ന്യൂദല്‍ഹി: വിദേശത്തുനിന്നും ഫണ്ട് വാങ്ങിയ സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരായി അന്വേഷണം പ്രഖ്യാപിക്കാനുള്ള കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കത്തിനിടെ ദല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്രിവാള് നാളെ സത്യപ്രതിജ്ഞ ചെയ്യും. വിമതഭീഷണിയും ഭരണതലത്തിലെ നടപടിക്രമങ്ങള്‍ പൂര്ത്തിയാവാതിരുന്നതും സത്യപ്രതിജ്ഞ ഇന്നലെ നടക്കാതിരുന്നതിനു കാരണമായി. കേജ്രിവാളിനൊപ്പം മനീഷ് സിസോഡിയ, രാഖി ബിര്‍ള, സൗരവ് ‘രദ്വാജ്, സോമനാഥ് ഭാരതി, സത്യേന്ദ്ര കുമാര്‍ ജെയിന്, ഗിരീഷ് സോണി എന്നീ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതിനു പരസ്യമായി പ്രതിഷേധിച്ച വിനോദ്കുമാര്‍ ബിന്നിയെ മറ്റു വാഗ്ദാനങ്ങള്‍ നല്കി അനുനയിപ്പിച്ച ശേഷമാണ് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
രാംലീലാ മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് വിഐപികളെ ക്ഷണിച്ചിട്ടില്ലെന്നും അണ്ണാഹസാരെയെ ക്ഷണിച്ചതായും അരവിന്ദ് കേജ്രിവാള് പറഞ്ഞു. എന്നാല്‍ ഹസാരെ പങ്കെടുക്കില്ല. അനാരോഗ്യമെന്ന കാരണമാണ് പറയുന്നത്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അരവിന്ദ് കേജ്രിവാള് പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതിനിടെ വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് വിശദീകരണം തേടാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ദല്‍ഹിയിലെ സര്‍ക്കാര്‍ രൂപീകരണ ചടങ്ങിനു ശേഷം പാര്‍ട്ടിയില്‍ നിന്ന് വിശദീകരണം തേടാനാണ് ആഭ്യന്തര വകുപ്പിന്റെ ശ്രമം. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും വാങ്ങേണ്ട 30 ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ തേടിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് വീണ്ടും വിശദീകരണം ആരായുന്നത്. ആം ആദ്മി പാര്‍ട്ടി ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന പരാതിയില്‍ അന്വേഷണം നടത്തണമെന്ന് ഡല്‍ഹി ഹൈക്കോടതിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഒക്ടോബറില്‍ ആവശ്യപ്പെട്ടത്. ഡിസംബറില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കോടതി നിര്‍ദ്ദശത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: