കാസര്‍കോട്: കടലാടിപ്പാറയില്‍ ആഷാപുരയ്ക്ക് ഖനനാനുമതി നല്കിയ പ്രദേശം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സന്ദര്‍ശിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമാണ് സ്വകാര്യ കുത്തക കമ്പനിക്ക് ഖനനാനുമതി നല്‍കിയത്. സ്വകാര്യ കമ്പനികള്‍ക്ക് ഖനനാനുമതി നല്കാന് പാടില്ലെന്ന പാര്‍ട്ടി നയത്തിന് വിരുദ്ധമായാണ് എളമരം നടപടി കൈക്കൊണ്ടത്. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ജനങ്ങളോട് മാപ്പ് പറയാന്‍ പിണറായി വിജയന് തയ്യാറാകണമെന്നും സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കുത്തക കമ്പനികള്‍ക്ക് ഖനനാനുമതി നല്കിയ എളമരം കരീമിനെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കാന്‍ പിണറായി തയ്യാറാവണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഖനനാനുമതിക്ക് വേണ്ടി സര്‍ക്കാരിനെ സമീപിച്ച് തൊഴിലവസരങ്ങള്‍ വാഗ്ദാനം നല്കിയപ്പോള് അവസരം നിഷേധിക്കാന്‍ എളമരം കരീമിന് സിപിഎം വഴി ഒരുക്കുകയായിരുന്നു. ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ടുള്ള ഒരു ഖനനവും നടത്താന്‍ ബിജെപി അനുവദിക്കില്ല. കടലാടിപ്പാറയിലെ ഖനനാനുമതി അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
പാറമട, ഖനി മുതലാളിമാര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്തുകൊണ്ടിരിക്കുന്നത്. ക്വാറി മുതലാളിമാരില്‍ നിന്നും ലക്ഷങ്ങള്‍ സിപിഎം വാങ്ങിയതായും സുരേന്ദ്രന് ആരോപിച്ചു. അടക്ക നിരോധിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നടപടിക്ക് വ്യക്തമായ മറുപടി നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. സിഗരറ്റ് മാഫിയയെ സഹായിക്കാന്‍ റോബര്‍ട്ട് വദേരയും ചിദംബരവും നടത്തിയ ഗൂഢാലോചനയാണ് അടക്ക നിരോധിക്കണമെന്ന ആവശ്യം.
വിദേശ കമ്പനികളുമായുള്ള ധാരണയാണ് ഇതിനു പിന്നില്‍. അടക്ക നിരോധിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞുകൊന്ന സംഭവം ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്തും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: