ന്യൂദല്‍ഹി: യുവതിക്കു സംരക്ഷണമേര്‍പ്പെടുത്തിയ സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബിജെപി. മോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് പ്രതികരിച്ചു. സംഭവത്തേപ്പറ്റി ആരോപണമുയര്‍ന്നപ്പോള്‍ത്തന്നെ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചത് എന്തു ലക്ഷ്യത്തോടെയുള്ളതാണെന്ന് ജനങ്ങള്‍ തിരിച്ചറിയും. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ ലക്ഷ്യംവെച്ചുകൊണ്ട് നിരവധി തവണ ഇത്തരത്തില്‍ ഗൂഢശ്രമങ്ങള്‍ നടന്നപ്പോഴും മോദി കൂടുതല്‍ കരുത്തനായി മാറിയത് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ്സും മനസ്സിലാക്കണമെന്നും രാജ്നാഥ്സിങ് പറഞ്ഞു.
രാഷ്ട്രീയലക്ഷ്യത്തോടെയുള്ള പകപോക്കലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതിനു പിന്നിലെന്ന് ബിജെപി രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന തിരിച്ചടിയില്‍ നിന്നും കോണ്‍ഗ്രസ് പാഠം പഠിക്കും. രാഷ്ട്രീയമായി മോദിയെ കീഴ്പ്പെടുത്താനാവാത്തതോടെ അന്വേഷണ സംഘങ്ങളേയും കമ്മീഷനുകളേയും നിയോഗിച്ച് തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരത്തെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി നിയമനടപടി സ്വീകരിക്കും. കോടതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ബിജെപി കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തെത്തന്നെയാണ് കോണ്‍ഗ്രസ് തകര്‍ത്തിരിക്കുന്നത്. കേന്ദ്രനീക്കത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രതികരിക്കേണ്ടതുണ്ടെന്നും അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: