ലക്നൗ: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുവാന്‍ ഒരുങ്ങുന്നു. യുപിയിലെ രാഹുലിന്റെ സിറ്റിംഗ് സീറ്റായ അമേഠിയിലാണ് കുമാര്‍ വിശ്വാസ് മത്സരിക്കുക. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേഠിയില്‍ ആം ആദ്മി റാലി നടത്താന്‍ ഒരുങ്ങുകയാണ്. വരുന്ന ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ കുമാര്‍ വിശ്വാസ് മണ്ഡലം സന്ദര്‍ശിക്കുമെന്ന് എഎപി നേതാക്കള്‍ വ്യക്തമാക്കി.
പ്രമുഖ ഹിന്ദി കവിയും കോളേജ് അധ്യാപകനുമായ കുമാര്‍ വിശ്വാസിനെത്തന്നെ രാഹുലിനെതിരെ മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പാര്‍ട്ടി വൃത്തങ്ങള്‍ പിന്നീടിക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഝാഡു സന്ദേശ് യാത്ര എന്ന പേരില്‍ റാലി നടത്താനുള്ള നടപടികളുടെ ഭാഗമായി വിശ്വാസ് ഉടന്‍ തന്നെ അമേഠി സന്ദര്‍ശിക്കും. അറിയപ്പെടുന്ന കവിയായ വിശ്വാസ് ഇന്ത്യയ്ക്കകത്തും പുറത്തുമായി നടത്തിയ നിരവധി കവി സമ്മേളനങ്ങളിലൂടെ ശ്രദ്ധേയനാണ്. 1999-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധി വിജയിച്ച മണ്ഡലമാണ് അമേഠി.. 2004-ല്‍ സുരക്ഷിത മണ്ഡലമെന്ന നിലയ്ക്ക് മകനായ രാഹുലിന് കൈമാറുകയായിരുന്നു. 2004, 09 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ഗാന്ധി ഈ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയാണ് എംപിയായത്.
ദല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തുടര്‍ച്ചയായി മൂന്നു തവണ സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്തിനെ 25,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച പാരമ്പര്യമാണ് ആം ആദ്മിക്കുള്ളത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന് ആം ആദ്മിയെ നിസാരമായി കാണുവാന്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: