ന്യൂദല്‍ഹി: അരുണാചല്‍ വികാസ് പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രതിരോധ മന്ത്രി എ.കെ.ആന്റണി രാജ്യസഭയിലേയും ലോക്സഭയിലേയും പ്രതിപക്ഷ നേതാക്കളായ അരുണ്‍ ജെറ്റ്ലി, സുഷമാ സ്വരാജ് എന്നിവരെ കണ്ട വനവാസി പ്രതിനിധി സംഘം ചൈനയുടെ അതിക്രമത്തിനെതിരെ പ്രതികരിക്കാനും അതിര്‍ത്തിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും അഭ്യര്‍ത്ഥിച്ചു.
വനവാസി കല്യാണ്‍ ആശ്രമത്തിന്റെ അരുണാചല്‍ ഘടകമായ അരുണാചല്‍ വികാസ് പരിഷത്തിന്റെ അധ്യക്ഷന്‍ പ്രതീക് പോതമിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ തേചി ഗോബിന്, തര്ഹ് തകിയ, സന്ദീപ് കപീശ്വര്, സോഹന്‍ ക്രോംഗ്, ഗ്യാതി റാണാ, ജഗദേവ്റാം ഉറാവ്, രഞ്ചിത് ഭട്ടാചാര്യ, വിഷ്ണുകാന്ത്, രമേഷ് ബാബു എന്നിവരെ കൂടാതെ ഡോ. ജോറാം അന്യാ താന, രത്ന ഭട്ടാചാര്യ, അഞ്ജലി രമേഷ് എന്നിവരുമുണ്ടായിരുന്നു.
അഞ്ചാവ് ജില്ലയിലെ ചക്ലാഗാം മേഖലയില്‍ ചൈന നടത്തുന്ന തുടര്‍ച്ചയായ കടന്നുകയറ്റത്തെക്കുറിച്ച് രാജ്യത്തിന്റെ ശ്രദ്ധയാകര്ഷിക്കുകയെന്ന ലക്ഷ്യവുമായാണ് പ്രതിനിധിസംഘം ദല്‍ഹിയിലെത്തിയത്. ആഗസ്റ്റ് 11ന് ഏതാണ്ട് ഇരുന്നൂറോളം ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ച് അരുണാചലിലെ ചക്ലാഗാം മേഖലയില്‍ തമ്പടിക്കുകയുണ്ടായി. ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് വിവരമറിഞ്ഞെങ്കിലും പ്രതിരോധവകുപ്പ് കടന്നുകയറ്റത്തെ സ്ഥിരീകരിച്ചിരുന്നില്ല. ചൈനീസ് സൈന്യം ആഗസ്റ്റ് 16 വരെ അവിടെ തമ്പടിച്ചിരുന്നുവെന്നാണ് ഗ്രാമീണര്‍ പറയുന്നത്.
ഏറെ താമസിയാതെതന്നെ അരുണാചല്‍ വികാസ് പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഒരുസംഘം ആ മേഖലയില്‍ എത്തുകയും വിശദവിവരങ്ങള്‍ ആരായുകയും ചെയ്തു. 2010ല്‍ അരുണാചല്‍ വികാസ് പരിഷത്ത് ‘സീമാന്ത ദര്ശന് യാത്ര’ സംഘടിപ്പിച്ചു. 96 പേര് വ്യത്യസ്ത അതിര്‍ത്തി മേഖലകളിലെ 13 ബ്ലോക്കുകള്‍ സന്ദര്‍ശിച്ച് ഏതാണ്ട് 16 വിവിധ ജനവിഭാഗങ്ങളുമായി സംഭാഷണം നടത്തി.
അന്ന് ഗവര്‍ണായിരുന്ന റിട്ട. ജനറല്‍ ജെ.ജെ.സിംഗിനെ കണ്ട് യാത്രയിലെ അനുഭവങ്ങളും പഠനറിപ്പോര്‍ട്ടും സമര്‍പ്പിച്ചു. അതിര്‍ത്തിയില്‍ സൈന്യത്തിന് പകരം പോലീസിനെ നിയമിച്ചിരിക്കുന്നത് സീമാന്തദര്ശന യാത്രയില്‍ പങ്കെടുത്തവര്‍ക്കൊക്കെ ആശ്ചര്യകരമായി തോന്നി. ഐടിബിപി ആകട്ടെ ജനനിബിഢമായ സ്ഥലത്താണ് തമ്പടിച്ചിരിക്കുന്നത്.
അവിടെ ഏതാണ്ട് മുപ്പതോളം പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ രണ്ട് മാസത്തിലൊരിക്കല്‍ യഥാര്‍ത്ഥ നിയന്ത്രണരേഖവരെ 75 കി.മീറ്ററോളം കാല്‍നടയായി യാത്ര ചെയ്ത് അതിര്‍ത്തിയില്‍ മേല്‍നോട്ടം വഹിക്കുന്നു. ഐടിബിപി ക്യാമ്പിന് അപ്പുറവും ഇന്ത്യന്‍ ഗ്രാമങ്ങള്‍ വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും അവരുടെ സുരക്ഷക്കായി ഇന്ത്യന്‍ പ്രതിരോധ വകുപ്പിന് യാതൊരു സ്ഥിരസങ്കേതവുമില്ലെന്നതാണ് ഏറെ അതിശയകരം.
ഐടിബിപിയെ മാറ്റി അതിര്‍ത്തിയില്‍ സൈന്യത്തെ നിയോഗിക്കുക, യുദ്ധകാലാടിസ്ഥാനത്തില്‍ അതിര്‍ത്തിയിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുക, അതിര്‍ത്തിയോട് ചേര്‍ന്ന് വീക്ഷണകേന്ദ്രങ്ങളും പട്രോളിംഗ് പോസ്റ്റുകളും വര്‍ധിപ്പിക്കുക, അതിര്‍ത്തിയിലെ ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുക, അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ സേനയുടെ ഭാഗത്തുനിന്ന് വേണ്ട സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുക, ഐടിബിപിയേയും ബിഎസ്എഫിനേയും നവീകരിക്കുക, അതിര്‍ത്തി പ്രദേശങ്ങളിലെ വികസനത്തിനായി ചെലവഴിക്കുന്ന തുക വേണ്ടവിധം ഉപയോഗപ്പെടുത്തുക, ഈ തുക വര്‍ധിപ്പിക്കുക, അതിര്‍ത്തിഗ്രാമങ്ങളില്‍ സുരക്ഷാകമ്മറ്റികളും ഹോംഗാര്‍ഡും സംഘടിപ്പിച്ച് വേണ്ട പരിശീലനം നല്‍കുക, അരുണാചല്‍പ്രദേശിലെ കളിക്കാര്‍ക്ക് ചൈനയില്‍ കളിക്കാന്‍ അനുമതി നല്കുന്ന ചൈനയുടെ കുതന്ത്രത്തിനെതിരെ ശക്തമായി പ്രതികരിക്കുക, എന്‍സിസി, എസ്എസ്ബി മുതലായ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക, പ്രതിരോധവകുപ്പിന്റെ ബജറ്റ് വര്‍ധിപ്പിച്ച് ഭാരതീയ സേനയെ ചൈനക്ക് സമമായി നവീകരിക്കുക, തുടര്‍ച്ചയായി പൊതുവിതരണ പദ്ധതിയിലൂടെ അതിര്‍ത്തിഗ്രാമങ്ങളില്‍ അവശ്യവസ്തുക്കള്‍ എത്തിക്കുക, അതിര്‍ത്തിയില്‍ വ്യാപകമായി നടക്കുന്ന മയക്കുമരുന്ന് കടത്ത് നിര്ത്തലാക്കുന്നതിനാവശ്യമായ വ്യവസ്ഥ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിനിധിസംഘം നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: