കോട്ടയം: മുപ്പത്തിഒന്നാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന് 27ന് കോട്ടയത്ത് തിരിതെളിയും. തിരുനക്കര സ്വാമിയാര് മഠത്തിലെ ശ്രീരാമ ഹനുമദ് ദേവസ്ഥാനത്ത് തയ്യാറാക്കിയ മഥുരാപുരിയില്‍ 27ന് പുലര്‍ച്ചെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകിട്ട് 3ന് ശ്രീകൃഷ്ണവിഗ്രഹം വഹിച്ചെത്തുന്ന രഥഘോഷയാത്രയെയും കൊടിമര ഘോഷയാത്രയെയും യജ്ഞവേദിയിലേക്ക് സ്വീകരിച്ചാനയിക്കും. വൈകിട്ട് 4.30ന് സത്ര സമാരംഭ സഭയ്ക്ക് തൃശൂര്‍ തെക്കേ മഠത്തിലെ ശങ്കര ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമിയാര് ഭദ്രദീപം തെളിയിക്കും. തന്ത്രിമുഖ്യന്‍ താഴമണ്‍ മഠം കണ്ഠര് മഹേശ്വരര് ശ്രീകൃഷ്ണ വിഗ്രഹപ്രതിഷ്ഠ നടത്തും. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ഗ്രന്ഥസമര്‍പ്പണം നിര്‍വ്വഹിക്കും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സത്രസമിതി പ്രസിഡന്റ് കുട്ടപ്പന് മേനോന് സത്രസന്ദേശം നല്‍കും. ഭാഗവത സത്രദിവസങ്ങളില്‍ ഭാഗവതത്തിലെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പണ്ഡിതരുടെ പ്രഭാഷണങ്ങളും രാത്രി 8.30ന് ഭജനയും ഉണ്ടായിരിക്കും.
ജനുവരി 5ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന സത്രസമാപന സഭ ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യും. യോഗക്ഷേമസഭാ സംസ്ഥാന അദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ അജിത് കുമാര്‍ ഉപഹാര സമര്‍പ്പണം നിര്‍വ്വഹിക്കും.
സത്രവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുള്ള രഥഘോഷയാത്ര 22ന് ഗുരുവായൂരില്‍ നിന്നും പ്രയാണം ആരംഭിച്ചു. അഞ്ച് ജില്ലകളിലെ നൂറ്റി എഴുപതോളം ക്ഷേത്രങ്ങളിലെത്തി ഭക്തരുടെ വഴിപാടുകള്‍ സ്വീകരിച്ച് 27ന് ഉച്ചയ്ക്ക് ഒരു മണിയോടെ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെത്തും.
യജ്ഞവേദിയില്‍ ഉയര്‍ത്താനുള്ള ധ്വജം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 26ന് വൈകിട്ട് 5ന് തൈക്കാട്ടുശ്ശേരി നടുഭാഗം അര്‍ദ്ധനാരീശ്വര – സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ചലച്ചിത്ര സംവിധായകന് വിനയന് ഉദ്ഘാടനം ചെയ്യും. 27ന് 12.30ന് ധ്വജ ഘോഷയാത്ര നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തില്‍ എത്തും. യജ്ഞവേദിയിലേക്ക് ആരംഭിക്കുന്ന ധ്വജ-രഥ ഘോഷയാത്ര എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന് പ്രസിഡന്റ് എ.ജി.തങ്കപ്പന് ഉദ്ഘാടനം ചെയ്യും.
25ന് രാവിലെ 11ന് സത്രവേദിയില്‍ മഹാപ്രസാദമൂട്ടിനുള്ള കലവറ നിറയ്ക്കല്‍ ഹിന്ദു എക്കണോമിക്കല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എ.മോഹന്‍ദാസ് നിര്‍വ്വഹിക്കും. സത്രവേദിയില്‍ ആരംഭിച്ച സമ്പൂര്‍ണ്ണ നാരായണീയ പാരായണം 26ന് സമാപിക്കും. സമാപന ദിനത്തില്‍ നടക്കുന്ന ശ്രീമന്നാരായണീയ പാരായണ മഹാസംഗമം രാവിലെ 7ന് എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ ഉദ്ഘാടനം ചെയ്യുമെന്നും സത്രനിര്‍വ്വഹണ സമിതി ചെയര്‍പേഴ്സണ്‍ രേണുക വിശ്വനാഥന് അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ റ്റി.സി.ഗണേഷ്, വൈസ് ചെയര്മാന് പി.ജി.ബാലകൃഷ്ണപിള്ള, ട്രഷറര്‍ പി.ബി.പരമേശ്വരന്, പി.ജെ.ഹരികുമാര്‍, എ.അരവിന്ദന്, എന്‍.സോമശേഖരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: