കോഴിക്കോട്: രാഷ്ട്രസുരക്ഷയുടെ കാര്യത്തില്‍ ഭരണകര്‍ത്താക്കള്‍ ഉറക്കം തൂങ്ങുകയാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കെ.സി.കണ്ണന് പറഞ്ഞു. അഖിലഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി മുതലക്കുളം ക്യാപ്റ്റന്‍ വിക്രം നഗറില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രസുരക്ഷയ്ക്കുവേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കാത്ത ഭരണകര്‍ത്താക്കള്‍ നാടിന്റെ അപമാനമാണ്. ഇവര്‍ ഭീകരവാദികളെ പാലൂട്ടുകയാണ് ചെയ്യുന്നത്. കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പരയിലടക്കം നിരവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിയായ മദനിയെ രക്ഷിക്കാന്‍ ഇടത്-വലത് രാഷ്ട്രീയ കക്ഷികള്‍ മത്സരിക്കുകയാണ്. നാട് എങ്ങനെയായാലും വോട്ട് കിട്ടിയാല്‍ മതിയെന്ന നിലപാട് മാത്രമേ ഇവര്ക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകാശ്മീരിലെ ഭൂമി നമുക്ക് അടിക്കടി നഷ്ടപ്പെടുകയാണ്. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പടയൊരുക്കം ഭരണകര്‍ത്താക്കള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ജീവന് അപകടാവസ്ഥയിലുള്ള ജമ്മുകാശ്മീരില്‍ സൈനികര്‍ക്ക് കൊടുത്ത നിര്‍ദ്ദേശം നാട്ടുകാര്‍ക്ക് വേണ്ടി സേവനം ചെയ്യണമെന്നാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിലപാട് പലപ്പോഴും സൈനിക വിരുദ്ധമാണ്. ഇത് സൈനികരുടെ മനോബലം തകര്‍ക്കുമെന്നും കെ.സി.കണ്ണന് ചൂണ്ടിക്കാട്ടി.
ഭാരതത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഉത്തമബോധ്യമുള്ളത് കൊണ്ടാണ് ചൈനയെ കൂട്ടുപിടിച്ച് പാക്കിസ്ഥാന് പ്രവര്‍ത്തിക്കുന്നത്. അവര്‍ പ്രതിരോധബജറ്റ് വര്‍ദ്ധിപ്പിക്കുമ്പോള്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ ഇവിടെയത് വെട്ടിക്കുറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന് പട്ടാളം തലയറുത്ത് കൊന്നപ്പോള്‍ ചര്‍ച്ചയ്ക്ക് പോകുന്ന സമീപനമാണ് കേന്ദ്രഭരണ കൂടത്തിന്റേത്. പല്ലുംനഖവുമില്ലാതെ ചര്‍ച്ചയ്ക്ക് പോകുന്ന സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും അപകടകരമായ സ്ഥിതിയിലൂടെയാണ് രാഷ്ട്രം കടന്നുപോകുന്നത്. ഭീകരവാദം സംഹാരരൂപമെടുത്തുനില്ക്കുകയാണ്.
ഭരണകൂടം രാഷ്ട്രസുരക്ഷയേക്കാള് വലുതായി വോട്ട് സുരക്ഷയെ കാണുമ്പോള്‍ ഈ ഉത്തരവാദിത്വം ദേശസ്നേഹികളാണ് ഏറ്റെടുക്കേണ്ടത്. രാഷ്ട്രസുരക്ഷയില്‍ സാധാരണജനങ്ങളെ ബോധവാന്മാരാക്കുന്നതില് പൂര്വ്വസൈനികര്ക്കുള്ള പങ്ക് വളരെ വലുതാണെന്ന് കെ.സി.കണ്ണന് പറഞ്ഞു.യുവാക്കളില്‍ രാഷ്ട്രസേവനം ലഹരിയായി മാറണം. ഇതിനുള്ള പ്രവര്‍ത്തനം ഏറ്റെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. രാഷ്ട്രസേവനത്തിനും ദേശസ്നേഹികളുടെ കൂട്ടായ്മ നാടുനീളെ ഉണ്ടാക്കാനും പൂര്‍വ്വസൈനികര്‍ തയ്യാറാകേണ്ടിയിരിക്കുന്നു. ഈ വിഷയം മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. പ്രഭാകരന് പലേരി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: