കോഴിക്കോട്: മില്‍മ മലബാര്‍ മേഖലായൂണിയന് ഭരണത്തിനായുള്ള ഇടത്-വലത് മുന്നണിപ്പോരാട്ടത്തില്‍ ബിജെപി നിലപാട് നിര്‍ണ്ണായകം. ഈ മാസം 27ന് നടക്കുന്ന യൂണിയന് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും പാനലായാണ് ഇഞ്ചോടിഞ്ച് മല്‍സരിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ എങ്ങിനെയും അത് പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യം.
ആറ് ജില്ലകളിലെ ക്ഷീര സംഘങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഡയറക്ടര്‍ ബോര്ഡിലേക്കെത്തുക. വോട്ടവകാശമുള്ള ആകെ അംഗങ്ങള്‍ 865. ജില്ലാടിസ്ഥാനത്തില്‍ നോക്കുമ്പേള്‍ യുഡിഎഫിന് മുന്‍തൂക്കമുണ്ട്. ബിജെപിക്ക് 25 പ്രതിനിധികള്‍. കഴിഞ്ഞ തവണ എല്‍ഡിഎഫിന്റെ ചില സ്ഥാനാര്‍ത്ഥികള്‍ തോറ്റത് ഒന്നോ രണ്ടോ വോട്ടിന്റെ വ്യത്യാസത്തിലാണ്. ഈ സാഹചര്യത്തിലാണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇരുമുന്നണികളും കിണഞ്ഞു ശ്രമിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ വിജയപരാജയം നിര്‍ണ്ണയിക്കുന്ന ബിജെപി വേട്ടുകള്‍ അതുകൊണ്ട് തന്നെ പ്രാധാന്യമര്‍ഹിക്കുന്നു.
നിലവില്‍ യൂണിയന്റെയും മില്‍ക്ക് മര്‍ക്കറ്റിംഗ് ഫെഡറേഷന്റെയും ചെയര്‍മാനായ പിടി.ഗോപാലക്കുറുപ്പിനെ മുന്‍ നിര്‍ത്തിയാണ് യുഡിഎഫ് പാനല്‍. എല്‍ഡിഎഫ് പാനലില്‍ എംഎസ്.മണി,അബ്രഹാംവര്ഗ്ഗീസ് എന്നിവരാണ് പ്രമുഖര്‍. ഈ പാനലില്‍ സിപിഎമ്മിന് പന്ത്രണ്ടും സിപിഐക്ക് രണ്ടും സ്ഥാനാര്‍ത്ഥികളാണുള്ളത്. എന്നാല്‍ യുഡിഎഫ് പാനലില്‍ കോണ്‍ഗ്രസ്സ് മാത്രമേയുള്ളൂ. മുസ്ലിംലീഗിന് പതിനഞ്ചോളം ക്ഷീരസംഘങ്ങളില്‍ ഭരണമുണ്ടെങ്കിലും ബോര്‍ഡിലേക്ക് മല്സരിസക്കാന് സീറ്റ് കിട്ടിയിട്ടില്ല. ഇതിനായുള്ള ലീഗിന്റെ ആവശ്യം ഇത്തവണയും പരിഗണിക്കാതിരുന്നതില്‍ നീരസമുണ്ട്. ഭരണനേട്ടങ്ങളും വികസനവും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫിന്റെ കണക്ക്കൂട്ടല്‍. നിലവിലെ പന്ത്രണ്ടംഗബോര്ഡില് എട്ട് കോണ്‍ഗ്രസിന്റെയും നാല് എല്‍ഡിഎഫിന്റെയും അംഗങ്ങളാണുള്ളത്.ഇത്തവണ രണ്ട് വനിതകളെക്കൂടി ഉള്‍പ്പെടുത്തി പതിനാലംഗ ബോര്ഡാക്കിയിട്ടുണ്ട്.
മില്‍മയുടെ എറണാംകുളം,തിരുവനന്തപുരം യൂണിയനുകളെക്കാള്‍ ജില്ലാപ്രാതിനിധ്യമുള്ളതാണ് മലബാര്‍ മേഖല. ഇതിന് കീഴില്‍ മലപ്പുറം, പാലക്കാട്,കണ്ണൂര്‍,കാസര്‍കോട്,കോഴിക്കോട്,വയനാട് ജില്ലകള്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ പാല് ഉല്‍പ്പാദിപ്പിക്കുന്ന യൂണിയനും ഇതാണ്.
വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് വരെയാണ് ബോര്‍ഡ് തെരഞ്ഞെടുപ്പ്. അന്ന് തന്നെ ഫലപ്രഖ്യാപനം ഉണ്ടാകും.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: