പത്തനംതിട്ട: ആറന്മുള വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ നിയമലംഘനങ്ങള്‍ നടന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് തെളിവെടുപ്പ് നടത്തി.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവും വിമാനത്താവള പദ്ധതി പ്രദേശവും സന്ദര്‍ശിച്ച കമ്മീഷന് 30 ഓളം പേരില്‍ നിന്ന് മൊഴിയെടുത്തു. അഭിഭാഷക കമ്മീഷന് അഡ്വ.സുഭാഷ്ചന്ദും സഹായികളും ഇന്നലെ രാവിലെ പത്തുമണിയോടെയാണ് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ഉപദേശകസമിതി, വിവിധ എന്‍എസഎസ് കരയോഗങ്ങള്‍, പള്ളിയോട സേവാസംഘം, ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി എന്നിവയുടെ പ്രതിനിധികളടക്കമുള്ളവരില് നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്.
പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കാവല്മലകളായ പുലിക്കുന്ന്, ഇടപ്പാറമല, കനകക്കുന്ന് മല, കടപ്രമല തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരും കമ്മീഷന് മുമ്പാകെ മൊഴിനല്‍കാന്‍ എത്തിയിരുന്നു. വൈകിട്ട് മൂന്നു മണിയോടെയാണ് മൊഴി ശേഖരണം പൂര്‍ത്തിയാക്കി അഭിഭാഷക കമ്മീഷന് ആറന്മുളയില് നിന്നും മടങ്ങിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കമ്മീഷന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: