കോട്ടയം: ബിജെപിക്കെതിരെ രാഷ്ട്രീയം മറന്ന് ഒന്നിച്ചു നില്ക്കാന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സിലിന്റെ ആഹ്വാനം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ മതേതര പാര്‍ട്ടികളുടെ കൂട്ടായ്മ ഉണ്ടാകണമെന്ന് ജമാ-അത്ത് കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് വിജയ സാധ്യത ഇല്ലാത്തതിനാല്‍ ഇടതു-വലതു മുന്നണികള്‍ തമ്മില്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഈ മതേതര കക്ഷികള്‍ ഒന്നിച്ചുനിന്ന് ബിജെപിയെ എതിര്‍ക്കണം. മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കേണ്ട ബാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കുമ്പോഴും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം മുസ്ലിം സമുദായത്തിന് നല്കാന് സിപിഎമ്മും കോണ്‍ഗ്രസ്സും തയ്യാറാകണമെന്നും ജമാ അത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
നരേന്ദ്രമോദിയെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എംഎല്‍എമാരേയും രാഷ്ട്രീയ നേതാക്കളേയും ബഹിഷ്കരിക്കാന്‍ മഹല്‍ കമ്മറ്റികള്‍ തയ്യാറാകണം. ബിജെപിക്ക് എതിരെ അണിനിരക്കാന്‍ ഇതര മുസ്ലിം സംഘടനകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
തിരുവനന്തപുരം പാളയത്ത് ആസ്ഥാനമന്ദിരവും ഇസ്ലാമിക ലൈബ്രറിയും ഖുര്‍ആന്‍ റിസേര്‍ച്ച് സെന്ററും സ്ഥാപിക്കും. കേരള മുസ്ലിം ചരിത്രവും മഹല്‍ ജമാ അത്തുകളുടെ വിവരങ്ങളും രേഖപ്പെടുത്തിയ കേരള മുസ്ലിം ഹിസ്റ്ററി ഡയറക്ടറി വരുന്ന മാര്‍ച്ചില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രകാശനം ചെയ്യുമെന്നും അവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. ഷാജി, ട്രഷറര്‍ ബഷീര്‍ തേനംമാക്കല്‍, വൈസ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: