശ് (കോപ്പര്‍സള്‍ഫേറ്റ്) ഫാക്ടറിയും സ്ഥാപിച്ചു. ഓള് ഇന്ത്യാ അര്ക്കനട്ട് ആന്റ് ഗ്രോവേര്‍സ് ആന്റ് കൊക്കോ ഗ്രോവേര്‍സ് അസോസിയേഷന് പ്രസിഡന്റ, കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കീഴിലുള്ള കൊക്കോ ആന്റ് അറക്കനട്ട് ഡവലപ്പ്മെന്റ് കമ്മിറ്റി ചെയര്മാന്, കേന്ദ്ര ആസൂത്രണ കമ്മീഷന്റെ കീഴിലുള്ള പശ്ചിമഘട്ട വികസന കമ്മിറ്റിയംഗം തുടങ്ങിയ നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കര്‍ണ്ണാടക സംസ്ഥാനത്തിന്റെ മികച്ച സഹകാരിക്കുള്ള അവാര്‍ഡ്, അക്കാദമി ഓഫ് ജനറല്‍ എഡ്യുക്കേഷന്‍ ഓഫ് ന്യൂഇയര്‍ അവാര്‍ഡ്, സിന്‍ഡിക്കേറ്റ് ബാങ്ക് അവാര്‍ഡ്, റോട്ടറി അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും കര്‍ണ്ണാടക സര്‍ക്കാരിന്റെ സഹകാരി രത്ന അവാര്‍ഡ്, ഇഫോ ഏര്‍പ്പെടുത്തിയ സഹകാരി രത്ന അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസമായി അസുഖബാധിതനായി സുള്ള്യയിലെ മെഡിക്കല്‍ കോളേജിലായിരുന്ന അദ്ദേഹം. ഇന്നലെ പുലര്‍ച്ചെയോടെയാണ് അന്തരിച്ചത്.
കര്‍ണ്ണാടക മന്ത്രി രമാനാഥ റൈ, കാമ്പ്കോ പ്രസിഡണ്ട് കോംഗ്കോടി പത്മനാഭ, സഹകാര്‍ഭാരതി സ്റ്റേറ്റ് സെക്രട്ടറി സതീഷ് ചന്ദ്ര, കാമ്പ്കോ വൈസ് പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി, സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന് നമ്പ്യാര്‍ തുടങ്ങി നിരവധി പേര് അദ്ദേഹത്തിന്റെ വീട്ടിലെത്തി അനുശോചനമറിയിച്ചു. കാമ്പ്കോ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധിയായിരുന്നു.
പരേതയായ സരസ്വതിയാണ് ഭാര്യ. മക്കള്‍: ഡോ.കൃഷ്ണ മൂര്‍ത്തി (ശാസ്ത്രജ്ഞന്), സത്യപ്രകാശ് (എന്‍ജിനീയര്‍), തിരുമലേശ്വരി, രാജേശ്വരി. മരുമക്കള്‍: ഗോപാലകൃഷ്ണ, ഡോ.ഗോപാല റാവു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: