കൊച്ചി: കണ്ഠരര് മോഹനര്‍ക്ക് അര്‍ഹമായ നീതി ലഭ്യമാക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അലംഭാവം പുലത്തുന്നതായി ആക്ഷേപം. ശബരിമലയില്‍ താന്ത്രിക ചുമതലകളില്‍ സഹായിക്കുന്നതിനായി കണ്ഠരര് മോഹനരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കണ്ഠരര് മഹേശ്വരര് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമായ മറുപടി നല്‍കാതെ ദേവസ്വം ബോര്‍ഡ് ഒളിച്ചുകളിക്കുന്നു. അവധി ചോദിച്ച് കേസ് നീട്ടിക്കൊണ്ടുപോകാനാണ് ബോര്‍ഡിന്റെ ശ്രമം. ആദ്യമൊക്കെ അവധി നല്കിയ കോടതി ഇനി അത് കിട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ജസ്റ്റിസ് പരിപൂര്ണന് കമ്മീഷന് മോഹനനര്ക്കെതിരെ പറഞ്ഞ പരാമര്‍ശം അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കണ്ഠരര് നീലകണ്ഠരരുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് ശോഭാ ജോണിന്റേയും ബച്ചു റഹ്മാന്റേയും നേതൃത്വത്തിലുള്ള 11 അംഗ സംഘം മോഹനരരെ ബ്ലാക് മെയില്‍ ചെയ്യുന്നത്. ഈ കേസില്‍ കണ്ഠരര് മോഹനരര് നിരപരാധിയാണെന്ന് എറണാകുളം സെഷന്‍സ് കോടതി 2012 ഓഗസ്റ്റ് എട്ടിന് വിധി പ്രസ്താവിച്ചിരുന്നു. ഇതിന് മുമ്പുള്ള കാലയളവില്‍ മകന് നിരപരാധിയാണെന്നും നീതി നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച് കണ്ഠരര് മഹേശ്വരര് ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരുന്നു. കോടതി വിധി വരുന്നത് വരെ കാത്തിരിക്കണം എന്ന മറുപടിയാണ് ബോര്‍ഡ് നല്‍കിയത്. കോടതി വിധി അനുകൂലമായിട്ടും ബോര്‍ഡ് അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും കമ്മീഷണര്‍ക്കും വീണ്ടും അപേക്ഷ നല്‍കിയത്. കമ്മീഷണര്‍ അന്വേഷണം നടത്തി വിശദ റിപ്പോര്‍ട്ട് ബോര്‍ഡിന് നല്‍കിയിട്ടും ബോര്‍ഡ് ഇക്കാര്യത്തില്‍ നിസംഗത പാലിക്കുകയായിരുന്നു.
പ്രായാധിക്യവും ശാരീരിക ബുദ്ധിമുട്ടുകളും കാരണം കണ്ഠരര് മോഹനരരെ സന്നിധാനത്ത് സഹായിയായി നിര്‍ത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ഠരര് മഹേശ്വരര് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മോഹനര്‍ക്ക് പൂജാവിധികളോ സംസ്കൃതമോ വേദമോ അറിയില്ലെന്ന് ജസ്റ്റിസ് പരിപൂര്ണന് കമ്മീഷന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മോഹനരരുടെ വേദപരിജ്ഞാനം സംബന്ധിച്ച് ഒരു പരാമര്‍ശവും പരിപൂര്ണന് കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിലോ അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലോ ഇല്ല.
ദേവസ്വം ബോര്‍ഡിലെ മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം അന്വേഷിക്കാനാണ് പരിപൂര്ണന് കമ്മീഷനെ നിയോഗിച്ചത്. ഇതിന്റെ തെളിവെടുപ്പിനിടെ കമ്മീഷന് ചോദിച്ച ചോദ്യങ്ങളും അതിന് മോഹനര് നല്കിയ മറുപടിയും ബോര്‍ഡ് വളച്ചൊടിച്ച് കണ്ഠരര് മോഹനര്‍ക്ക് വേദപരിജ്ഞാനം ഇല്ലെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: