ശിവഗിരി : ശിവഗിരി തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ ശേഷിക്കേ ഗുരുദേവ ദര്‍ശനത്തിനായി പീതാംബരധാരികള്‍ എത്തിത്തുടങ്ങി. പതിവിന് വിപരീതമായി തീര്‍ത്ഥാടന പരിപാടികള്‍ നാളെ മുതല്‍ ആരംഭിയ്ക്കും. തീര്‍ത്ഥാടന ദിനത്തിലെന്ന പോലെ തന്നെ ഗുരുദേവ ദര്‍ശനത്തിനായി നാരായണീയര്‍ എത്തുകയായിരുന്നു. കൊട്ടാര സമാനമായ സമ്മേളന പന്തലിന്റെ അവസാന ഘട്ട മിനുക്കുപണികള്‍ നടക്കുകയാണ്.
കാര്‍ഷിക മേളയുടെ സ്റ്റാളുകളും മറ്റു സ്റ്റാളുകളും ഏകദേശം തയ്യാറാക്കിക്കഴിഞ്ഞു. വിവിധ മേഖലകളില്‍ നിന്നും വിവിധ എസ് എന്‍ ഡി പി യൂണിയനുകളുടെ നേതൃത്വത്തിലും ഗുരുഭക്തരുടെ വകയായും തീര്‍ത്ഥാടനത്തിനാവശ്യമായ ഉത്പന്നങ്ങള്‍ എത്തിച്ചുകൊണ്ടിരിയ്ക്കുകയാണ്. സ്വാമിമാരുടെ മേല്‍ നോട്ടത്തില്‍ ഇത്തവണത്തെ തീര്‍ത്ഥാടനം കുറ്റമറ്റതാക്കാനുള്ള അക്ഷീണപ്രയത്നങ്ങളാണ് നടക്കുന്നത്.കഴിഞ്ഞ 20ന് ആരംഭിച്ച കാര്‍ഷിക പ്രദശനമേള കാണുവാനും അറിയുവാനും പ്രദര്ശിനിയിലേയ്ക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തീര്‍ത്ഥാടന ദിനങ്ങളില്‍ മുഴുവന്‍ സമയവും തീര്‍ത്ഥാടകര്‍ക്ക് സേവനം ഒരുക്കി ശിവഗിരി ശ്രീ നാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയിലെ അത്യാഹിത വിഭാഗവും അഞ്ചുതെങ്ങ് ഡോക്ടര്‍ എം പി വേലുമെമ്മോറിയല് ചികിത്സാകേന്ദ്രവും സര്‍ക്കാര്‍ ആയുര്‍വേദ അലോപ്പതി ഹോമിയോ ചികിത്സകേന്ദ്രങ്ങളും തയ്യാറായി കഴിഞ്ഞു. 81-ാമത് ശിവഗിരി തീര്‍ത്ഥാടനം ഗുരുദേവപ്രസ്ഥാനത്തിന്റെ മഹത് സംരംഭങ്ങളുടെ നിറവിലാണ് കൊണ്ടാടപ്പെടുന്നത്.
ശ്രീനാരായണയുഗത്തിന് തുടക്കം കുറിച്ച അരുവിപ്പുറം പ്രതിഷ്ഠയുടെ ശതോത്തര ജൂബിലും ആലുവ അദ്വൈതാശ്രമത്തിന്റെ ശതാബ്ദിയും മഹാനായ ഡോക്ടര്‍ പല്‍പ്പുവിന്റെ നൂറ്റിയമ്പതാം ജയന്തിയും ഈ വേളയില്‍ തന്നെ ആഘോഷിയ്ക്കുകയാണ്. പീതാംബരധാരികളായി പത്തുദിവസത്തെ വ്രതം അനുഷ്ഠിച്ച് ശിവഗിരിയില്‍ എത്തിച്ചേര്‍ന്ന് തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍ അറിവുനേടി അത് പ്രയോഗത്തില്‍ വരുത്തി ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കണമെന്ന ഗുരുദേവ കല്‍പ്പന സാക്ഷാത്കരിയ്ക്കുവാന്‍ ലക്ഷക്കണക്കിന് ഗുരുദേവ ഭക്തരെ ഉള്‍ക്കൊള്ളാന്‍ ശിവഗിരി സജ്ജമായിക്കഴിഞ്ഞു.
ഹരി.ജി.ശാര്‍ക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: