തിരുവനന്തപുരം: വിദ്യാഭ്യാസവായ്പകള്ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പലിശയ്ക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ആവശ്യപ്പെട്ടു. വായ്പ തിരിച്ചടയ്ക്കാത്തു മൂലം പ്രതിസന്ധിയിലായെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. വിദ്യാഭ്യാസവായ്പ പൂര്‍ണമായി എഴുതിത്തള്ളുമെന്നു വിശ്വസിച്ചു തിരിച്ചടവിനു കഴിവുള്ളവര്‍ പോലും അതിനു തയ്യാറാകുന്നില്ല. മൊറട്ടോറിയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തവരും വായ്പ തിരിച്ചടയ്ക്കുന്നില്ലെന്നും ബാങ്കുകള്‍ കുറ്റപ്പെടുത്തുന്നു. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട കിട്ടാക്കടത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ദേശസാത്കൃത ബാങ്കുകളുടെ നഷ്ടം വര്‍ധിക്കുന്നുവെന്നതാണ് പരാതിയുടെ അടിസ്ഥാനം.
2004 മുതല്‍ 2009വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസവായ്പ എടുത്തവര്‍ക്കു മാത്രമാണു മൊറട്ടോറിയം ബാധകമാകുക. വായ്പ തിരിച്ചടക്കാന്‍ കഴിവുള്ളവരും മൊറട്ടോറിയം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വായ്പാ തിരിച്ചടക്കാന്‍ മുന്നോട്ടുവരുന്നില്ല. ജോലിയുള്ളവരും വാര്‍ഷികവരുമാനം മൂന്നുലക്ഷത്തില്‍ കൂടുതലുള്ളവര്‍ പോലും തിരിച്ചടവിനുമുതിരുന്നില്ല. 2009 മാര്‍ച്ച് 31നു ശേഷം വായ്പ എടുത്തവരും വായ്പ എഴുതിത്തള്ളുമെന്ന പ്രചരണത്തില്പ്പെട്ടു തിരിച്ചടക്കാന്‍ തയ്യാറാകുന്നില്ല. മൊറട്ടോറിയത്തിന്റെ പശ്ചാത്തലത്തില്‍ ജപ്തി നടപടികള്‍ നടത്താന്‍ ബാങ്കുകള്‍ക്കു കഴിയുന്നില്ല. വിദ്യാഭ്യാസവായ്പയുടെ കാര്യത്തില്‍ 420 കോടി രൂപ ഇടുക്കി ജില്ലയിലെ ബാങ്കുകള്‍ക്കു കിട്ടാകടമായുണ്ട്. 22 %മായി കിട്ടാക്കടം വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിലെ പല ദേശസാത്കൃത ബാങ്കുകളും നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. എല്ലാ വിദ്യാഭ്യാസ വായ്പകളും എഴുതിതള്ളുമെന്നും തിരിച്ചടക്കേണ്ടതില്ലെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വായ്പാ നടപടിക്രമങ്ങളിലെ കാര്‍ക്കശ്യം സംബന്ധിച്ചു യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാരായ കെ.എം. മാണിയും കെ.സി. ജോസഫും ബാങ്കുകളെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ പല ബാങ്കുകളും വിദ്യാഭ്യാസവായ്പയ്ക്കു വ്യത്യസ്ത പലിശയാണ് ഈടാക്കുന്നതെന്നു മന്ത്രി കെ.എം.മാണി കുറ്റപ്പെടുത്തി.
അടിസ്ഥാനപലിശനിരക്കില്‍ ബാങ്കുകള്‍ വിദ്യാഭ്യാസവായ്പ നല്‍കണം. അര്‍ഹരായവര്‍ക്ക് വായ്പ നല്കുന്നതില് ബാങ്കുകള്‍ വിമുഖത കാണിക്കുകയാണ്. 2004 മുതല്‍ 2009 വരെ വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്ക് പ്രഖ്യാപിച്ച പലിശ സബ്സിഡി തുക വിതരണം ചെയ്തുവരികയാണ്. വായ്പാതിരിച്ചടവിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നടപ്പാക്കുന്നതില്‍ ബാങ്കുകള്‍ വേണ്ടത്ര സഹകരിക്കുന്നില്ല. വ്യക്തി മരണപ്പെടുകയാണെങ്കില്‍ വായ്പ പൂര്‍ണമായും ബാങ്കുകള്‍ എഴുതിത്തള്ളണമെന്നും മാണി ആവശ്യപ്പെട്ടു. ക്ഷീരമേഖലയ്്ക്ക് നല്കുന്ന വായ്പ കാര്‍ഷികവായ്പാ വിഭാഗത്തിലുള്പ്പെടുത്തണമെന്നു മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. 2016 ഓടുകൂടി ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കനറാ ബാങ്ക് എംഡി ആര്.കെ. ദുബൈ, വി. സോമസുന്ദരം, ഡോ.ആശാ തോമസ്, കെ.ആര്. ജ്യോതിലാല്‍, എ. അജിത്കുമാര്‍, പി. ബാലകിരണ്‍, പി.ജി. തോമസ്, കെ.ബി. വത്സലകുമാരി, ഉമ ശങ്കര്‍, കെ.ആര്. റാവു, വി.കെ. ചോപ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: