ന്യൂദല്‍ഹി: ജനങ്ങള്‍ ബഹിഷ്ക്കരിച്ച കോണ്‍ഗ്രസിന്റെ കൂട്ടുപിടിച്ച് ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചു. ദല്‍ഹി നിവാസികള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുമതി നല്‍കിയെന്ന് അരവിന്ദ് കേജ്രിവാള് പറഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ച ശേഷം ലഫ്.ഗവര്‍ണ്ണറെ കണ്ട് അരവിന്ദ് കേജ്രിവാള് സര്‍ക്കാര്‍ രൂപീകരണ സന്നദ്ധത ഇന്നുതന്നെ അറിയിക്കാനാണ് സാധ്യത.
ജനങ്ങളുടെയെല്ലാം ആഗ്രഹം കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ സ്വീകരിച്ച് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണെന്ന് പറഞ്ഞ കേജ്രിവാള് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും വ്യക്തമാക്കി. ദല്‍ഹിക്കാര്‍ ഇതിലും കൂടുതല്‍ തങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും അതെല്ലാം പൂര്‍ത്തീകരിക്കുമെന്നും കേജ്രിവാള് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കണമോ എന്നറിയാനായി ‘വേണം’ അല്ലെങ്കില്‍ ‘വേണ്ട’ എന്ന് അഭിപ്രായം രേഖപ്പെടുത്താനുള്ള കടലാസ് എല്ലാ വോട്ടര്‍മാര്‍ക്കും എത്തിച്ചയാതും എണ്‍പത് ശതമാനത്തിനടുത്ത് വേണം എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നുമാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം പറയുന്നത്. ഇന്ത്യയില്‍ ഇത്തരത്തില്‍ ആദ്യമായാണ് ജനങ്ങളില്‍ നിന്നും അഭിപ്രായം രേഖപ്പെടുത്തി സര്‍ക്കാരുണ്ടാക്കുന്നതെന്നും ആപ് നേതൃത്വം പറയുന്നു.
എന്നാല്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ ലോക്പാല്‍ ബില്ല് പാസാക്കുമെന്ന് പറഞ്ഞിരുന്ന ആം ആദ്മി പാര്‍ട്ടി ബില്ല് പാസാക്കാന്‍ കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ ഭിന്നതയാണ് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: