കൊച്ചി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തില്ലെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി. രാജ്യത്ത് യുപിഎ വിരുദ്ധ വികാരമാണ് പ്രതിഫലിക്കുന്നതെന്നും റെഡ്ഡി പറഞ്ഞു. അഴിമതി, വിലക്കയറ്റം തുടങ്ങി നിരവധി കാരണങ്ങളാലാണ് യുപിഎയ്ക്കെതിരെ ജനം തിരിയാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയതും ഈ വികാരമാണെന്നും ഇതില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ ഉജ്ജലവിജയം നേടാന്‍ അവര്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ആശയങ്ങള്‍ യുവാക്കള്‍ക്കിടയിലേക്ക് എത്തിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദല്‍ഹിയില്‍ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമല്ല ഉണ്ടായിരുന്നതെന്നും മെട്രോ റെയില്‍ പോലുള്ള സൗകര്യങ്ങളല്ല ജനങ്ങള്‍ക്ക് ആവശ്യം. വിലക്കയറ്റം സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്നില്ല. മൂന്നാം ബദല്‍ എന്ന നിലയിലാണ് ആം ആദ്മി പാര്‍ട്ടിയെ ജനങ്ങള്‍ വിജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളായിരിക്കും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തിലെത്തണമെന്ന് തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസുരക്ഷാ ബില്‍ മുതലായവ പാസാക്കിക്കൊണ്ട് അധികാരത്തിലെത്താനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് പയറ്റുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ഉള്‍പ്പെടുത്താതെയുള്ള ലോക്പാല്‍ ബില്‍ വളരെ ദുര്‍ബലമാണെന്നും ഈ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്താതെ ഈ ബില്‍ പൂര്‍ണമാവില്ലെന്നും റെഡ്ഡി പറഞ്ഞു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ എതിര്‍പ്പ് മൂലമാണ് കേന്ദ്രപരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജന് രാജിവച്ചതിന് പിന്നിലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
ദല്‍ഹിയില്‍ അധികാരത്തിലെത്തുന്ന ആം ആദ്മി പാര്‍ട്ടിയ്ക്ക് അക്കാദമിക് നയങ്ങള്‍ ഒന്നും തന്നെയില്ലെന്നും ദല്‍ഹി നേരിടുന്ന പ്രശ്നങ്ങളില്‍ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ മാത്രമാണ് എഎപി മുന്നോട്ട് വച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതിയ്ക്കെതിരെ പോരാട്ടം നടത്തിയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ രാജ്യത്തുനിന്നും അഴിമതി പൂര്‍ണമായി തുടച്ചുനീക്കുക സാധ്യമല്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എഎപിയുമായി സഹകരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും തന്നെ ഇപ്പോള്‍ നടക്കുന്നില്ലെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാക്കുമെന്നും മറ്റ് പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും മീറ്റ് ദ പ്രസ് പരാപാടിയില്‍ പങ്കെടുത്തുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: