പനമരം : വിവിധതരം രോഗങ്ങള്‍ക്ക് പ്രകൃതി കനിഞ്ഞുനല്കിയ ഔഷധക്കൂട്ടുകളുമായി പ്രശസ്ത ഗോത്രവൈദ്യന്മാര് പൈതൃകോത്സവഗ്രാമത്തില്. നിരവധി മരുന്നുകള്‍ കഴിച്ചിട്ടും മാറാത്ത അസുഖങ്ങള്‍ക്ക് ഇവര്‍ പ്രതിവിധി നിര്‍ദേശിച്ചുവരുന്നു. പാരമ്പര്യ വൈദ്യത്തിന്റെ മേന്മ അറിയിക്കുന്ന ഒമ്പത് സ്റ്റാളുകളാണ് പൈതൃകോത്സവത്തിന്റെ ഭാഗമായി പനമരത്തുള്ളത്. നാഡീപരിശോധനയിലൂടെ മനുഷ്യ ശരീരത്തിലെ രോഗങ്ങള്‍ നിര്‍ണ്ണയിച്ച് മരുന്നുകള്‍ നല്‍കുകയാണ് ഇവിടുത്തെ വൈദ്യന്മാരുടെ രീതി.
പ്രമേഹം, മൂത്രക്കല്ല്, ആസ്ത്മ, വാതരോഗങ്ങള്‍ തുടങ്ങിയ എല്ലാ രോഗങ്ങള്‍ക്കും ഇവിടെ ചികിത്സ ലഭ്യമാണ്. ഒരു വ്യക്തിയുടെ നാഡി പരിശോധിക്കുമ്പോള്‍ അസുഖം മനസ്സിലാക്കുന്നതോടൊപ്പം എത്ര ദിവസത്തെ ഔഷധസേവ ആവശ്യമാണെന്നും മനസിലാക്കി തലമുറകളിലേക്ക് പാരമ്പര്യ വൈദ്യത്തിന്റെ നാട്ടറിവുകള്‍ പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. പാലക്കാട് അട്ടപ്പാടി, വയനാടിന്റെ വിവിധ മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആദിവാസി സമൂഹത്തിലെ പാരമ്പര്യ വൈദ്യന്മാരാണ് പൈതൃകോത്സവത്തിലുള്ളത്.
ഇരുളര്‍, കുറിച്ച്യര്‍, കുറുമര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് ഈ വൈദ്യന്മാര്. അട്ടപ്പാടി ചെല്ലപ്പന് വൈദ്യര്, വാളാട് രാജന് വൈദ്യര്, അഗളി രംഗി വൈദ്യര്, അമ്പലവയല്‍ വെള്ളന് വൈദ്യര്, നായ്ക്കട്ടി ചന്തു വൈദ്യര്, അമ്പലവയല്‍ രാധ വൈദ്യര്, മാനന്തവാടി കുഞ്ഞിരാമന് വൈദ്യര്, കാട്ടിക്കുളം ഇ.സി.രാമന് വൈദ്യര്, വാഴവറ്റ സുനില്‍ വൈദ്യര് തുടങ്ങിയവരുടെ ഇവിടെ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: