ജോഹന്നസ്ബര്‍ഗ്: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റാണ് ഏകദിനത്തേക്കാള്‍ വീറും വാശിയും കണ്ട പോരാട്ടത്തിനൊടുവില്‍ സമനിലയില്‍ കലാശിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 458 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 450 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ദിവസത്തെ അവസാന രണ്ട് ഓവറില്‍ ദക്ഷിണാഫ്രിക്കക്ക് വിജയിക്കാന്‍ 16 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ സഹീര്ഖാന് എറിഞ്ഞ അവസാനത്തേതിന് തൊട്ടുമുന്പത്തേ ഒാവറില്‍ റണ്ണൊന്നും നേടാന്‍ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞില്ല. ഇതോടെ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ആതിഥേയര്‍ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ മുഹമ്മദ് ഷാമി എറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സെടുക്കാനേ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞുള്ളൂ. ഇതോടെ ത്രസിപ്പിക്കുന്നപോരാട്ടം കണ്ട ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 280 & 421, ദക്ഷിണാഫ്രിക്ക 244 & 450/7.
138ന് രണ്ട് എന്ന നിലയില്‍ അവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണഫ്രിക്കക്ക് മൂന്നാം വിക്കറ്റ് എളുപ്പത്തില്‍ നഷ്ടപ്പെട്ടു. 76 റണ്‍സുമായി ബാറ്റിംഗ് തുടന്ന ആല്‍വിരോ പീറ്റേഴ്സനാണ് ആദ്യം മടങ്ങിയത്. മുഹമ്മദ് ഷാമിയുടെ പന്തില്‍ ബൗള്‍ഡായാണ് പീറ്റേഴ്സണ് കൂടാരം കയറിയത്. പിന്നീട് ഡുപ്ലെസിസും ജാക്ക് കല്ലിസും ചേര്‍ന്ന് സ്കോര്‍ 197 റണ്‍സിലെത്തിച്ചു. ഏകദിന ശൈലിയില്‍ ബാറ്റ് വീശി 37 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 34 റണ്‍സെടുത്ത കല്ലിസിനെ സഹീര്‍ ഖാന് വിക്കറ്റിന് മുന്നില്‍ കുടുക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ സഹീറിന്റെ 300-ാമത് ഇരയായിരുന്നു കല്ലിസ്. ഇതോടെ ഇന്ത്യ വിജയം സ്വപ്നം കണ്ടുവെങ്കിലും ഡുപ്ലെസിസും എ.ബി. ഡിവില്ലിയേഴ്സും ചേര്‍ന്ന് അത് തല്ലിക്കെടുത്തി. എന്നാല്‍ വിജയത്തിനായി ശ്രമിക്കുന്നതിന് പകരം സമനില ലക്ഷ്യമാക്കിയായിരുന്നു ഡുപ്ലെസിസും ഡിവില്ലിയേഴ്സും കളിച്ചത്. പിന്നീട് ഇരുവരും ചേര്‍ന്ന് സ്കോര്‍ 300 കടത്തി. ഇതിനിടെ ഡുപ്ലെസിസും ഡിവില്ലിയേഴ്സും അര്‍ദ്ധസെഞ്ച്വറികളും പൂര്‍ത്തിയാക്കി. പിന്നീട് ഇരുവരും സെഞ്ച്വറിയും കരസ്ഥമാക്കി. ഒടുവില്‍ അഞ്ചാം വിക്കറ്റില്‍ 205 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ദക്ഷിണാഫ്രിക്കയെ വിജയത്തിന്റെ വക്കിലെത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 168 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളോടെ 103 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സിനെ ഇഷാന്ത് ശര്‍മ്മ ക്ലീന്‍ ബൗള്ഡാക്കിയതോയൊണ് ഇന്ത്യന്‍ ശ്വാസം നേരെവീണത്. അഞ്ച് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഡുമ്നിയെയും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത ഡുമ്നിയെ ഷാമി ബൗള്‍ഡാക്കി. വിജയത്തിന് 16റണ്‍സ് അകലെ വച്ച് തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നേറുകയായിരുന്ന ഡുപ്ലെസിസും മടങ്ങി. 309 പന്തുകളില്‍ നിന്ന്15 ബൗണ്ടറികളുമടക്കം 134 റണ്‍സെടുത്ത് കുതിക്കുകയായിരുന്ന ഡുപ്ലെസിസിനെ രഹാനെ റണ്ണൗട്ടാക്കി. പിന്നീട് 25 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഫിലാന്‍ഡറും 6 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സ്റ്റെയിനും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നതോടെ മത്സരം ആവേശകരമായ സമനിലയില്‍ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി മൂന്നും സഹീര്‍ഖാനും ഇഷാന്ത് ശര്‍മ്മയും ഓരോ വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: