തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ ജീവിത-സന്ദേശങ്ങളുടെ നേര്‍രേഖയായി വിശ്വം വിവേകാനന്ദം കലായാത്രയ്ക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല തുടക്കം. വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിലാണ് കലായാത്ര സംഘടിപ്പിക്കുന്നത്. ഗാന്ധിപാര്‍ക്കില്‍ നടന്ന പ്രൗഢ ചടങ്ങില്‍ പി.പരമേശ്വരന് യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രമുഖ കലാകാരന് കനകദാസ് പേരാമ്പ്ര സംവിധാനം ചെയ്ത് ആവിഷ്കരിച്ചിരിക്കുന്ന നൃത്തശില്പം വിവേകാനന്ദന്റെ ജീവിതവും അദ്ദേഹം നല്കിയ സന്ദേശവും കോര്‍ത്തിണക്കിയതാണ്. വിവേകാനന്ദന്റെ ജനനം, രാമകൃഷ്ണപരമഹംസരുമായുള്ള സംഗമം, കേരള സന്ദര്‍ശനം, കന്യാകുമാരിയിലെ തപസ്, ചിക്കാഗോ പ്രസംഗം എന്നിവയെല്ലാം അതിമനോഹരമായ രീതിയില്‍ നൃത്തരൂപത്തില്‍ മുന്നിലെത്തുന്നു. അതോടൊപ്പം ഭാരതത്തിന്റെ ആദ്ധ്യാത്മിക, ഭൗതിക ഔന്നിത്യവും മാതൃസങ്കല്‍പ്പത്തിന്റെ മഹത്വവും ചിത്രീകരിക്കപ്പെടുന്നു.
ബാലഗോകുലത്തിന്റെ ഈ സംരംഭം സ്വാമി വിവേകാനന്ദന്റെ മൂന്നാം കേരള സന്ദര്‍ശനമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പി.പരമേശ്വരന് പറഞ്ഞത്. കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിനും സാംസ്കാരിക ഉയര്‍ത്തെഴുന്നേല്‍പ്പിനും വിവേകാനന്ദന് നല്കിയ സംഭാവനകള്‍ അമൂല്യമാണ്. 1892 ഡിസംബറില്‍ സ്വാമി വിവേകാനന്ദന് കേരളത്തില്‍ വന്നപ്പോള്‍ താഴ്ന്ന ജാതിക്കാരോടുള്ള അവഗണനയും അവരുടെ അവസ്ഥയും കണ്ടാണ് കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത്. 1936 ല്‍ സുപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തോടെ അയിത്തം ഉച്ചാടനം ചെയ്യാന്‍ പ്രേരണ നല്കിയതും സ്വാമി വിവേകാനന്ദന്റെ വാക്കുകളായിരുന്നു. വിവേകാനന്ദന് ഇല്ലായിരുന്നുവെങ്കില്‍ ഭാരതം സ്വതന്ത്രയാവില്ലായിരുന്നു എന്നതും ഹിന്ദുമതം ഇന്നത്തെ നിലയില്‍ നിലനില്ക്കില്ലായിരുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. വിവേകാനന്ദ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് പകര്ന്നുനല്കാനുള്ള പരിശ്രമങ്ങള്‍ വേണം.
ബാലികാബാലന്മാരിലേക്ക് ഇത് പകരണം. രക്ഷകര്ത്താക്കള്ക്കളാണ് ഭാവിയിലെ വിവേകാനന്ദന്മാര്ക്ക് രൂപവും ഭാവവും നല്‍കേണ്ടത്. പി.പരമേശ്വരന് പറഞ്ഞു.
ബാലഗോകുലം സംസ്ഥാന രക്ഷാധികാരി പ്രൊഫ.സി.എന്‍.പുരുഷോത്തമന് ആധ്യക്ഷ്യം വഹിച്ചു. പി.പരമേശ്വരന് രചിച്ച വേണം ചുണക്കുട്ടികളെ എന്ന പുസ്തകത്തിന്റെ പ്രകാശനം തിരക്കഥാകൃത്ത് കൃഷ്ണപൂജപ്പുരയും വിവേകാനന്ദ കവിതകളുടെ സമാഹാരമായ വിവേകാനന്ദം സിഡിയുടെ പ്രകാശനം കവി പി.നാരായണക്കുറുപ്പും ബാലഗോകുലം ഗീതങ്ങളടങ്ങിയ ഗോകുലം സിഡിയുടെ പ്രകാശനം ഗായിക ഡോ.ബി.അരുന്ധതിയും നിര്‍വഹിച്ചു. കവി പി.കെ.ഗോപി ആശംസ അര്‍പ്പിച്ചു. ബാലേഗോകുലം പൊതുകാര്യദര്‍ശി ഹരികുമാര്‍ സ്വാഗതവും ജില്ലാ സഹകാര്യദര്‍ശി കെ.സുനില്‍ നന്ദിയും പറഞ്ഞു. കലായാത്ര തുടങ്ങും മുമ്പ് സംഘം കവടിയാറില്‍ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: