കോട്ടയം: അനുദിനം കത്തിക്കയറുന്ന വിവാദ ചൂടില്‍ തണല്‍തേടി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്‍എസ്എസിനെ ശരണം പ്രാപിച്ചു. ഇന്നലെ ആലപ്പുഴയിലെ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുംവഴിയാണ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൂടിക്കാഴ്ച നടത്തിയത്. വൈകിട്ട് മൂന്നരയോടെ എത്തിയ അദ്ദേഹം അരമണിക്കൂറോളം ജനറല്‍ സെക്രട്ടറിയുമായി ആശയവിനിമയം നടത്തി.
ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നെന്നും എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നുമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ആദ്യ പ്രതികരണം. അതേസമയം ആരേയും തേജോവധം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈവയ്ക്കുന്നതെല്ലാം വിവാദത്തിലാവുകയും മുഖ്യമന്ത്രിയും പാര്‍ട്ടിയും ഭരണവുമൊക്കെ ഈ വിവാദച്ചുഴിയില്‍ പെടുകയും ചെയ്തതോടെ നില്‍ക്കകളിയില്ലാതെ പ്രതിരോധത്തിനും സ്വയരക്ഷയ്ക്കുമായി സമുദായ നേതൃത്വത്തിന്റെ പാദങ്ങളില്‍ തിരുവഞ്ചൂര്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നാണ് എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് ജയിച്ച് മന്ത്രിയായ ശേഷം എന്‍എസ്എസ് നേതൃത്വവുമായി വലിയ അടുപ്പം കാണിക്കാതിരുന്ന തിരുവഞ്ചൂര്‍ ഇടക്കാലത്ത് നേതൃത്വത്തിന്റെ കണ്ണിലെ കരടാവുകയും ചെയ്തിരുന്നു. അഭ്യന്തര വകുപ്പ് തിരുവഞ്ചൂര്‍ ഏറ്റെടുക്കുന്നതില്പോലും എന്‍എസ്എസ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇപ്പോഴും തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായമാണ് സമുദായ നേതൃത്വം പ്രകടിപ്പിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി. ജോര്‍ജ് ഉയര്‍ത്തിവിടുന്ന വിവാദങ്ങള്‍ ആഭ്യന്തര മന്ത്രിയേയും യുഡിഎഫിനെയും വല്ലാതെ ബാധിക്കുന്നുണ്ട്. മുന്നണി ബന്ധങ്ങളില്‍പോലും വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഈ വിവാദങ്ങള്‍ ഇടയാക്കുന്നുമുണ്ട്. പി.സി. ജോര്‍ജ് ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍നിന്നും തിരുവഞ്ചൂരിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും കാര്യമായി കഴിയുന്നുമില്ല. ഈ അവസ്ഥയില്‍ സമുദായ നേതൃത്വത്തിന്റെ പരിരക്ഷ ലഭിക്കാനുള്ള തന്ത്രമായും ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നുണ്ട്.
യുഡിഎഫ് നേതൃത്വവും കോണ്‍ഗ്രസുമായും എന്‍എസ്എസ് നേതൃത്വത്തിനുള്ള അകല്‍ച്ച വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കുറയ്ക്കുന്നതിനുള്ള പ്രാരംഭ നടപടിയായും ഈ സന്ദര്‍ശനത്തെ കണക്കാക്കാം. കോണ്‍ഗ്രസ് നേതൃത്വവുമായി എന്‍എസ്എസിനെ അടുപ്പിക്കുന്നതിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി എന്‍എസ്എസിനുള്ള അകല്‍ച്ച ഇല്ലാതാക്കേണ്ടത് അനിവാര്യമാണ്. അതിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ തിരുവഞ്ചൂര്‍ നടത്തിയ തന്ത്രപരമായ നീക്കമാണ് എന്‍എസ്എസ് ആസ്ഥാനത്ത് നേരിട്ടെത്തിയുള്ള കീഴടങ്ങലെന്നും വിലയിരുത്തപ്പെടുന്നു.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: