ശബരിമല: സന്നിധാനത്ത് ഭക്തജനത്തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പമ്പയില്‍ തീര്‍ഥാടകരെ വടംകെട്ടി തടഞ്ഞ് നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇന്നലെ പുലര്‍ച്ചെ നടതുറന്നപ്പോള്‍ മുതലാണ് പമ്പ നടപ്പന്തലില്‍ തീര്‍ഥാടകരെ തടഞ്ഞുനിയന്ത്രിച്ചത്. സന്നിധാനത്ത് തീര്‍ത്ഥാടകരുടെ നീണ്ടനിര ശരംകുത്തിയിലെത്തിയതോടെയാണ് പമ്പയില്‍ തീര്‍ഥാടകരെ തടഞ്ഞ് നിയന്ത്രിച്ചത്. തുടര്‍ന്ന് സന്നിധാനത്ത് തിരക്ക് കുറയുന്നതിനനുസരിച്ചാണ് പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തിവിട്ടത്. സത്രം, പുല്ലുമേട്, പരമ്പരാഗത പാതവഴിയുള്ള തീര്‍ഥാടകരുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് പുല്ലുമേട് പാണ്ടിത്താവളം വഴി എത്തുന്നവരില്‍ അധികവും. തിരക്ക് വര്‍ധിച്ചതോടെ സന്നിധാനത്തെയും പമ്പയിലെയും പോലീസുകാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ദ്രുതകര്‍മ്മ സേന, എന്‍ ഡി ആര് എഫ് ഉള്‍പ്പെടെ 1886 സേനാംഗങ്ങള്‍ സന്നിധാനത്തുണ്ടാകും. 24 ഡി വൈ എസ് പിമാര്‍, 30 സി ഐമാര്‍, 158 എസ് ഐമാര്‍ എന്നിവരും കൂടാതെ ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസുകാരെയും സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ട്. 85 പേരടങ്ങുന്ന ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്പോസ്ബിള്‍ ടീം സന്നിധാനത്തുണ്ട്. മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു പറഞ്ഞു. പ്രസാദവിതരണത്തിന് തടസം വരാതിരിക്കാന്‍ അപ്പത്തിന്റെ ഉത്പാദനം വര്‍ധിപ്പിച്ചു. ദിനംപ്രതി ഒന്നേകാല്‍ ലക്ഷം കവര്‍ അപ്പം ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ അപ്പകാരകള് സ്ഥാപിച്ചു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കുറി 25 ശതമാനം തീര്‍ഥാടകര്‍ അധികമായി ദര്‍ശനത്തിനെത്തിയതായും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധനവ് വരുമാനത്തിനുണ്ടായതായും സുഭാഷ് വാസു പറഞ്ഞു. മണ്ഡലപൂജയുടെ തിരക്ക് പരിഗണിച്ച് കെ എസ് ആര് ടി സി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇപ്പോള്‍ പമ്പാ-നിലക്കല്‍ ചെയിന്‍ സര്‍വീസിനായി 100 ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തിരക്കേറുന്നതോടെ ബസുകളുടെ എണ്ണം 150 ആയി വര്‍ധിപ്പിക്കും. ദീര്‍ഘദൂര സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: