തിരുവനന്തപുരം: സംസ്ഥാന കലാപുരസ്കാരങ്ങള് പ്രഖ്യാപിച്ചു. കഥകളി പുരസ്കാരത്തിന് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരത്തിന് സദനം വാസുദേവനും അര്‍ഹരായതായി സാംസ്കാരികമന്ത്രി കെ.സി. ജോസഫ് അറിയിച്ചു. കലാമണ്ഡലം രാമചാക്യാര്ക്കാണ് കേരളീയ നൃത്ത നാട്യ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍. പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍നായര്‍ അധ്യക്ഷനാ സമിതിയാണ് കഥകളിപുരസ്കാരം നിര്‍ണയിച്ചത്. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് അധ്യക്ഷനായ സമിതി നൃത്ത നാട്യ പുരസ്കാരവും പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരവും നിര്‍ണയിച്ചു. നാട്യാചാര്യന് വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായി കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലും അഭ്യാസം പൂര്‍ത്തിയാക്കിയ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി കഥകളിയിലെ താടി, കരി വേഷങ്ങള്‍ക്ക് ആഴവും അര്‍ത്ഥവും നല്‍കിയെന്ന് ജൂറി വിലയിരുത്തി.
കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും കേരള കലാമണ്ഡലം അവാര്‍ഡും ഉള്‍പ്പടെ ധാരാളം ബഹുമതികള്‍ ലഭിച്ച അദ്ദേഹം 73-ാം വയസിലും കഥകളി അരങ്ങില്‍ സജീവമാണ്. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ നെല്ലിയോട് മനയില്‍ വിഷ്ണുനമ്പൂതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകനായി ജനിച്ച വാസുദേവന്‍ നമ്പൂതിരി പതിനേഴാം വയസിലാണ് കഥകളി പഠിക്കാന്‍ ആരംഭിച്ചത്.
മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറത്ത് കരിമ്പനക്കല്‍ വീട്ടില്‍ മീനാക്ഷി അമ്മയുടെയും ചെനങ്കര ഗോപാലന് നായരുടെയും മകനായി ജനിച്ച സദനം വാസുദേവന്‍ ഏഴാം വയസില്‍ ചെണ്ട പഠിക്കാന്‍ ആരംഭിച്ചു. തായമ്പകയിലും കഥകളി മേളത്തിലും ഒരുപോലെ ശോഭിക്കുന്ന കൈകളാണ് വാസുദേവന്റേത്. കൊട്ടുന്ന എണ്ണങ്ങളുടെ മിഴിവും നേര്കോലിന്റെ സ്വാദും മനോധര്‍മ്മത്തിന്റെ മികവും വാസുദേവന്റെ തായമ്പകയെ കൊട്ടുകച്ചേരിയാക്കി മാറ്റുന്നു. മട്ടന്നൂര്‍ ശങ്കരന്കുട്ടിമാരാരടക്കം കനപ്പെട്ട ശിഷ്യസമ്പത്തുള്ള വാസുദേവന്‍ ഇന്നും വാദ്യകലാ പ്രണയികളുടെ നിലക്കാത്ത ആവേശമാണ്. കേരള കലാമണ്ഡലം അവാര്‍ഡുള്‍പ്പെടെ ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1950ല്‍ തൃശൂര്‍ ജില്ലയിലെ പൈങ്കുളത്ത് കൊയ്പ്പച്ചാക്യാര് മഠത്തില്‍ കാവൂട്ടി ഇല്ലോടമ്മയുടേയും അമ്മന്നൂര്‍ പരമേശ്വരച്ചാക്യാരുടെയും പുത്രനായി ജനിച്ച രാമചാക്യാര്‍ കൂടിയാട്ടത്തിലെ നാട്യപ്രധാന വേഷങ്ങളായ സുഗ്രീവന്, ഹനുമാന്, ജടായു തുടങ്ങിയ വേഷങ്ങളിലും സകല വിദൂഷക വേഷങ്ങളിലും വൈഭവം തെളിയിച്ചിട്ടുണ്ട്. ചാക്യാര്‍ കൂത്തിലും ഇദ്ദേഹം അദ്വിതീയനാണ്. ഗഹനമായ നാടകപരിജ്ഞാനം, പ്രബന്ധക്കൂത്തിലുള്ള ഉപസ്ഥിതി, തുളുമ്പി നില്ക്കുന്ന ഫലിതം, പ്രത്യുല്പന്നമതിത്വം എന്നിവ രാമച്ചാക്യാരുടെ അസാധാരണ ഗുണവിശേഷങ്ങളാണ്. അരങ്ങിലെന്നപോലെ കളരിയിലും കൃതഹസ്തനാണ് ഇദ്ദേഹം.
മുഖ്യമന്ത്രിയുടെ തിയതി ലഭിച്ചശേഷം കലാമണ്ഡലത്തില്‍ വെച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: