അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പ്രതിയോഗികള്‍ കെട്ടിച്ചമച്ച നുണകള്‍ ഓരോന്നായി പൊളിയുന്നു. മാധ്യമങ്ങളുടെ പൊള്ളത്തരങ്ങള്‍ മുമ്പേ പുറത്തുവന്നു. ചില സാമൂഹ്യ പ്രവര്‍ത്തകരുടെ വ്യാജ മുഖം മൂടി അഴിഞ്ഞു വീണിരുന്നു. മോദിയുടെ സര്‍ക്കാരിന്റെ ഭാഗമായിരുന്നവരില്‍ ചില ഉദ്യോഗസ്ഥര്‍ അവസരവാദികളായെന്ന് വ്യക്തമായിരുന്നു. ആദ്യം അന്വേഷണ ഏജന്‍സിയും ഇപ്പോള്‍ കോടതിയും മോദിയേയും സര്‍ക്കാരിനേയും കുറ്റ വിമുക്തമാക്കിയപ്പോള്‍ ഉയര്‍ന്നു വരുന്നത് വ്യാജപ്പരാതിക്കാര്ക്കും കള്ളമൊഴി കൊടുത്തവര്ക്കുമെതിരേയുള്ള നടപടികള്‍ക്കുള്ള സാധ്യതയാണ്.
ഇന്ത്യാ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരധ്യായമാണ് 2002 ലെ ഗുജറാത്ത് കലാപം. സബര്‍മതി എക്സ്പ്രസിന്റെ കത്തിക്കലും തുടര്‍ന്നുണ്ടായ സംഭവങ്ങളും കലാപങ്ങളും ഏറെ വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമാക്കി. ഏറെപ്പേര്‍ക്ക് പരിക്കേറ്റു, വസ്തുവകകള്‍ക്ക് വന്‍ നാശമുണ്ടായി. ഇതിനെല്ലാം കുറ്റക്കാരന്‍ മോദിയാണെന്ന് ആരോപണങ്ങള്‍ പല കോണുകളില്‍നിന്നു വന്നു. പക്ഷേ യാഥാര്‍ത്ഥ്യം മറിച്ചായിരുന്നു. 1,00,488 പേരെയാണ് കുറ്റക്കാരായും കരുതല്‍ തടങ്കല്ക്കാരായും അന്ന് അറസ്റ്റുചെയ്തത്. ഇന്ത്യാ ചരിത്രത്തില്‍ ഒരു സംഘര്‍ഷത്തിന്റെ പേരിലുണ്ടായ ഏറ്റവും വലിയ അറസ്റ്റ്. മറ്റ് ഏതു കലാപത്തില്‍ കൊല്ലപ്പെട്ടതിനേക്കാളേറെ പേര് പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടു. 4272 കേസുകളെടുത്തു. 1168 കേസുകള്‍ തീര്‍പ്പായപ്പോള്‍ നൂറുകണക്കിനു പേര്‍ക്കു ശിക്ഷ കിട്ടി. ഇതിലെല്ലാം നടപടി ഗുജറാത്ത് പോലീസിന്റേതായിരുന്നു. എന്നാല്‍ അന്നൊന്നും ഗുജറാത്ത് പോലീസിനെതിരേ ആര്‍ക്കും പരാതിയില്ലായലിരുന്നു.
2006 ല്‍ അതായത് സംഭവത്തിന് നാലുവര്‍ഷം കഴിഞ്ഞാണ് ഗുജറാത്ത് പോലീസ് ഗൂഢാലോചന നടത്തിയെന്ന ആക്ഷേപം ഉയര്‍ന്നത്. അവിടെയാണ് കള്ളക്കളികളുടെ തുടക്കം എന്നു വേണമെങ്കില്‍ പറയാം. ആക്ഷേപം ഉയര്‍ന്നപ്പോള്‍ സുപ്രീംകോടതി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് (എസ്ഐടി) ഗുജറാത്തിലെ ഒമ്പത് പ്രധാന കേന്ദ്രങ്ങള്‍ കൈമാറി. സിബിഐ ഡയറക്ടറായിരുന്ന ഡോ.ആര്.കെ.രാഘവന് തലവനായി ഗുജറാത്ത് കേഡറില്‍ പെടാത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയാണ് സമിതി ഉണ്ടാക്കിയത്. ഈ സംഘം അന്വേഷണം നടത്തി, ചിലരെക്കൂടി അറസ്റ്റ് ചെയ്ത് ഗുജറാത്ത് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി. സുപ്രീംകോടതി എസ്ഐടിയുടെ കുറ്റപത്രം സ്വീകരിക്കുകയും അവരുടെ സേവനത്തെ പ്രശംസിക്കുകയും ചെയ്തു.
എസ്ഐടി റിപ്പോര്‍ട്ടുകളിലൊന്നിലും മുഖ്യമന്ത്രി നരേന്ദ്രമോദിയുടെയോ സര്‍ക്കാരിന്റെയോ പങ്കാളിത്തത്തിന് തെളിവില്ലായിരുന്നു. അതോടെ കള്ളക്കളിക്കര്ക്ക് ആദ്യ വീഴ്ച പറ്റി. പക്ഷേ അവര്‍ അടങ്ങിയില്ല. 2006 ജൂണ്‍ എട്ടിന് സാക്കിയ ജഫ്രി പുതിയൊരു ഹര്‍ജി സമര്‍പ്പിച്ചു. അവരുടെ ആരോപണം മുഖ്യമന്ത്രിയും മറ്റ് 63 പേരും ചേര്‍ന്ന് ഭരണഘടനാ സ്തംഭനത്തിന് ഗൂഢാലോചന നടത്തിയെന്നും അങ്ങനെ സംസ്ഥാനത്ത് വന്‍ കലാപം ആസൂത്രണം ചെയ്തുവെന്നുമായിരുന്നു. എന്നാല്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ അതിനു മൂന്നുവര്‍ഷം മുമ്പ് 2003 ല്‍ രൂപം കൊടുത്ത നാനാവതി കമ്മീഷനു മുന്നില്‍ ഇത്തരത്തില്‍ ഒരു പരാതിയും ആരും ഉന്നയിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സാക്കിയയുടെ പരാതിയുടെ സംഗ്രഹം ഇതായിരുന്നു, 2002 ഫെബ്രുവരി 27 ന് മുഖ്യമന്ത്രിയുടെ ഗാന്ധിനഗറിലെ വീട്ടില്‍ നടന്ന യോഗത്തില്‍ അന്തരിച്ച ഹരീന് പാണ്ഡ്യയും അന്നത്തെ പോലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടും ഹാജരുണ്ടായിരുന്നു. ഹിന്ദുക്കളുടെ ക്ഷോഭം പ്രകടിപ്പിക്കാന്‍ അവസരം കൊടുക്കണമെന്ന് ആ യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പക്ഷേ, ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹരേന്‍ പാണ്ഡ്യ അഹമ്മദാബാദിലായിരുന്നു, ഗാന്ധിനഗറിലെ യോഗത്തിലല്ല പങ്കെടുത്തതെന്ന് ബോധ്യമായി. അതോടെ സാക്കിയ ഈ പരാതിയില്‍നിന്ന് പിന്മാറി. യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന എട്ട് ഉദ്യോഗസ്ഥരെ എസ്ഐടി ചോദ്യം ചെയ്തു. അവരെല്ലാവരുംതന്നെ മുഖ്യമന്ത്രിയുടെ യോഗത്തില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ലെന്നും മുഖ്യമന്ത്രി അങ്ങനെ നിര്‍ദ്ദേശം നല്‍കിയില്ലെന്നും അവര്‍ വ്യക്തമാക്കി.
പരിശോധനകളില്‍ രേഖകള്‍ വ്യക്തമാക്കിയത് സഞ്ജീവ് ഭട്ട് ആ സമയം അഹമ്മദാബാദിലായിരുന്നുവെന്നും മറിച്ച് ഗാന്ധിനഗര്‍ യോഗത്തില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ കൃത്രിമ രേഖകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നുമാണ്. സുപ്രീംകോടതി 2007 നവംബര്‍ 27 ന് ഈ കാര്യവും അന്വേഷിക്കാന്‍ എസ്ഐടിയെ ചുമതലപ്പെടുത്തി. എസ്ഐടി ഗൂഢാലോചനക്കാരെന്ന് ആരോപിക്കപ്പെട്ട 63 പേരെയും പരിശോധിച്ചു. അവര്‍ ഒമ്പതുമണിക്കൂര്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തു. എല്ലാ അനുബന്ധരേഖകളും സാക്ഷികളേയും പരിശോധിച്ച 2011 ഏപ്രില്‍ 24 ന് സുപ്രീംകോടതി കൊടുത്ത റിപ്പോര്‍ട്ടില്‍ നരേന്ദ്രമോദിക്കെതിരെയുള്ള പരാതിയില്‍ ഒരു കഴമ്പുമില്ലെന്ന് സുവ്യക്തമാക്കി.
ഈ റിപ്പോര്‍ട്ടിലും സംതൃപ്തയാവാത്ത അവര്‍ ഒരു അമിക്കസ് ക്യൂറി വേണമെന്ന് നിര്‍ബന്ധം പിടിച്ചു. 2011 ഏപ്രില്‍ 25 ന് അമിക്കസ് ക്യൂറി അദ്ദേഹത്തിന്റെ അഭിപ്രായം സമര്‍പ്പിച്ചു. സിആര്‍പിസി 17-ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ 2011 ഏപ്രില്‍ 12 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സ്വീകരിക്കണമോ എന്നത് കോടതിയുടെ സ്വാതന്ത്ര്യമാണ്. മജിസ്ട്രേറ്റ് എല്ലാ തെളിവുകളും പരിശോധിച്ച് എതിര് ഹര്‍ജികളും വിശദമായ വാദങ്ങളും കേട്ട് അവസാനം നരേന്ദ്രമോദിക്കെതിരെയുള്ള കേസ് അവസാനിപ്പിച്ചു. സത്യം സംരക്ഷിക്കപ്പെട്ടു. മുഖ്യമന്ത്രിയെ കുറ്റക്കാരാനാക്കാന് നടത്തിയ ഗൂഢാലോചനയെന്ന കുറ്റകൃത്യം തുറന്നു കാട്ടപ്പെട്ടു.
ഈ കേസിന്റെ നാള്‍വഴി വിശകലനവും ഗതി വിഗതികളുടെ പഠനവും ചില കാര്യങ്ങള്‍ സുവ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ സിബിഐയേയും എസ്ഐടിയേയും കോടതിയില്‍ പരാതി നല്കുന്ന സംവിധാനത്തെയും മാധ്യമങ്ങളെയും കോണ്‍ഗ്രസ് പാര്‍ട്ടിയും അവര്‍ പോറ്റുന്ന വിവിധ സംഘടനകളും വ്യക്തികളും വിനിയോഗിച്ചു. ഒന്നിലും വിജയിച്ചില്ല. കോണ്‍ഗ്രസിന്റേയും ചില എന്‍ജിഒകളുടെയും രാഷ്ട്രതന്ത്രത്തില്‍ ചില ഉദ്യോഗസ്ഥരുടെ ചെറു സംഘവും ഉള്‍പ്പെട്ടു. അവര്‍ തെളിവുകള്‍ ചമച്ചു. സത്യത്തിനെതിരെയുള്ള ഗൂഢാലോചനയില്‍ പങ്കുചേരാന്‍ ചില വെബ്സൈറ്റുകള്‍ സ്റ്റിംഗ് ഓപ്പറേഷനുകള്‍വരെ നടത്തി.
ഈ എതിര്പ്പുകള്ക്കെല്ലാമിടയിലും നരേന്ദ്രമോദി രാഷ്ട്രീയമായി കൂടുതല്‍ കരുത്തനാകുന്നുവെന്നതാണ് വാസ്തവം. ഇത്രയൊക്കെ എതിര് പ്രവര്‍ത്തനം ഉണ്ടായിട്ടും അദ്ദേഹം ഗുജറാത്തിന്റെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനാല്‍ 2002 ലും 2007 ലും 2012 ലും സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വിജയിച്ചു. ഇപ്പോള്‍ കോടതിയും അദ്ദേഹത്തെ കുറ്റ വിമുക്തനാക്കി. എതിരാളികള്‍ മേല്‍ക്കോടതിയില്‍ പോയേക്കും. പക്ഷേ, പരമോന്നത നീതിപീഠം മേല്‍നോട്ടം വഹിച്ച അന്വേഷണ സംഘം നല്കിയ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് മജിസ്ട്രേറ്റു കോടതി വിധിയെന്നവര് മറന്നു പോകുന്നു. തത്വത്തില്‍ ഇതു സുപ്രീം കോടതിയുടെ വിധിപോലെയാണ് മജിസ്ട്രേറ്റു കോടതി വിധിയെന്നു പറയാവുന്നതാണ്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: