കല്‍പ്പറ്റ : എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയം രജത ജൂബിലി നിറവില്‍. നിലയത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികവും കല്‍പ്പറ്റ പുത്തൂര്‍വയലിലെ സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ കേന്ദ്രത്തിന്റെ പതിനഞ്ചാം വാര്‍ഷികവും 27,28 തിയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഷികത്തിന്റെ ഭാഗമായി കുടുംബകൃഷി പ്രോത്സാഹനത്തെക്കുറിച്ചുള്ള സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും. ഗവേഷണനിലയത്തില്‍ രൂപപ്പെടുത്തിയ ബോട്ടാണിക്കല്‍ ഗാര്ഡന് കൃഷിമന്ത്രി പി.കെ.മോഹനന് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പതിമൂന്ന് മലയോര ജില്ലകളിലെ മാതൃകാ കുടുംബകൃഷിക്കാരെ ഡോ. എം.എസ്.സ്വാമിനാഥന് ആദരിക്കും. എം.ഐ.ഷാനവാസ് എംപി അധ്യക്ഷത വഹിക്കും.
2014 അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷമായി ആചരിക്കാന്‍ ലോക ഭക്ഷ്യ കാര്‍ഷിക സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. വീട്ടിലേക്കുവേണ്ട ഭക്ഷ്യവിഭവങ്ങള്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കൃഷി ചെയ്യുന്ന രീതിയാണ് കുടുംബകൃഷി. ഇത്തരം കൃഷിരീതി കേരളത്തില്‍ നേരത്തെ വ്യാപകമായിരുന്നു. കുടുംബകൃഷിയിലൂടെ ഉത്പ്പാദിപ്പിക്കുന്ന പല ഭക്ഷ്യോത്പന്നങ്ങളും വ്യാവസായികാടിസ്ഥാനത്തിലേക്ക് വഴിമാറി. മത്തന്‍, കുമ്പളം തുടങ്ങിയവ തന്നെ പതിനഞ്ചോളം ഇനങ്ങള്‍ ഇത്തരത്തില്‍ കൃഷി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയൊന്നും വിപണിയില്‍ ലഭ്യമല്ല. പല നെല്ലിനങ്ങളും ഇത്തരത്തില്‍ നാമാവശേഷമാവുകയാണ്. ഈ സാഹചര്യത്തിലാണ് കുടുംബകൃഷി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
രണ്ടുദിവസമായി വിവിധ സെഷനുകളായാണ് ചര്‍ച്ചകള്‍ നടക്കുക. 27ന് കര്‍ഷകരും കാര്ഷികവിദഗ്ധരുമായുള്ള സംവാദം സംഘടിപ്പിക്കും. ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. വി.എന്‍.രാജശേഖരന് പിള്ള മുഖ്യാതിഥിയായിരിക്കും. സസ്യജനിതക വിഭവങ്ങളുടെ പ്രോത്സാഹനവും സുസ്ഥിര ഉപയോഗവും എന്ന വിഷയത്തില്‍ ശില്പശാലയില് ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. ഉമ്മന്‍ വി. ഉമ്മന്‍ അധ്യക്ഷത വഹിക്കും. 28ന് കുടംബ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട കൃഷിരീതികളുടെ സുസ്ഥിരത എന്ന വിഷയത്തിലും ഭക്ഷ്യഉപഭോഗവും ഭക്ഷ്യസുരക്ഷയും പോഷക സുരക്ഷയും എന്ന വിഷയത്തിലും മൂല്യവര്‍ധനയും സുസ്ഥിര ഉപജീവനമാര്‍ഗവും എന്ന വിഷയത്തിലും കുടുംബകൃഷിയിലെ സ്ത്രീപുരുഷപങ്കാളിത്തം എന്ന വിഷയത്തിലും ശില്പശാല സംഘടിപ്പിക്കും. സമാപന സമ്മേളം മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. എം.വി. ശ്രേയാംസ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
വിവിധ സെഷനുകളിലായി പ്രഫ. എം.എസ്. സ്വാമിനാഥന്, കൃഷിവകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, കേരള സര്‍വകലാശാല മുന്‍ വിസി ഡോ. ബി. ഇഖ്ബാല്‍, സി.കെ. ജാനു, ഡോ. കെ.യു.കെ. നമ്പൂതിരി, മീന സ്വാമിനാഥന്, സാറ ജോസഫ്, അന്വേഷി പ്രസിഡന്റ് കെ. അജിത തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പുത്തൂര്‍വയല്‍ സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ കേന്ദ്രം ഡയറക്ടര്‍ ഡോ. എന്‍.അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.എസ്.ചന്ദ്രിക, ട്രെയിനിംഗ് കോഓര്‍ഡിനേറ്റര്‍ പി.രാമകൃഷ്ണന്, സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ.പി. സ്മിത, സയന്റിസ്റ്റ് ജോസഫ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: