കൊല്‍ക്കത്ത: കാല്‍പ്പന്ത് പ്രേമികളില്‍ ആവേശം നിറച്ച് ലോകകപ്പ് ഫുട്ബോള്‍ ട്രോഫി ഇന്ത്യയിലെത്തി. ലോക പര്യടനത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെ കൊല്‍ക്കത്തയിലാണ് ട്രോഫി എത്തിച്ചത്. ഇനി രണ്ട് നാള് കൂടി ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്കയില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും. ഐടിഇസി സോണാറില്‍ ട്രോഫി ആദ്യ പ്രദര്‍ശനത്തിന് വച്ചു. ഇന്ന് രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ പോലീസ് ഗ്രൗണ്ടിലെ വേദിയിലേക്ക് മാറ്റും. ഒമ്പത് മാസം നീളുന്ന പര്യടനത്തിനിടെ 88 രാജ്യങ്ങളില്‍ ലോകകപ്പ് കിരീടം സഞ്ചരിക്കും.
ഫിഫ ട്രോഫിക്കൊരുക്കിയ സ്വീകരണ ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. 1970ല്‍ ബ്രസീലിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച കാര്‍ലോസ് ആല്‍ബര്‍ട്ടോ ടോറസും ചടങ്ങിന്റെ ഭാഗമായി. ഗായകനും ടെലിവിഷന്‍ അവതാരകനുമായ മിര്‍ അഫ്സര്‍ അലി മുഖ്യാതിഥിയായി. 2017ലെ അണ്ടര്‍ 17 ലോകകപ്പ് യുവാക്കളെ ഫുട്ബോള്‍ കളങ്ങളിലേക്ക് തിരിച്ചെത്തിക്കുമെന്ന് ഗാംഗുലി പറഞ്ഞു. ഫുട്ബോള്‍ പകരുന്ന ആവേശവും പ്രചോദനവും വളരെ വലുതാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
നമുക്കറിയാം ഇത്തവണ ബ്രസീലിലാണ് ലോകകപ്പ്. അതിന്റെ അബംസഡര്മാരിലൊരാളാണ് ഞാന്‍. കഴിയുമെങ്കില്‍ എല്ലാപേരും ബ്രസീലിലേക്ക് വരണം. എക്കാലത്തെയും മികച്ച ലോകകപ്പായി മാറ്റാന്‍ ഞങ്ങള്‍ യത്നിക്കുന്നുണ്ട്. സമീപഭാവിയില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് കളിക്കാന്‍ സാധിച്ചെങ്കിലെന്ന് ആഗ്രഹിക്കുന്നു, കാര്‍ലോസ് ആല്‍ബര്‍ട്ടോ ടോറസ് പറഞ്ഞു. ലോകകപ്പിന്റെ ഔദ്യോഗിക ഗാനാലാപനത്തിലൂടെ പ്രശസ്ത ഗായിക ഉഷ ഉതുപ്പും ചടങ്ങിന് മിഴവുപകര്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: