ഹൈദരാബാദ്: പത്മശ്രീ പുരസ്ക്കാരം തിരിച്ചു നല്‍കണമെന്ന് തെലുങ്കു നടന്മാരായ മോഹന്‍ ബാബുവിനോടും ബ്രഹ്മാനന്ദനോടും ആന്ധ്രാപ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചു. ബഹുമതിയുടെ പേര് വ്യക്തികള്‍ ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് എന്‍. ഇന്ദ്രസേന റെഡ്ഢി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
മോഹന്‍ബാബുവിന് 2007ലും ബ്രഹ്മാനന്ദിന് 2009ലുമാണ് പത്മശ്രീ ലഭിച്ചത്. മോഹന്‍ബാബുവിന്റെ മകന് മഞ്ജു വിഷ്ണു നിര്‍മ്മിച്ച് 2012 ല്‍ പുറത്തിറങ്ങിയ ‘ദേനിക്കിന റെഡ്ഢി’ എന്ന സിനിമയുടെ ക്രെഡിറ്റില്‍ നടന്മാര് പേരിനു മുമ്പ് പത്മശ്രീ എന്നു ചേര്‍ത്തത് വിവാദമായിരുന്നു.
രാജ്യം നല്കിയ ബഹുമതിയുടെ പേര് വ്യക്തികള്‍ തങ്ങളുടെ പേരിനു മുന്നിലോ, പിന്നിലോ ചേര്‍ക്കരുതെന്നും വ്യക്തിവിവരങ്ങളുടെ കൂടെയോ, ക്ഷണക്കത്തുകള്‍, പോസ്റ്ററുകള്‍, പുസ്തകങ്ങള്‍ എന്നിവയിലോ ചേര്‍ക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് കല്യാണ്‍ ജ്യോതി സെന്‍ഗുപ്ത, ജസ്റ്റിസ് പി. സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
വിഷയത്തില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് ഡിസംബര്‍ 30 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: