ന്യൂദല്‍ഹി: മുഖ്യമന്ത്രിയായി ഇന്നു ചുമതലയേല്‍ക്കുന്ന അരവിന്ദ് കേജ്രിവാളിന് ഭരണം അത്ര സുഖകരമാകില്ലെന്ന് സിഎന്‍ജി വിലവര്‍ദ്ധനവിലൂടെ കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. സിഎന്‍ജി കിലോഗ്രാമിന് 4.50 രൂപയാണ് വ്യാഴാഴ്ച രാത്രി വില കൂട്ടിയിരിക്കുന്നത്. വില വര്‍ദ്ധിപ്പിച്ചതോടെ ദല്‍ഹിയില്‍ സിഎന്‍ജിക്ക് 50.10 രൂപയും നോയിഡയില്‍ 56.70 രൂപയുമായി ഉയര്‍ന്നു. ഇന്നു ഭരണത്തിലേറുന്ന കേജ്രിവാളിന് മുഖ്യമന്ത്രിയെന്ന നിലയില്‍ ആദ്യത്തെ കടമ്പയാകും ഇത്.
ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചാരകരായ ഓട്ടോഡ്രൈവര്‍മാരെ ഏറെ ബാധിക്കുന്നതാണ് പ്രകൃതിവാതക വിലവര്‍ദ്ധനവ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം മൂലം ഭരണമേറ്റെടുത്ത ഉടന്‍ തന്നെ ഓട്ടോ ചാര്‍ജ്ജ് കൂട്ടുകയെന്ന തീരുമാനമെടുപ്പിക്കുന്നതിന് അരവിന്ദ് കേജ്രിവാളിനെ നിര്ബന്ധിതനാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
ഇന്ധന വില കൂടിയതോടെ ഓട്ടോകള്‍ക്ക് കിലോമീറ്ററിന് 13 പൈസയും ടാക്സികള്‍ക്ക് 22 പൈസയും നിരക്കില്‍ വര്‍ദ്ധിപ്പിക്കേണ്ടി വരും. ദല്‍ഹിയില്‍ ബസ്,ടാക്സി,ഓട്ടോ എന്നിവയെല്ലാം പൂര്‍ണ്ണമായും സിഎന്‍ജി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സപ്തംബറില്‍ 3.70 രൂപ വില വര്‍ദ്ധിപ്പിച്ചതായിരുന്നു. സിഎന്‍ജി വില രാജ്യത്തെല്ലായിടത്തും ഏകീകരിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ ഔദ്യോഗിക പ്രതികരണം. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിലവര്‍ദ്ധനവ് എന്നതു വ്യക്തമാണ്.
വിലവര്‍ദ്ധനവിനെതിരെ പണിമുടക്കി പ്രതിഷേധിക്കാനുള്ള ഓട്ടോഡ്രൈവര്‍മാരുടെ തീരുമാനം അരവിന്ദ് കേജ്രിവാളിന്റെ അഭ്യര്‍ത്ഥന പ്രകാരം മാറ്റിവെച്ചിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയം തിരഞ്ഞെടുത്ത് സിഎന്‍ജി വില അസാധാരണമായി വര്‍ദ്ധിപ്പിച്ച സംഭവത്തേപ്പറ്റി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പരിശോധിക്കുമെന്ന് അരവിന്ദ് കേജ്രിവാള് പ്രതികരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 12 മണിക്ക് രാംലീല മൈതാനിയില്‍ അരവിന്ദ് കേജ്രിവാളിനൊപ്പം മറ്റ് ആറുപേര്‍കൂടി മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: